അഡ്മിന് കൂടുതല്‍ അധികാരം നല്‍കി വാട്‌സാപ്പ്

ഗ്രൂപ്പ് അംഗങ്ങളെ ടെക്സ്റ്റ് മെസ്സേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഗിഫുകള്‍, രേഖകള്‍, ശബ്ദസന്ദേശങ്ങള്‍ എന്നിവ അയയ്ക്കുന്നതില്‍ നിന്നും അഡ്മിന് വിലക്കാം
അഡ്മിന് കൂടുതല്‍ അധികാരം നല്‍കി വാട്‌സാപ്പ്

ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കാനൊരുങ്ങുകയാണ് വാട്‌സാപ്പ്. ഇനി മുതല്‍ ഗ്രൂപ്പ് അംഗങ്ങളെ ടെക്സ്റ്റ് മെസ്സേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഗിഫുകള്‍, രേഖകള്‍, ശബ്ദസന്ദേശങ്ങള്‍ എന്നിവ അയയ്ക്കുന്നതില്‍ നിന്നും അഡ്മിന് വിലക്കാം. 

ഗൂഗിള്‍ പ്ലേ ബീറ്റ പ്രോഗ്രാം വഴി വെര്‍ഷന്‍ 2.17.430ല്‍ വാട്‌സാപ്പ് നിയന്ത്രിത ഗ്രൂപ്പ് സെറ്റിങ് പരീക്ഷിക്കുന്നതായി വാബീറ്റഇന്‍ഫോ എന്ന ഫാന്‍ സൈറ്റാണ് വിവരം പുറത്തുവിട്ടത്. വാട്‌സാപ്പ് തങ്ങളുടെ പുതിയ സംവിധാനങ്ങള്‍ പരീക്ഷിക്കുന്ന സൈറ്റാണ് വാബീറ്റഇന്‍ഫോ.

ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് മാത്രമാണ് റെസ്ട്രിക്റ്റഡ് ഗ്രൂപ്പ് സെറ്റിങ് പ്രവര്‍ത്തിപ്പിക്കാനാകൂ. മറ്റംഗങ്ങളെ വിവരങ്ങള്‍ പങ്കുവെക്കുന്നതില്‍നിന്നു തടയുമ്പോഴും അഡ്മിന് സന്ദേശങ്ങളും മറ്റും അയയ്ക്കുന്നതിനു തടസ്സമുണ്ടാകില്ല. സന്ദേശങ്ങള്‍ അയയ്ക്കുന്നതു തടഞ്ഞാലും മറ്റുള്ളവര്‍ അയയ്ക്കുന്ന സന്ദേശങ്ങള്‍ വായിക്കാന്‍ ഇവര്‍ക്ക് തടസ്സമുണ്ടാകില്ല. മറുപടി പറയണമെങ്കില്‍ മെസ്സേജ് അഡ്മിന്‍ ബട്ടണ്‍ ഉപയോഗിക്കാം. അഡ്മിന്റെ അനുമതി ലഭിച്ചാല്‍ ഗ്രൂപ്പില്‍ എല്ലാവര്‍ക്കും മെസ്സേജ് വായിക്കാനാകും.

ഇതോടൊപ്പം മറ്റു ചില മാറ്റങ്ങളും പുതുമകളും ഉള്‍പ്പെടുത്തിയാകും വാട്‌സാപ്പിന്റെ പുതിയ അപ്‌ഡേറ്റ് പുറത്തുവരികയെന്നാണ് സൂചന.

ഗ്രൂപ്പിന്റെ തലക്കെട്ട്, ഐക്കണ്‍, വിവരണം എന്നിവ മാറ്റുന്നതില്‍ നിന്നും അംഗങ്ങളെ തടയാനുള്ള സംവിധാനം വാട്‌സാപ്പ് ഒരുക്കുന്നതായി നേരത്തെ വിവരമുണ്ടായിരുന്നു. തെറ്റായ ഗ്രൂപ്പിലോ വ്യക്തിയ്‌ക്കോ അയയ്ക്കുന്ന സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനവും വാട്‌സാപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. 50 ഭാഷകളിലായി 1.2 ബില്യണ്‍ ഉപഭോക്താക്കളാണ് വാട്‌സാപ്പിനു നിലവിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com