പാസ്‌പോര്‍ട്ട് മുതല്‍ ഉച്ചക്കഞ്ഞി വരെ; ആധാറില്ലെങ്കില്‍ ഈ പത്ത് കാര്യങ്ങള്‍ക്ക് നോ രക്ഷ

ഷെയറുകളുടെ കൈമാറ്റത്തിനും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും  ആധാര്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്
പാസ്‌പോര്‍ട്ട് മുതല്‍ ഉച്ചക്കഞ്ഞി വരെ; ആധാറില്ലെങ്കില്‍ ഈ പത്ത് കാര്യങ്ങള്‍ക്ക് നോ രക്ഷ

ഇനി എന്തുമായിട്ടായിരിക്കും ആധാര്‍ കാര്‍ഡിനെ ബന്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുക? ആശങ്കയോടെ പലരും  ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ട് നാളു കുറേയായി. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ച് തുടങ്ങിയ ആ പോക്ക് മൊബൈലിലും സ്‌കോളര്‍ഷിപ്പുകളിലും ഉച്ചക്കഞ്ഞിയിലുമെത്തി.  സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി നിര്‍ദേശമുണ്ടായിട്ടും കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടുപോയില്ല.

ഇപ്പോഴിതാ ഓഹരി വിപണിയേയും സര്‍ക്കാര്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നു. ഷെയറുകളുടെ കൈമാറ്റത്തിനും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ക്കും  ആധാര്‍ നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്.  ഓഹരി വിപണിയിലൂടെ കള്ളപ്പണം വെളുപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് പുതിയ നീക്കം.

ഇതുവരെ എന്തിനെയൊക്കെ ആധാറുമായി ബന്ധിപ്പിച്ചെന്ന് നോക്കാം.

പാസ്‌പോര്‍ട്ട്

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍  നല്‍കേണ്ട നിര്‍ബന്ധിത രേഖകളില്‍ ഒന്നാണ് ഇപ്പോള്‍ ആധാര്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയത്. 

സ്‌കോളര്‍ഷിപ്പുകള്‍
കേന്ദ്ര സര്‍ക്കാര്‍ വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കുന്നതിനും ആധാര്‍ വേണം.

ഉച്ചക്കഞ്ഞി
പ്രതിഷേധം ഉയര്‍ന്നെങ്കിലും സ്‌കൂളുകളിലെ ഉച്ചക്കഞ്ഞി ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറാന്‍ തയ്യാറല്ല. ജൂണ്‍ 30ന് മുന്‍പ് ആധാര്‍ കാര്‍ഡ് ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ഉച്ചക്കഞ്ഞിയില്ലെന്നായിരുന്നു കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിന്റെ ഉത്തരവ്.

റെയില്‍ വേ ടിക്കറ്റ് കണ്‍സഷന്‍​
ദുരുപയോഗം തടയുന്നതിനായി റെയില്‍ വേയില്‍ കണ്‍സഷന്‍ ടിക്കറ്റ് ലഭിക്കുന്നതിനും സര്‍ക്കാര്‍ ആധാര്‍ നമ്പര്‍ നല്‍കണമെന്ന മാനദണ്ഡം കൊണ്ടുവന്നു. ഓണ്‍ലൈനായി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഇനി ആധാര്‍ വേണം.

മൊബൈല്‍ ഫോണ്‍ നമ്പര്‍

മൊബൈല്‍ ഫോണ്‍ കണക്ഷനെ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമാണ് ജനങ്ങളെ വലച്ച മറ്റൊന്ന്. സിം കണക്ഷന്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമായി പറയുന്നുണ്ടെങ്കിലും, കണക്ഷന്‍ കട്ടാകുമെന്ന പേടിയില്‍ മൊബൈല്‍ കണക്ഷനെ ആധാറുമായി ബന്ധിപ്പിക്കുകയാണ് ജനങ്ങള്‍.

എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട്

ജോലിക്കാരുടെ എംപ്ലോയ്‌മെന്റ് പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന നിര്‍ദേശവും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട്
2017 ഡിസംബര് 31ന് മുന്‍പ് രാജ്യത്തെ എല്ലാ ബാങ്ക് അക്കൗണ്ട് ഹോള്‍ഡര്‍മാരും തങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായ് ബന്ധിപ്പിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. 50000 രൂപയ്ക്ക് മുകളിലുള്ള ബാങ്ക് ഇടപാടുകള്‍ക്ക് ആധാര് നിര്‍ബന്ധമാണ്. ആധാര്‍ ഇല്ലാത്തവര്‍ക്ക് ബാങ്ക്  അക്കൗണ്ട് തുടങ്ങാനുമാകില്ല.

ക്ഷേമപദ്ധതികള്‍ക്ക്
പെന്‍ഷന്‍ തുടങ്ങി റേഷന്‍ സബ്‌സിഡി ലഭിക്കുന്നതിന് വരെ ആധാര് കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കി.

പാന്‍കാര്‍ഡ്‌
പുതിയ പാന്‍കാര്‍ഡിനായി അപേക്ഷിക്കുമ്പോള്‍ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കണം.

നികുതി അടയ്ക്കാന്‍

ആധാര്‍ നമ്പര്‍ ഇല്ലാതെ നികുതി അടയ്ക്കാന്‍ സാധിക്കില്ല. പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചതിന് ശേഷം മാത്രമെ ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com