വിദേശിയല്ല; സ്വദേശിയാണ്; പേര് ജീപ്പ് കോംപസ്

വിദേശിയല്ല; സ്വദേശിയാണ്; പേര് ജീപ്പ് കോംപസ്

ജീപ്പെന്ന് കേട്ടാല്‍ തിളക്കണം ചോര ഓഫ്‌റോഡ് പ്രേമികളില്‍ എന്നാണ് വാഹന ലോകത്ത് ജീപ്പിനുള്ള പേര്. എന്നാല്‍ ആ ചോര ഇന്ത്യക്കാര്‍ക്ക് അത്ര തിളക്കില്ലായിരുന്നു. കാരണം. ഒരു കോടി രൂപയോളം കൊടുത്ത് ചോര തിളപ്പിക്കാന്‍ മാത്രം ശേഷിയുള്ളവര്‍ എത്രയാളുണ്ടാവുമെന്ന് കണക്കുകൂട്ടിയാല്‍ മതി. മാത്രവുമല്ല 20ഉം 30 ലക്ഷം കൊടുത്താല്‍ ചോരയല്ല അതിലപ്പുറവും തിളപ്പിക്കാന്‍ കഴിവുള്ള നല്ല കിടിലന്‍ 4x4 ഇന്ന് വിപണിയിലുണ്ട് താനും.

എങ്കിലും ജീപ്പിന് ജീപ്പ് തന്നെ വേണ്ടേ. അതുകമ്പനിക്കും അറിയാം. പൂര്‍ണമായും ഇറക്കുമതി ചെയ്തത് കുറഞ്ഞ വിലയില്‍ വിറ്റ് നമ്മളെ ചോരതിളപ്പിക്കാമെന്ന് ഫിയറ്റ് ഏതായാലും വിചാരിക്കില്ല. എന്നാല്‍ അവര്‍ക്കൊരു വിചാരം ഇല്ലാതെയും പറ്റില്ല. ഈ മാര്‍ക്കറ്റിംഗിന്റെ ഒരു കാര്യം! അങ്ങിനെ അവര്‍ ഒരു തീരുമാനത്തിലെത്തി. ഇന്ത്യക്കാര്‍ക്കായി ഇന്ത്യയില്‍ ജീപ്പുണ്ടാക്കുക. അങ്ങനെ ആ പദ്ധതി പൂര്‍ത്തിയായി ഇതാ ഇന്ത്യക്കാര്‍ക്കായി ഇന്ത്യയില്‍ നിര്‍മിച്ച ജീപ്പ് എത്തിയിരിക്കുന്നു. പേര് കോംപസ് എന്നാണ്. 

വില എത്രയെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തിക്കാനാണ് എന്തായാലും തീരുമാനം. രഞ്ജന്‍ഗാവിലെ ഫിയറ്റിന്റെ നിര്‍മാണശാലയിലാണ് കോംപസ് നിര്‍മിക്കുന്നത്. റൈറ്റ് ഹാന്‍ഡ് ഡ്രൈവ് ജീപ്പ് ഇന്ത്യയില്‍ മാത്രമാണ് നിര്‍മിക്കുന്നതെന്നു കൂടി പറഞ്ഞോട്ടെ. ഓസ്‌ട്രേലിയ, യുകെ, ജപ്പാന്‍ തുടങ്ങിയ അന്തര്‍ദേശീയ വിപണികളിലേക്കും അഞ്ച് സീറ്റുള്ള ഈ എസ്‌യുവി ഇന്ത്യയില്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യും. 

ഇവിടെ നിര്‍മിച്ചാല്‍ ഇന്ത്യക്കാരെ ചോര തിളപ്പിക്കുക മാത്രമല്ല മറ്റു വിപണിയില്‍ നിര്‍മിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചിലവ് മതി എന്നതാണ് മറ്റൊരു കാര്യം. ജീപ്പ് ഗ്രാന്‍ഡ് ചെറോക്കിയുടേതിന് സമാനമായ രൂപകല്‍പ്പനയാണ് ജീപ്പ് കോംപസിനും നല്‍കിയിരിക്കുന്നത്. 4,398 എംഎം നീളവും 1,819 എംഎം വീതിയും 1,667 എംഎം ഉയരവും ഉണ്ടാകും. 178 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

1.4 ലിറ്റര്‍ മള്‍ട്ടിഎയര്‍ പെട്രോള്‍ എന്‍ജിനിലും 2.0 ലിറ്റര്‍ ഇക്കോ ഡീസല്‍ എന്‍ജിനിലും ജീപ്പ് കോംപസ് എസ്‌യുവി ലഭിക്കും. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, 7 സ്പീഡ് ഡുവല്‍ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഓഫര്‍ ചെയ്യുന്നു. 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ പരമാവധി 160 ബിഎച്ച്പി കരുത്തും പരമാവധി 260 എന്‍എം ടോര്‍ക്കുമേകും. 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ പരമാവധി 170 ബിഎച്ച്പി കരുത്തും പരമാവധി 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. വിവിധ െ്രെഡവിംഗ് മോഡുകളില്‍ ഫോര്‍വീല്‍ െ്രെഡവും കോംപസിന്റെ സവിശേഷതയാണ്.

ബ്ലാക്ക് റൂഫ് ഓപ്ഷന്‍ ലഭ്യമാണ്. ഡിആര്‍എല്‍ പ്രൊജക്റ്റര്‍ ഹെഡ്‌ലൈറ്റുകള്‍, പരമ്പരാഗത സെവന്‍സ്ലോട്ട് ബ്ലാക്ക് ഗ്രില്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. അമ്പതിലധികം സുരക്ഷാ സവിശേഷതകള്‍ കോംപസിലുണ്ടാകും. ടോപ് വേരിയന്റില്‍ (4X4) ആറ് എയര്‍ബാഗുകളും ഉണ്ടായിരിക്കും. ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസ്സിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഔഡി ക്യു3, ഹ്യൂണ്ടായ് ട്യുസോണ്‍, ബിഎംഡബ്ല്യു എക്‌സ് വണ്‍, ഹോണ്ട സിആര്‍-വി എന്നിവയോടാകും കോംപസിന് വിപണിയില്‍ പോരാടേണ്ടി വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com