കേന്ദ്ര സര്‍ക്കാരുമായി അഭിപ്രായ ഭിന്നത: നിതി അയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനാഗിരിയ രാജിവെക്കുന്നു

എന്‍ഡിഎ സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവെച്ചൊഴിയുന്ന രണ്ടാമത്തെ സാമ്പത്തിക വിദഗ്ധനാകും ഇതോടെ പനഗിരിയ.
കേന്ദ്ര സര്‍ക്കാരുമായി അഭിപ്രായ ഭിന്നത: നിതി അയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ് പനാഗിരിയ രാജിവെക്കുന്നു

ന്യൂഡെല്‍ഹി: സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ തലച്ചോറായി പ്രവര്‍ത്തിക്കുന്ന നിതി അയോഗിന്റെ ഉപാധ്യക്ഷ സ്ഥാനത്തു നിന്നും പ്രമുഖ സാമ്പത്തിക വിദ്ഗ്ധന്‍ അരവിന്ദ് പനഗരിയ രാജിവെക്കുന്നു. കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതകളാണ് രാജിക്കു കാരണമെന്നാണ് സൂചന. അതേസമയം, അക്കാദമിക് രംഗത്തേക്കു തരിച്ചു പോകാനാണ് രാജിയെന്നാണ് പനഗരിയ അറിയിച്ചത്. ഈ മാസത്തോടെ നിതിഅയോഗ് വിടാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപരമായ താല്‍പ്പര്യത്തിലാണ് നിതി അയോഗിന്റെ ആദ്യ ഉപാധ്യക്ഷനായി 2015 ജനുവരി അഞ്ചിനു അരവിന്ദ് പനഗിരിയ ചുമതലയേറ്റിരുന്നത്. ഇതിനു മുമ്പ് അമേരിക്കയിലെ കൊളംബിയ സര്‍വകലാശാലയില്‍ അധ്യാപകനായിരുന്ന പനഗിരിയ വീണ്ടും അമേരിക്കയിലേക്കു തന്നെ പോകാനാണ് രാജിവെക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത മാസം അഞ്ചിനു കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ അദ്ദേഹം ചേരുമെന്നാണ് ഇതുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. രാജിയുമായി ബന്ധപ്പെട്ട് നിതി അയോഗിന്റെ ചെയര്‍മാന്‍ കൂടിയായ പ്രധാനമന്ത്രിയുമായി പനഗിരിയ കൂടിക്കാഴ്ച നടത്തിയിരുന്നു. 

എന്‍ഡിഎ സര്‍ക്കാരുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവെച്ചൊഴിയുന്ന രണ്ടാമത്തെ സാമ്പത്തിക വിദഗ്ധനാകും ഇതോടെ പനഗിരിയ. ഇതിനുമുമ്പ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തു നിന്നും പ്രമുഖ സാമ്പത്തിക വിദഗ്ധനായ രഘുറാം രാജന്‍ രാജിവെച്ചിരുന്നു. 

2014ല്‍ ഏഷ്യന്‍ വികസന ബാങ്കില്‍ ചീഫ് എക്കണോമിസ്റ്റായിരുന്ന പനഗിരിയയെ പ്ലാനിങ് കമ്മീഷന്‍ പിരിച്ചുവിട്ടു നിതി അയോഗിലേക്ക് പ്രധാനമന്ത്രി നിര്‍ദേശിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com