2000 രൂപ വരെയുളള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് ഒഴിവാക്കി കേന്ദ്രം 

2000 രൂപ വരെയുളള ഇടപാടുകള്‍ക്ക് പ്രത്യേക ചാര്‍ജ്ജായ മെര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് ഒഴിവാക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു
2000 രൂപ വരെയുളള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ചാര്‍ജ്ജ് ഒഴിവാക്കി കേന്ദ്രം 

ന്യൂഡല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വീണ്ടും ഇളവ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 2000 രൂപ വരെയുളള ഇടപാടുകള്‍ക്ക് പ്രത്യേക ചാര്‍ജ്ജായ മെര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് ഒഴിവാക്കാന്‍ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളായ ഡെബിറ്റ് കാര്‍ഡ്, യൂണിവേഴ്‌സല്‍ പേയ്‌മെന്റ് സിസ്റ്റം, ഭീം തുടങ്ങിയവ ഉപയോഗിച്ച് ഉപഭോക്താവ് നടത്തുന്ന ഇടപാടുകള്‍ക്കാണ് ഈ ഇളവ്. ഇത്തരം ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇടപാട് നടത്തുന്നതിന് പകരമായി മെര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ് എന്ന നിലയില്‍ കച്ചവടക്കാരില്‍ നിന്നും ബാങ്കുകള്‍  ഈടാക്കുന്ന തുക സര്‍ക്കാര്‍ തിരിച്ചുനല്‍കും.ഫലത്തില്‍  ഉപഭോക്താക്കളുടെ 2000 രൂപ വരെയുളള ഇടപാടുകള്‍ക്ക് എംഡിആര്‍ ഒഴിവാകും. ഇത് ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസകരമാകുമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

ഡിജിറ്റല്‍ ഇടപാട് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ നടത്തുന്ന ക്രയവിക്രയത്തിന് പകരമായി ബാങ്കുകള്‍ കച്ചവടക്കാരില്‍ നിന്നും ഈടാക്കുന്ന പ്രത്യേക നിരക്കാണ് മെര്‍ച്ചന്റ് ഡിസ്‌ക്കൗണ്ട് റേറ്റ്. ഉപഭോക്താക്കളില്‍ നിന്നും വസൂലാക്കി ഈ നഷ്ടം കച്ചവടക്കാര്‍ നികത്തുന്നതാണ് പതിവ്. ഇതോടെ ചെറുകിട ഇടപാടുകള്‍ക്ക് നോട്ടുകള്‍ നല്‍കി എംഡിആര്‍ ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ ശ്രമിക്കുന്നതും സ്ഥിരം സംഗതിയാണ്.  ഇത് ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തിന് ദോഷകരമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് 2000 രൂപ വരെയുളള ഇടപാടുകള്‍ക്ക് എംഡിആര്‍ ഒഴിവാക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

അടുത്തിടെ എംഡിആര്‍ നിരക്കില്‍ ചില ഭേദഗതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.20 ലക്ഷം രൂപ വരെ വിറ്റുവരവുളള ചെറുകിട കച്ചവടക്കാര്‍ക്ക് എംഡിആര്‍ 0.40 ശതമാനമായിട്ടാണ് പുതുക്കി നിശ്ചയിച്ചത്. അതിന് മുകളില്‍ വിറ്റുവരവുളള കച്ചവടക്കാരുടെ എംഡിആര്‍ 0.90 ശതമാനമായും നിജപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com