2017: ജിയോയുടെയും ജിഎസ്ടിയുടെയും വര്‍ഷത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍

റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന പൊന്മുട്ടയിടുന്ന താറാവിന്റെ ബലത്തില്‍ ടെലികോം രംഗത്തേക്കും കാലെടുത്തു വെച്ച മുകേഷ് അംബാനിക്ക് അവിടെയും തൊട്ടതെല്ലാം പൊന്നായി.
2017: ജിയോയുടെയും ജിഎസ്ടിയുടെയും വര്‍ഷത്തില്‍ തിരിഞ്ഞുനോക്കുമ്പോള്‍


ന്ത്യയിലെ പ്രമുഖ കമ്പനികള്‍ ആരോക്കേയാണ് എന്ന ചോദ്യം കേട്ടപാടേ ഏതൊരു കൊച്ചു കുഞ്ഞും പറയുന്ന രണ്ട് ഉത്തരങ്ങളാണ് ടാറ്റയും അംബാനിയും. ഇകഴ്ത്തലിന്റെയും പുകഴ്ത്തലിന്റെയും പേരിലാണെങ്കിലും ഇരു കമ്പനികളും ഈ അംഗീകാരം നഷ്ടപ്പെടാന്‍ ഒരുക്കമല്ല എന്നതാണ് പ്രവൃത്തികളിലുടെ തെളിയിച്ചത്. പരമ്പരാഗത വ്യവസായ കുടുംബമായ ടാറ്റയിലെ അധികാരതര്‍ക്കത്തില്‍ ഇന്ത്യന്‍ വ്യവസായ മേഖല വിറങ്ങലിച്ചു. അധികാരത്തിനായി ഷപ്പൂര്‍ജി പലോണ്‍ജി ഗ്രൂപ്പും ടാറ്റാ കുടുംബവും തമ്മിലുളള വടംവലി മാധ്യമങ്ങള്‍ക്ക് വിരുന്നൂട്ടി. നീണ്ടകാലത്തെ നിയമപോരാട്ടമാണ് പിന്നിട് കണ്ടത്.ഒരു സുപ്രഭാതത്തില്‍ സൈറസ് മിസ്ത്രിയെ ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് നിന്നും പടിയിറക്കിയത് വ്യവസായ മേഖലയില്‍ ഒച്ചപ്പാടുണ്ടാക്കി. ഒന്നും സംഭവിക്കാത്ത മട്ടില്‍ രത്തന്‍ ടാറ്റ രണ്ടും കല്പിച്ച് മുന്നോട്ടുപോയി. എന്‍ ചന്ദ്രശേഖരന്റെ കൈകളില്‍ ടാറ്റയെ ഭദ്രമായി ഏല്‍പ്പിച്ച ശേഷമാണ് രത്തന്‍ ടാറ്റ ശ്വാസം വിട്ടത്. ഇതിന്റെ അലയൊലികള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല എന്നത് മറ്റൊരു നഗ്‌ന സത്യം. 

അംബാനി കുടുംബത്തിന്റെ കാര്യം മറ്റൊന്നാണ്. എല്ലാ പ്രമുഖ സ്ഥാപനങ്ങളും ചേട്ടന് ഓഹരിയായി നല്‍കി എന്ന അനില്‍ അംബാനിയുടെ നീണ്ട കാലത്തെ ആക്ഷേപത്തില്‍ ചില ശരിയില്ലെയെന്നാണ് ഇപ്പോള്‍ ചിലര്‍ ചോദിക്കുന്നത്. ചേട്ടന്‍ മുകേഷ് അംബാനി ആകാശം മുട്ടെ വളരുമ്പോള്‍, അനുജന്‍ അനില്‍ അംബാനി ഉളള പ്രതാപം നഷ്ടപ്പെട്ടത് ഓര്‍ത്ത് നെടുവീര്‍പ്പെടുകയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്ന പൊന്മുട്ടയിടുന്ന താറാവിന്റെ ബലത്തില്‍ ടെലികോം രംഗത്തേക്കും കാലെടുത്തു വെച്ച മുകേഷ് അംബാനിക്ക് അവിടെയും തൊട്ടതെല്ലാം പൊന്നായി. ഫോണെടുക്കുമ്പോള്‍ ജിയോയെ ഓര്‍ക്കാത്തവര്‍ ആരും ഇല്ലായെന്ന് പറഞ്ഞാല്‍പ്പോലും അതിശയോക്തിയില്ല. കുതിപ്പെന്നാല്‍ മുകേഷ് അംബാനിയെ കണ്ടുപഠിക്കാന്‍ പറയുന്നത് വരെ നാട്ടുവര്‍ത്തമാനമായി മാറി. അതേസമയം അനില്‍ അംബാനി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നിര്‍ത്തി ബാധ്യത ഒഴിവാക്കാനുളള നെട്ടോട്ടത്തിലും. 
ചേട്ടന് തന്നെ തന്റെ ടെലികോം ബിസിനസ്സ് ഏല്‍പ്പിച്ച് രക്ഷപ്പെടാനാണ് അനില്‍ അംബാനി ശ്രമിക്കുന്നത്. ഒരു കാലത്ത് സഹോദരന്മാര്‍ തമ്മിലുളള പടലപ്പിണക്കങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചാകരയായിരുന്നു. ഇത് ഒത്തുകളിയായിരുന്നുവോയെന്ന് ചിലര്‍ ഇപ്പോള്‍ സംശയിച്ചാല്‍ പോലും തെറ്റില്ല. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ചേട്ടനായ മുകേഷിനെ ഏല്‍പ്പിക്കാനുളള അനിലിന്റെ നീക്കത്തെ ഈ നിലയില്‍ വ്യാഖ്യാനിക്കുന്നതിലും തെറ്റു പറയാന്‍ കഴിയില്ല. അംബാനി സാമ്രാജ്യത്തെ വളര്‍ച്ചയുടെ ഉത്തുംഗശ്രേണിയില്‍ എത്തിക്കാനുളള ഒത്തുകളിയാണ് ഇരുവരും നടത്തിയത് എന്ന തരത്തിലുളള ചില അടക്കംപറച്ചിലുകള്‍ ബിസിനസ്സ് രംഗത്തുണ്ട്.  ഇന്‍ഫോസിസിലും സ്ഥിതി വ്യത്യസ്തമല്ല. കാരണവരായ നാരായണമൂര്‍ത്തിയെ ശുണ്ഠി പിടിപ്പിക്കുന്ന സംഭവവികാസങ്ങളാണ് ഇന്‍ഫോസിസില്‍ അരങ്ങേറിയത്. ലാഭം കുറഞ്ഞതും ജീവനക്കാരുടെ അതൃപ്തിയും വിശാല്‍ സിക്കയുടെ തൊപ്പി തെറിപ്പിച്ചു എന്ന് പറയുന്നതാകും ശരി. അമേരിക്കന്‍ മോഡല്‍ പരിഷ്‌ക്കാരങ്ങള്‍ നാരായണമൂര്‍ത്തിക്ക് ലേശവും ഇഷ്ടമായില്ലെന്ന് പറഞ്ഞാലും ആരും കുറ്റം പറയില്ല.

ഇന്ത്യന്‍ വ്യവസായമേഖല ഇന്ന് സാങ്കേതികവിദ്യയ്ക്ക് ചുറ്റുമാണ് ഓടുന്നത്. സാങ്കേതികവിദ്യകളെല്ലാം ഉളളംകൈയില്‍ ലഭിക്കുന്ന ഡിജിറ്റല്‍ യുഗം. ഇതിനെ കുറിച്ച് വാതോരാതെ സംസാരിക്കാന്‍ തുടങ്ങിയാല്‍ അവസാനം മൊബൈല്‍ ഫോണില്‍ എത്തിനില്‍ക്കും. ഇന്ത്യയിലെ മൊബൈല്‍ ഫോണ്‍ വില്‍പ്പനരംഗത്ത് ചൈനീസ് അപ്രമാദിത്വം തുടരുകയാണ്. 
സ്വദേശി വാദമൊക്കെ ഒരു വശത്ത് നടക്കുമ്പോള്‍ തന്നെയാണ് ചൈന ഒഴിച്ചുകൂടാന്‍ പറ്റാത്ത ശക്തിയാണ് എന്ന തിരിച്ചറിവ്. ആകര്‍ഷകമായ വിലയില്‍ കൂടുതല്‍ ഫീച്ചറുകളുമായി സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് ചൈനീസ് ഫോണുകളെ പ്രിയങ്കരമാക്കിയത്. 49 ശതമാനമാണ് ചൈനീസ് ഫോണുകളുടെ വിപണിവിഹിതം. ചൈനീസ് കമ്പനി തന്നെയാണ് മൊബൈല്‍ വില്‍പ്പനവളര്‍ച്ചയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് എന്ന് പറഞ്ഞാലും തെറ്റില്ല. 300 ശതമാനം വളര്‍ച്ചയാണ് ഷവോമി രേഖപ്പെടുത്തിയത്. വിപണി വിഹിതത്തിന്റെ കാര്യത്തില്‍ സാംസങുമായി ഒന്നാംസ്ഥാനവും ഷവോമി പങ്കിടുന്നു.23.5 ശതമാനം വീതമാണ് ഇരു കമ്പനികളുടെയും വിപണി വിഹിതം. തൊട്ടുപിന്നില്‍ വിവോയും ഒപ്പോയും എന്തിനും തയ്യാറായി നില്‍ക്കുന്നു. ഷവോമിയുടെ റെഡ്മി നോട്ട് ഫോറാണ് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ സ്മാര്‍ട്ട് ഫോണ്‍. ജനുവരിയില്‍ 9999 രൂപയ്ക്ക് ബെയ്‌സ് മോഡല്‍ അവതരിപ്പിച്ച് ഇന്ത്യന്‍ വിപണിയിലിറങ്ങിയ റെഡ് മി നോട്ട് ഫോറിന് പിന്നിട് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. ചൈനീസ് മോഡലായ ഹുവായുടെ ഹോണറും, മോട്ടറോളയുടെ ലെനോവാ ബ്രാന്‍ഡും ഉപഭോക്താക്കളുടെ ഇടയില്‍ സ്ഥാനം പിടിച്ചു. ഇടക്കാലം കൊണ്ട് മികച്ച കുതിപ്പ് രേഖപ്പെടുത്തിയ കമ്പനിയാണ് ഒപ്പോ. ഏകബ്രാന്‍ഡ് ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ അനുമതി ലഭിച്ച ആദ്യ കമ്പനി എന്ന ഖ്യാതിയില്‍ ആത്മവിശ്വാസത്തോടെയാണ് ഒപ്പോയുടെ കുതിപ്പ്.

മുകേഷ് അംബാനിയെ ഒന്നും കൂടി പരാമര്‍ശിക്കാതെ രക്ഷയില്ല. മുകേഷ് അംബാനിയുടെ ജിയോയുടെ കടന്നുവരവ് ഫോര്‍ജി ഡേറ്റാ വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കമിട്ടത്. ഫോര്‍ജി ഡേറ്റാ സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ കമ്പനികള്‍ മത്സരിക്കുന്നതാണ് ഇന്നത്തെ കാഴ്ച. ചുരുങ്ങിയ കാലം കൊണ്ട് 13 കോടി ഉപഭോക്താക്കളെ വലയിലാക്കി റിലയന്‍സ് ജിയോയാണ് ടെലികോം രംഗത്ത് ഏറ്റവും വേഗത്തില്‍ വളരുന്നത്. പ്രതിദിനം ലക്ഷകണക്കിന് പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും റിലയന്‍സ് ജിയോയിന് സാധിക്കുന്നു.ഇതിന്റെ ചുവടുപിടിച്ച് മറ്റു കമ്പനികളും വിപണി പിടിക്കാന്‍ ആകര്‍ഷകമായ പ്ലാനുകള്‍ പ്രഖ്യാപിച്ച് ഉപഭോക്താക്കളെ വലയിലാക്കാന്‍ കാത്തിരിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിച്ചത്. ആകര്‍ഷകമായ ഫോര്‍ ജി ഡേറ്റകള്‍ തെരഞ്ഞെടുക്കുമ്പോള്‍ വോയ്‌സ് സേവനങ്ങള്‍ സൗജന്യമാക്കിയതാണ് ഉപഭോക്താക്കള്‍ക്ക് കിട്ടിയ ലോട്ടറി.ഫോര്‍ ജി ഡേറ്റ ഉപഭോക്താക്കളുടെ എണ്ണത്തില്‍ അമേരിക്കയെ ഞെട്ടിച്ച് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഇതിനിടെ ഫോര്‍ജി ഡേറ്റ സേവനം ലഭ്യമാക്കുന്ന ഫീച്ചര്‍ ഫോണുകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ മറ്റു കമ്പനികളെ വീണ്ടും കുഴപ്പത്തിലാക്കി. രാജ്യത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്നത് ഫീച്ചര്‍ ഫോണുകളാണ് എന്ന കണ്ടെത്തലാണ് ഇതിന് മുന്നിട്ടിറങ്ങാന്‍ ജിയോയെ പ്രേരിപ്പിച്ചത്. ജിയോയുടെ ഭീഷണിക്ക് തടയിടാന്‍ മറ്റു കമ്പനികള്‍ക്കും ആകര്‍ഷകമായ ഫീച്ചര്‍ ഫോണുകള്‍ പ്രഖ്യാപിക്കേണ്ടിവന്നു. അക്ഷരാര്‍ത്ഥത്തില്‍ ഇതിന്റെ ഗുണവും ലഭിച്ചത് ഉപഭോക്താക്കള്‍ക്കാണ്.

ആഗോള ഓട്ടോമൊബൈല്‍ കമ്പനികള്‍ക്ക് ഇന്ത്യയെന്ന് കേള്‍ക്കുമ്പോള്‍ ആവേശമാണ്. അടുത്തിടെ ഇന്ത്യന്‍ ഓട്ടോമൊബൈല്‍ ബിസിനസ്സിനെ നോട്ടുനിരോധനം ബാധിച്ചുവെങ്കിലും അതിനെയെല്ലാം നിസാരവല്‍ക്കരിച്ചാണ് വിപണിയുടെ പിന്നിടുളള കുതിപ്പ്.പതിവ് പോലെ കാറുകളുടെ വില്‍പ്പന രംഗത്ത് മാരുതി തന്നെയാണ് മുന്‍പന്തിയില്‍. ചെറുകിട ഇടത്തരം കാറുകളുടെ കരുത്താണ് മാരുതിയെ തലയുയര്‍ത്തി നിര്‍ത്താന്‍ സഹായിക്കുന്നത്. തൊട്ടുപിന്നില്‍ ഹ്യൂണ്ടായിയാണ്. ചെറുകിട ഇടത്തരം കാറുകളുടെ ശ്രേണിയില്‍ ആള്‍ട്ടോ, വാഗണ്‍ ആര്‍, സിഫ്റ്റ്, റിറ്റ്‌സ്, സെലീറിയോ, ഇഗ്‌നീസ്, ബലേനോ, ഡിസയിര്‍ എന്നിവയ്ക്കാണ് പ്രിയമേറേ. ഈ കാറുകളെല്ലാം മാരുതിയുടെ അച്ചില്‍ നിന്നുമാണ് വിപണിയിലെത്തുന്നത്. കോപാറ്റ് സെഗ് മെന്റില്‍ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയ്ക്ക് മികച്ച പ്രതികരണമാണ്. നവംബറില്‍ മാത്രം വില്‍പ്പനയില്‍ 32 ശതമാനത്തിന്റെ വര്‍ധനയാണ് ബലേനോ രേഖപ്പെടുത്തിയത്.പുതിയ വെര്‍ണ സെഡാന്‍ മോഡലാണ് ഹ്യൂണ്ടായി കമ്പനിയെ നിവര്‍ന്നുനില്‍ക്കാന്‍ സഹായിച്ചത്. യുവത്വത്തിന്റെ പ്രതീകമായ റോയല്‍ എന്‍ഫീല്‍ഡ് ബുളളറ്റ് ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കി പായുകയാണ്. ബുളളറ്റ് മതിയെന്ന ചിന്ത മറ്റു ബൈക്കുകളുടെ വില്‍പ്പനയെ സാരമായി ബാധിച്ചിട്ടുണ്ട്.


സമ്പദ്‌വ്യവസ്ഥയെ കുറിച്ച് പറയുമ്പോള്‍ നോട്ടുനിരോധനം , ജിഎസ്ടി തുടങ്ങിയവയെ കുറിച്ച് പറയാതെ പോകാന്‍ കഴിയില്ല. സമ്പദ് വ്യവസ്ഥയില്‍ ഇവ സൃഷ്ടിച്ച അലയൊലികള്‍ മുന്‍പൊന്നും ഇല്ലാത്തവിധമാണ്. നോട്ടുനിരോധനത്തിന്റെ ഉദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന നിരവധി ചോദ്യങ്ങളുമായാണ് 2017 പിറന്നത്. ഇവയെ പ്രതിരോധിക്കാന്‍ ബിജെപിയുടെ നേതൃത്വത്തിലുളള കേന്ദ്രസര്‍ക്കാരും , ബിജെപിയെ തല്ലാനുളള വടിയായി കണ്ട് പ്രതിപക്ഷവും അരയും തലയും മുറുക്കി രംഗത്തുവന്നു. ഇതിനിടെ എപ്പോഴും മൗനം അവലംബിക്കുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് വരെ അടങ്ങിയിരിക്കാന്‍ കഴിഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയെ മോണമെന്റല്‍ മിസ്മാനേജ്‌മെന്റ് പോലുളള പദപ്രയോഗങ്ങള്‍ കൊണ്ട് മന്‍മോഹന്‍സിങ് നിര്‍ത്തി പൊരിച്ചു. ഇതിനിടെ മുന്നൊരുക്കങ്ങളില്ലാതെ ജിഎസ്ടി നടപ്പിലാക്കിയതും കേന്ദ്രസര്‍ക്കാരിന് കൂനുമേല്‍ കുരുവായി. ഇതിനെ ന്യായീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവനാഴിയിലെ എല്ലാ ആയുധങ്ങളും ഉപയോഗിച്ച് പ്രചാരണം നടത്തി. അത് വിജയിച്ചോയെന്ന് കാലത്തിന് വിട്ടേക്കാം. ഇതിനെല്ലാം പുറമേ നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദ ജിഡിപി കണക്കുകള്‍ കൂടി പുറത്തുവന്നതോടെ സര്‍ക്കാര്‍ ത്രിശങ്കുവിലായി. പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന സാമ്പത്തിക നിരക്കാണ് രേഖപ്പെടുത്തിയത്. ഇതിനിടെ   പുറത്തുവന്ന ഫിച്ച് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് അപ്രതീക്ഷിതമായി കിട്ടിയ അനുഗ്രഹമായി. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നതായുളള ഫിച്ച് റിപ്പോര്‍ട്ട്് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികളുടെ ശ്രമഫലമായാണെന്ന് വരുത്തി തീര്‍ക്കാനുളള കൊണ്ടുപിടിച്ച പ്രചാരണമാണ് പിന്നിട് കണ്ടത്. ഇതിനിടെ റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരം വെട്ടിച്ചുരുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം നടത്തുന്നുവെന്നത് അടക്കമുളള ആരോപണങ്ങളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ അലയൊലികള്‍ സൃഷ്ടിച്ചു.  സാമൂഹ്യ ക്ഷേമപദ്ധതികള്‍ക്കെന്നല്ല എല്ലാ സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ ശ്രമവും സമ്പദ് വ്യവസ്ഥയില്‍ സജീവ ചര്‍ച്ചയായി. ഇതിനിടെ റെക്കോഡുകള്‍ ഭേദിച്ച് ഓഹരി വിപണി മുന്നേറിയതും പറയാതെ വയ്യ. സെന്‍സെക്‌സ് 34000 പോയിന്റ് മറികടന്നാണ് മുന്നേറിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com