ഇനി ഇന്ത്യ പുതിയ നികുതി യുഗത്തില്‍; ജിഎസ്ടി കള്ളപ്പണം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്നായിരുന്നു ചരക്ക് സേവന നികുതിയുടെ പ്രഖ്യാപനം നിര്‍വഹിച്ചത്
ഇനി ഇന്ത്യ പുതിയ നികുതി യുഗത്തില്‍; ജിഎസ്ടി കള്ളപ്പണം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യ ഇനി ഒരൊറ്റ നികുതിക്ക്  കീഴില്‍. പാതിരാവില്‍ സ്വാതന്ത്ര്യം പിറന്ന പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യ കണ്ട ഏറ്റവും വലിയ സാമ്പത്തിക പരിഷ്‌കാരത്തിനായിരുന്നു തുടക്കം കുറിക്കപ്പെട്ടത്. സംസ്ഥാനങ്ങളുടെ അതിര്‍ത്തികള്‍ സൃഷ്ടിച്ചിരുന്ന നികുതിയുടെ നൂലാമാലങ്ങള്‍ ഇല്ലാതാക്കിക്കൊണ്ടാണ് ജിഎസ്ടി രാജ്യത്തെ ഒറ്റ വിപണിയാക്കി മാറ്റിയിരിക്കുന്നത്.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്നായിരുന്നു ചരക്ക് സേവന നികുതിയുടെ പ്രഖ്യാപനം നിര്‍വഹിച്ചത്. ചരിത്ര പ്രാധാന്യം നിറഞ്ഞ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ പ്രൗഡിയോട് നടന്ന ചടങ്ങുകള്‍ രാത്രി 11 മണിക്ക് ആരംഭിച്ച് ഒരു മണിക്കൂര്‍ നീണ്ടുനിന്നു. 

കുതിരപ്പടയുടെ അകമ്പടിയോടെയായിരുന്നു രാഷ്ട്രപതി പാര്‍ലമെന്റിലേക്ക് എത്തിയത്. പ്രധാനമന്ത്രി, ലോക്‌സഭാ സ്പീക്കര്‍, കേന്ദ്ര മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. 

ജിഎസ്ടി രാജ്യത്ത് നിന്നും കള്ളപ്പണം ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭഗവത് ഗീതയില്‍ 18 അധ്യായങ്ങളുണ്ട്. ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്നത് 18 തവണയെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജിഎസ്ടി ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് എന്നാണ് നിയമം പറയുന്നത്. എന്നാല്‍ യഥാര്‍ഥ്യത്തില്‍ ഇത് ഗുഡ് ആന്‍ഡ് സിംപിള്‍ ടാക്‌സ് ആണെന്നും മോദി പറഞ്ഞു. 

ജിഎസ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള മികച്ച മാതൃകയാണ്. സര്‍ദാര്‍ വല്ലേഭായ് പട്ടേല്‍ രാജ്യത്തെ ഏകീകരിച്ചത് പോലെ ജിഎസ്ടി രാജ്യത്തെ സാമ്പത്തികമായി ഏകീകരിക്കും. അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്. നികുതി ഭീകരതയും, ഉദ്യോഗസ്ഥരാജും ജിഎസ്ടി വരുന്നതോടെ ഇല്ലാതാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

14 വര്‍ഷത്തെ യാത്രയുടെ ശുഭാന്ത്യം എന്ന് പറഞ്ഞായിരുന്നു കൃത്യം 12 മണിക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതായി പ്രഖ്യാപിച്ചത്. 

പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ഡിഎംകെ എന്നിവര്‍ പാര്‍ലമെന്റിലെ ചടങ്ങില്‍ നിന്നും വിട്ടുനിന്നു. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയുടേയും, ബിഎസ്പി, ജെഡിയു, ജെഡിഎസ് എന്നീ പാര്‍ട്ടികളിലെ അംഗങ്ങള്‍ പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ സാന്നിധ്യം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com