പഴയ നോട്ടുകള്‍ ഡെപ്പോസിറ്റ് ചെയ്യുന്നതിനു എല്ലാവരെയും വിലക്കാനാകില്ല: സുപ്രീം കോടതി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 04th July 2017 12:56 PM |
Last Updated: 04th July 2017 01:26 PM | A+A A- |

ന്യൂഡെല്‍ഹി: റദ്ദാക്കിയ 1000, 500 രൂപാ നോട്ടുകള്‍ ഡെപ്പോസിറ്റ് ചെയ്യുന്നതിനുള്ള മതിയായ കാരണമുള്ളവരെ വിലക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ജയിലില്‍ കിടക്കുന്നവരടക്കമുള്ളവര്‍ക്കു പഴയ നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകളാക്കാനുള്ള അവകാശം നിഷേധിക്കാനാകില്ലെന്നും സുപ്രീം കോടതി അറിയിച്ചു. അതേസമയം, പഴയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിനുള്ള സമയപരിധി നീട്ടാനല്‍കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ മാസം 17 വരെയാണ് പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധിയായി സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്.
ഈ വര്‍ഷം നവംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയത്. ഡിസംബര്‍ 30 വരെ പഴയ നോട്ടുകള്‍ മാറ്റി പുതിയ നോട്ടുകളാക്കാനുള്ള സമയം നല്‍കിയിരുന്നു. സയമപരിധിക്കു ശേഷം പഴയ നോട്ടുകളുമായുള്ള ഇടപാടുകള്‍ നിയമവിരുദ്ധമാണ്.
മതിയായ കാരണങ്ങളുണ്ടായിട്ടു പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ അവസരമുണ്ടായില്ലെങ്കില്‍ അതു ഗുരുതര പ്രശ്‌നമാണെന്ന് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ വ്യക്തമാക്കി. ഒരാള്‍ ചെയ്യാത്ത തെറ്റിനു അയാളുടെ പണം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. നോട്ടുകള്‍ മാറ്റിവാങ്ങാനുള്ള സമയപരിധി നീട്ടാനല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും രണ്ടാഴ്ചയ്ക്കുള്ളില്‍ വ്യക്തത നല്‍കണമെന്നും സുപ്രീം കോടതി അറിയിച്ചു.