സ്ത്രീകളുടെ ചേലാ കര്‍മ്മം; ഹര്‍ജി സുപ്രിംകോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിക്കും

ദാവൂദി ബോറാ മുസ്ലിങ്ങള്‍ക്കിടയില്‍ ഇപ്പോഴും തുടര്‍ന്ന് വരുന്ന ഈ അനാചാരം അവസാനിപ്പിക്കണമെന്നാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
സ്ത്രീകളുടെ ചേലാ കര്‍മ്മം; ഹര്‍ജി സുപ്രിംകോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി: സ്ത്രീകളുടെ ചേലാ കര്‍മ്മം നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി സുപ്രിംകോടതിയുടെ ഭരണഘടനാ ബഞ്ച് പരിഗണിക്കും.  ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ വാദം കേട്ടശേഷമാണ് കേസ് ഭരണഘടനാ ബഞ്ചിന് വിടാന്‍ തീരുമാനം ആയത്. സ്ത്രീകളുടെ ചേലാ കര്‍മ്മം സ്വകാര്യതയുടെ ലംഘനമാണെന്ന് കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു. ദാവൂദി ബോറാ മുസ്ലിങ്ങള്‍ക്കിടയില്‍ ഇപ്പോഴും തുടര്‍ന്ന് വരുന്ന ഈ അനാചാരം അവസാനിപ്പിക്കണമെന്നാണ് പൊതുതാത്പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അഞ്ച് വയസിന് ശേഷം പ്രായപൂര്‍ത്തിയെത്തുന്നതിന് മുമ്പാണ് ദാവൂദി ബോറകള്‍ പെണ്‍കുട്ടികളെ ചേലാ കര്‍മ്മത്തിന് വിധേയമാക്കുന്നത്. ഈ 'കിരാത' നടപടി നിയമ വിരുദ്ധവും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഉള്‍പ്പെട്ടതുമാണെന്ന് ഹര്‍ജിക്കാരന്‍ കോടതിയെ ബോധിപ്പിച്ചു. ഭരണഘടന വ്യക്തിക്ക് നല്‍കുന്ന മൗലിക അവകാശങ്ങളുടെ ലംഘനവും ഇതിലുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. സ്ത്രീകള്‍ക്ക് അന്തസ്സോടെ ജീവിക്കുന്നതിന് ഇത്തരം അനാചാരങ്ങള്‍ തടയേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാല്‍ ചടങ്ങ് മതപരമാണെന്നും ഇസ്ലാമിലെ ചില വിഭാഗങ്ങള്‍ തുടര്‍ന്ന് വരുന്നതിനാല്‍ നിയമ വിരുദ്ധമായി പ്രഖ്യാപിക്കരുതെന്നും ചൂണ്ടിക്കാട്ടി ദാവൂദി ബോറ മുസ്ലിങ്ങളിലെ ഒരു വിഭാഗം നേരത്തേ കോടതിയെ സമീപിച്ചിരുന്നു. 2012 ല്‍ സ്ത്രീകളുടെ ചേലാ കര്‍മ്മം നിയമവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണെന്ന്  ചൂണ്ടിക്കാട്ടി യുഎന്‍ പൊതുസഭ നിരോധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com