പച്ച നരകത്തിലെ ഭൂതം: മെഴ്‌സിഡസ് ബെന്‍സ് എഎംജി ജിടിആര്‍

പച്ച നരകത്തിലെ ഭൂതം: മെഴ്‌സിഡസ് ബെന്‍സ് എഎംജി ജിടിആര്‍

പെര്‍ഫോമന്‍സ് കാറുകളുമായി കമ്പനികള്‍ ഇന്ത്യയിലേക്കു വരുമ്പോള്‍ ആദ്യം ചെയ്യുന്ന ഒരു പരിപാടിയുണ്ട്. കാറും കൊണ്ടു നേരെ ബുദ്ധ് സര്‍ക്യൂട്ടില്‍ പോകും. വാഹനങ്ങളോട് കമ്പമുള്ള സകലരോടും അങ്ങോട്ടെത്തിക്കോണമെന്നങ്ങ് താഴ്മയായി പറഞ്ഞിട്ടാകും കാറും കൊണ്ട് കമ്പനി പോവുക. ഇന്ത്യയിലെ ഏക എഫ്‌വണ്‍ ട്രാക്കിലാണ് പിന്നെ കാര്യങ്ങള്‍. നൂറേ നൂറില്‍ എന്നൊക്കെ പഴയ ആളുകള്‍ പറയുന്നതാണ്. ന്യൂജനറേഷന്‍ അതിനു വേറെ ഏതാണ്ടൊക്കെയാ പറയുന്നെ. മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ എന്നൊക്കെ പഴയ മോഡല്‍ വാഹനങ്ങളുടെ കാര്യമല്ലേ എന്നാണ് ന്യൂജന്‍ ഇതിനു പറയുന്ന കാരണം.

ഇനി മറ്റൊരു കാര്യം പറയാം. ജര്‍മനിയിലെ നുര്‍ബര്‍ഗ് എന്ന പട്ടണത്തില്‍ ഒരു സര്‍ക്യൂട്ട് ഉണ്ട്. നുര്‍ബര്‍ഗ്രിങ് സര്‍ക്ക്യൂട്ട് എന്നാണ് ഔദ്യോഗിക നാമം. 1984ല്‍ നിര്‍മിച്ചതാണ്. The Green Hell എന്നാണ് വിളിപ്പേര്. അതായത്, പച്ച നരകം. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ റേസ് ട്രാക്കാണ്. പെര്‍ഫോമന്‍സ് കാറുകളുടെ പരീക്ഷണ ശാലയെന്നും പറയാം. ഫോക്‌സ്‌വാഗണ്‍, ബിഎംഡബ്ല്യു, മെഴ്‌സിഡസ്, ബെന്റ്‌ലി, ഫെരാരി, ഫോര്‍ഡ് തുടങ്ങി പെര്‍ഫോമന്‍സ് കാറുകളിലെ തലതൊട്ടപ്പന്മാര്‍ മാത്രം വിലസുന്ന ട്രാക്ക്.

ഇനി കാര്യത്തിലേക്കു വരാം. മെഴ്‌സിഡസിന്റെ എഎംജി ജിടിആറിനെ കുറിച്ചു പറയാനാണ് ഈ ആമുഖം കൊടുത്തത്. ജനനം തൊട്ടു വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഈ നുര്‍ബര്‍ഗ്രിങ് സര്‍ക്യൂട്ടില്‍ കഴിവു തെളിയിച്ചാണ് ജിടിആര്‍ എത്തുന്നത്. 7:09:10 എന്ന റിയര്‍ വീല്‍െ്രെഡവ് ലാപ് റെക്കോര്‍ഡാണ് നുര്‍ബര്‍ഗ്രിങ് ട്രാക്കില്‍ ജിടിആര്‍ കുതിച്ചത്. അപ്പോ പിന്നെ പച്ച നരകത്തിലെ ഭൂതമാകാതെ തരമില്ലല്ലോ.

എന്നിട്ടു നേരെ വന്നത് മുകളില്‍ പറഞ്ഞ ബുദ്ധ് സര്‍ക്ക്യൂട്ടിലേക്കും. 2:09:853 എന്ന ലാപ് സമയം കുറിച്ചതോടെ എഎംജി ജിടിആര്‍ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടില്‍ വലം വെച്ച ഏറ്റവും വേഗതയേറിയ സ്ട്രീറ്റ് ലീഗല്‍ കാറെന്ന വിശേഷണം സ്വന്തമാക്കി. ഈ സര്‍ക്യൂട്ടില്‍ 2:12:711 ലാപ് സമയം കുറിച്ച ഔഡി ആര്‍8 വി10 പ്ലസിന്റെ നേട്ടമാണ് ഇതോടെ പഴങ്കഥയായത്.

ജിടിആറിന്റെ മറ്റു വിശേഷങ്ങള്‍:

ശക്തരില്‍ ശക്തന്‍
മെഴ്‌സിഡസിന്റെ ജിടി കുടുംബത്തില്‍ നിന്നുള്ള ഏറ്റവും കരുത്തനാണ് പുതിയ ജിടിആര്‍. കമ്പനിയുടെ തലസ്ഥാനമായ ജര്‍മനിയിലെ അഫാല്‍ത്തര്‍ബാച്ച് പ്ലാന്റില്‍ നിന്നും ട്യൂണ്‍ ചെയ്‌തെടുത്ത നാല് ലിറ്റര്‍ ബൈ ടര്‍ബോ വി8 എന്‍ജിനാണ് ജിടിആറിന്റെ ഹൃദയം. മെഴ്‌സിഡസിന്റെ പെര്‍ഫോമന്‍സ് കാറുകളുടെ പണിപ്പുരയാണ്  അഫാല്‍ത്തര്‍ബാച്ച് പ്ലാന്റ്. 575 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഈ 4.0 ലിറ്റര്‍ വി8 എന്‍ജിനു ഏഴു സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോ ട്രാന്‍സ്മിഷനാണ് ഗിയര്‍ ബോക്‌സ്.

മിന്നല്‍ ജിടിആര്‍
പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗതയിലെത്താന്‍ പുതിയ ജിടിആറിനു വേണ്ടത് വെറും 3.6 സെക്കന്റ്. മണിക്കൂറില്‍ 318 കിലോമീറ്റര്‍ വേഗതയുള്ള ജിടിആര്‍ മെഴ്‌സിഡസിന്റെ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ മോഡലുമാണ്.

ഡിസൈന്‍
മെഴ്‌സിഡസിന്റെ ക്ലാസിക്ക് റെയ്‌സേഴ്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടു നിര്‍മിച്ച പാനമേരിക്കാന ഗ്രില്ലാണ് ഏറ്റവും മികച്ച ഡിസൈനര്‍ ഫീച്ചര്‍. ഇതോടൊപ്പം നല്‍കിയിരിക്കുന്ന എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ കാറിന് അഗ്രസീവ് ലുക്ക് നല്‍കുന്നു. 2.23 കോടി രൂപയാണ് ഇന്ത്യയിലുള്ള എക്‌സ്‌ഷോറൂം വില. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com