ആണവ വിപണിക്ക് അടിപതറുന്നു

ആണവോര്‍ജ ശേഷി കഴിഞ്ഞ വര്‍ഷത്തില്‍ നേരിയ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ആണവ നവോത്ഥാനം എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കെത്തുന്നതല്ല ഇതൊന്നുമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്
ആണവ വിപണിക്ക് അടിപതറുന്നു

ജപ്പാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന തോഷിബ ഗ്രൂപ്പിന് ആണവ വ്യാപാരത്തിലൂടെ 42,091 കോടി രൂപയുടെ നഷ്ടമാണ് ഈയടുത്ത് രേഖപ്പെടുത്തിയത്. ഇലക്ട്രോണിക്‌സ് മുതല്‍ ആണവ റിയാക്ടര്‍ വരെ നിര്‍മിക്കുന്ന കമ്പനിയെ പാപ്പരാക്കുന്നതിലേക്കുവരെ കാര്യങ്ങള്‍ എത്തി. കമ്പനിയുടെ ചെയര്‍മാനായ ഷിഗനോറി ഷിഗ രാജിവെക്കുന്നതിനും ആണവ വ്യാപാര നഷ്ടം കാരണമായി. കഴിഞ്ഞ വര്‍ഷം അവസാനത്തില്‍ അമേരിക്കന്‍ കമ്പനി ഷിക്കാഗോ ബ്രിഡ്ജ് ആന്‍ഡ് അയണിന്റെ ആണവ നിര്‍മാണ സംരംഭമായ സ്‌റ്റോണ്‍ ആന്‍ഡ് വെബ്‌സ്റ്ററിനെ ഏറ്റെടുത്തതാണ് തോഷിബയ്ക്ക് ഭീമമായ നഷ്ടം വരുത്തിവെച്ചത്.

ജപ്പാന്റെ ക്രഡിറ്റ് റേറ്റിംഗില്‍ തന്നെ നിര്‍ണായകമാകുന്ന നഷ്ടമുണ്ടായ തോഷിബ ഇനിയും ആണവ വ്യവസായങ്ങള്‍ ഏറ്റെടുത്ത് കൈപൊള്ളിക്കുമോ എന്ന് സംശയമാണ്. സ്‌റ്റോണ്‍ ആന്‍ഡ് വെബ്‌സ്റ്ററിനെ ഏറ്റെടുത്ത സമയത്ത് തന്നെ ഈ മേഖലയിലെ വിദഗ്ധര്‍ തോഷിബയ്ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടായിരുന്നു. 
2015ല്‍ കമ്പനിയുടെ ലാഭം ഇരട്ടിപ്പിച്ചു കാണിച്ച് പ്രതിസന്ധിയിലായ തോഷിബ കഴിഞ്ഞ വര്‍ഷത്തോടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സൂചനകള്‍ പ്രകടമാക്കിയിരുന്നെങ്കിലും ഒന്നിനു പിറകെ മറ്റൊന്നായി വന്ന പ്രശ്‌നങ്ങള്‍ ആണവ കയറ്റുമതി വ്യാപാരത്തില്‍ വലിയ നേട്ടം ലക്ഷ്യമിട്ടിരുന്ന ജപ്പാനും ഇതിലൂടെ തിരിച്ചടിയായി.

ഇന്ത്യ, ചൈന എന്നിവിടങ്ങളിലായി അടുത്ത ഒരു പതിറ്റാണ്ടിനുള്ളില്‍ ആണവ പ്ലാന്റുകള്‍ നിര്‍മിക്കാനുള്ള 50 കരാറെങ്കിലും ചുരുങ്ങിയത് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് കഴിഞ്ഞ വര്‍ഷം തോഷിബ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്‍, തുര്‍ക്കി തുടങ്ങിയിവിടങ്ങളില്‍ റിയാക്ടറുകള്‍ നിര്‍മിക്കാനും കമ്പനിക്ക് പദ്ധതിയുണ്ടായിരുന്നു.

തോഷിബയും ആഗോള ആണവ വ്യവസായവും
2006ല്‍ ആണവോര്‍ജ കമ്പനി വെസ്റ്റിംങ്ഹൗസ് ഏറ്റെടുത്താണ് ആണവ വ്യവസായത്തിലേക്ക് തോഷിബ ചുവട് വെക്കുന്നത്. പതനം അവിടെയാരംഭിച്ചുവെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ തോഷിബയുടെ ഈ നീക്കത്തെ വിലയിരുത്തിയത്. അമേരിക്കയിലുള്ള കമ്പനിയുടെ ആണവ വ്യവസായത്തിന് വലിയ എഴുതിത്തള്ളലുകളാകും തോഷിബ നേരിടേണ്ടി വരുന്നതെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 
ഫുള്‍സൈസ് റിയാക്ടറുകളിലൂടെ ആണവ നവോത്ഥാനത്തിന് ലക്ഷ്യമിട്ടിരുന്ന അമേരിക്കയ്ക്ക് തോഷിബയുടെ തിരിച്ചടി കനത്ത ആഘാതമായി. 2007-2010 കാലയളവില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിനായി രണ്ട് ഡസന്‍ അപേക്ഷകള്‍ ലഭിക്കുമെന്നായിരുന്നു അമേരിക്ക പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ചുരുക്കം ചില കമ്പനികള്‍ മാത്രമാണ് അനുമതി നേടാനായി അമേരിക്കന്‍ സര്‍ക്കാരിനെ സമീപിച്ചത്. മാത്രമല്ല, ഇവര്‍ അടുത്ത കാലത്തൊന്നും പുതിയ പ്ലാന്റിന് പദ്ധതിയില്ലാത്തവരുമാണ്. 
ലോക ആണവ വ്യവസായത്തില്‍ തോഷിബ മാത്രമല്ല തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പുറത്തിറക്കിയ വേള്‍ഡ് ന്യൂക്ലിയര്‍ ഇന്‍ഡസ്ട്രി സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.


ഊര്‍ജ മൊത്തവിലയില്‍ നാടകീയ ഇടിവുണ്ടായതോടെ പാരമ്പര്യ ആണവ, ഫോസില്‍ ഇന്ധന യൂട്ടിലിറ്റികള്‍ പ്രതിസന്ധിയിലായത്, ഇടപാടുകാരുടെ എണ്ണത്തിലുണ്ടായ കുറവ്, ഊര്‍ജ ഉപഭോഗം കുറഞ്ഞത്, ഉയര്‍ന്ന കടബാധ്യത, ഉല്‍പ്പാദന ചെലവില്‍ വന്ന ഗണ്യമായ വര്‍ധന, പുനരുപയോഗ ഊര്‍ജങ്ങളുമായുള്ള മത്സരം എന്നിവ ഈ മേഖലയ്ക്കു കനത്ത വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നെതെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആണവോര്‍ജ കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഷ്യന്‍ മേഖലയിലുള്ള ജപ്പാനിലെ ഏറ്റവും വലിയ യൂട്ടിലിറ്റി ടെപ്‌കോ (TEPCO) , കന്‍സായ് (Kansai) എന്നവ ഫുകുഷിമ ആണവ ദുരന്തത്തോടെ തകര്‍ന്നടിഞ്ഞു. പിന്നീട് ഇതുവരെ ഇവയ്ക്ക് തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല. 2014 ഡിസംബറില്‍ ഹോംഗ് കോങ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത സിജിഎന്‍ (CGN) എന്ന ചൈനീസ് കമ്പനിക്ക് 2015 ജൂണ്‍ വരെ ഓഹരി മൂല്യത്തില്‍ 60 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. വിര്‍ച്വല്‍ മൊണോപൊളി രീതിയില്‍ പ്രവര്‍ത്തിക്കുന്ന കൊറിയന്‍ കമ്പനി കെപ്‌കോ (KEPCO) മാത്രമാണ് ഈ ട്രെന്‍ഡില്‍ നിന്നും ഏഷ്യന്‍ വിപണിയില്‍ വേറിട്ട് നില്‍ക്കുന്നത്. 


യൂറോപ്പിലും സ്ഥിതി മറിച്ചല്ല. ഫ്രാന്‍സിലുള്ള ഊര്‍ജ ഭീമന്മാരായ ഇഡിഎഫ് (EDF), എന്‍കി (Engie), ജര്‍മനിയിലുള്ള ഇ.ഓണ്‍ (E.ON), ആര്‍ഡബ്ല്യുഇ (RWE) , സ്വീഡനിലുള്ള വാട്ടന്‍ഫാള്‍ (Vattenfall), ഫിന്‍ലാന്‍ഡിലുള്ള ടിവിഒ (TVO), ചെക്ക് റിപ്പബ്ലിക്കിലുള്ള സിഇഎസ് (CEZ)  എന്നിവയെ കഴിഞ്ഞ വര്‍ഷം ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ തരം താഴ്ത്തിയിട്ടുണ്ട്. ഇതോടൊപ്പം ഈ കമ്പനികളുടെയെല്ലാം ഓഹരികള്‍ക്കും വിപണിയില്‍ കനത്ത നഷ്ടം നേരിടേണ്ടി വന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഫ്രഞ്ച് കമ്പനി അറെവ (AREVA) രേഖപ്പെടുത്തിയ നഷ്ടം ഏകദേശം 11 ബില്ല്യന്‍ ഡോളറാണ്. 2007ല്‍ സ്‌റ്റോക്ക് മാര്‍ക്കറ്റിലെ ഉയര്‍ന്ന മൂല്യത്തെ അപേക്ഷിച്ച് 95 ശതമാനം ഇടിവാണ് കമ്പനി നേരിട്ടുകൊണ്ടിരിക്കുന്നത്.  
അമേരിക്കയിലെ ഏറ്റവും വലിയ ആണവ കമ്പനി എക്‌സെലെണ്‍ (Exelon) 2008ലെ ഉയര്‍ന്ന മൂല്യമുള്ള സമയത്തെ അപേക്ഷിച്ച് 60 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

ആണവോര്‍ജ നവോത്ഥാനം അര്‍ത്ഥവത്താണോ
കഴിഞ്ഞ വര്‍ഷത്തെ കണക്കെടുത്താല്‍ ആഗോള ആണവോര്‍ജ ശേഷി 9.2 ജിഗാവാട്‌സ് ഉയര്‍ന്നിട്ടുണ്ട്. അതേസമയം, പുനരുപയോഗ വൈദ്യുതിയുടെ ആഗോള ശേഷി 153 ജിഗാവാട്‌സായി ഉയര്‍ന്നിട്ടുണ്ടന്നാണ് 2015ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേരീതിയലുള്ള വളര്‍ച്ചയുണ്ടായിരിക്കുമെന്നാണ് വിലയിരുത്തലുകള്‍.
ആഗോള ആണവ അസോസിയേഷന്‍ World Nuclear Association (WNA), അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി(International Atomic Energy Agency)എന്നിവയുടെ കണക്കനുസരിച്ച് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ആഗോള ആണവ ശേഷി 12.7 ശതമാനവും, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ 5.6 ശതമാനവും വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമാക്കുന്നു. അതേസമയം, ജപ്പാനിലുള്ള റിയാക്ടറുകളെ കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ കണക്കെന്നും ഇത് തെറ്റാണെന്നും ഡബ്ല്യുഎന്‍എ മുന്‍ ഉദ്യോഗസ്ഥന്‍ സ്റ്റീവ് കിഡ് വാദിക്കുന്നുണ്ട്.
തായ്‌വാന്‍, സ്വീഡന്‍, ജപ്പാന്‍ എന്നിവിടങ്ങളിലുള്ള പ്രവര്‍ത്തനം നിര്‍ത്തിയ 34 റിയാക്ടറുകളെ ഒഴിവാക്കി ന്യൂക്ലിയര്‍ ഇന്‍ഡസ്ട്രി സ്റ്റാറ്റസ് റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ആണവശേഷി 1.2 ശതമാനം മാത്രം വളര്‍ച്ചയാണ് കൈവരിച്ചിട്ടുള്ളത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനടയിലാകട്ടെ 4.6 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 
ആണവോര്‍ജശേഷി നേരിയ തോതില്‍ വര്‍ധിക്കുന്നുണ്ടെന്നാണ് ഡബ്ല്യുഎന്‍എ അഭിപ്രായപ്പെടുന്നത്. സാരമായ എണ്ണം കമ്പനികള്‍ ഈ മേഖലയിലേക്ക് വരുന്നുണ്ടെന്ന് സ്റ്റാറ്റസ് റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. ലോകത്ത് ഇന്ന് 406 ആണവ റിയാക്ടറുകളാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

29 വര്‍ഷമാണ് ഒരു ആണവ റിയാക്ടറിന്റെ ശരാശരി പ്രവര്‍ത്തന സമയം. ഇത്രയും കാലപരിധി കഴിഞ്ഞാല്‍ ഈ റിയാക്ടറുകള്‍ നിര്‍ബന്ധിതമായി പ്രവര്‍ത്തനം അവസാനിപ്പിക്കും. 2035 ആകുമ്പോഴേക്ക് ഇത്തരത്തില്‍ 132 റിയാക്ടറുകള്‍ പ്രവര്‍ത്തനം നിര്‍ത്തിപ്പിക്കുമെന്നാണ് ഡബ്ല്യുഎന്‍എ കരുതുന്നത്. ഈ അടച്ചുപൂട്ടലുകള്‍ മൂലമുണ്ടാകുന്ന കുറവ് പരിഹരിക്കുന്നതിന് അടുത്ത 20 മുതല്‍ 25 വര്‍ഷത്തേക്ക് ആറ് മുതല്‍ 10 വരെ റിയാക്ടറുകള്‍ കമ്മീഷന്‍ ചെയ്യേണ്ടി വരുമെന്നാണ് ന്യൂക്ലിയര്‍ എനര്‍ജി ഇന്‍സൈഡര്‍ വ്യക്തമാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com