'ആണായിരുന്നെങ്കില്‍ എന്നെ വിവാഹം കഴിക്കുമായിരുന്നോ?'; ചോദ്യങ്ങളെ കരുതലോടെ നേരിട്ട് സൗദിയുടെ സോഫിയ റോബോട്ട്

ഇന്ത്യന്‍ സാരി ധരിച്ച് സുന്ദരിയായി എത്തിയ സോഫിയ സാങ്കേതിക വിദഗ്ധരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന തിരഞ്ഞെടുക്കപ്പെട്ട സദസ്സിന് മുന്‍പില്‍ സംസാരിച്ചു
'ആണായിരുന്നെങ്കില്‍ എന്നെ വിവാഹം കഴിക്കുമായിരുന്നോ?'; ചോദ്യങ്ങളെ കരുതലോടെ നേരിട്ട് സൗദിയുടെ സോഫിയ റോബോട്ട്

സൗദി അറേബ്യന്‍ പൗരത്വം നേടിയ ഹ്യുമനോയിഡ് റോബോട്ട് സോഫിയ ഇന്ത്യയില്‍ എത്തി. ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക്‌ഫെസ്റ്റില്‍ പങ്കെടുക്കാണ് അത്യാധുനിക റോബോട്ട് ഇന്ത്യയില്‍ എത്തിയത്. ഇന്ത്യന്‍ സാരി ധരിച്ച് സുന്ദരിയായി എത്തിയ സോഫിയ സാങ്കേതിക വിദഗ്ധരും വിദ്യാര്‍ത്ഥികളും അടങ്ങുന്ന തിരഞ്ഞെടുക്കപ്പെട്ട സദസ്സിന് മുന്‍പില്‍ സംസാരിച്ചു. 

ലോകത്ത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയെക്കുറിച്ച് സംസാരിച്ച സോഫിയ സഹജീവികളോട് അനുകമ്പ കാണിക്കണമെന്ന് മനുഷ്യരോട് നിര്‍ദ്ദേശിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വഴിയും മറ്റുമായി ശേഖരിച്ച ചോദ്യങ്ങള്‍ക്ക് സൂപ്പര്‍ റോബോട്ട് മറുപടി പറഞ്ഞു. മനുഷ്യരും റോബോര്‍ട്ടുകളും തമ്മില്‍ മത്സരമല്ല, സഹകരണമാണ് വേണ്ടതെന്നും സോഫിയ പറഞ്ഞു. 

ആണായിരുന്നെങ്കില്‍ എന്നെ വിവാഹം കഴിക്കുമായിരുന്നോ എന്ന അവതാരകയുടെ ചോദ്യത്തിന് 'ഞാന്‍ അത് താഴ്മയോടെ നിരസിക്കുന്നു' എന്നാണ് റോബോട്ട് പറഞ്ഞത്. അതേ സമയം റോബോട്ടിന് വേണ്ടിയുള്ള നിക്ഷേപത്തെക്കുറിച്ചുള്ള ചോദ്യത്തെ നിശബ്ദതയോടെയാണ് നേരിട്ടത്. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിലുണ്ടായ പ്രശ്‌നമായിരുന്നു ഇതെന്നാണ് അധികൃതരുടെ ഭാഷ്യം.

ചോദ്യത്തിന് അനുസരിച്ച് മറുപടി പറയാനും അതിനനുസരിച്ചുള്ള മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാനും സോഫിയയ്ക്ക് സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സോഫിയയെ നിര്‍മിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com