കോഴി വില 87 രൂപ മതി, സിനിമാ ടിക്കറ്റ് നിരക്ക്‌ കൂട്ടുന്നത് തോന്ന്യാസമെന്ന് ധനമന്ത്രി

ജിഎസ്ടിയുടെ മറവില്‍ സിനിമാ ടിക്കറ്റ് നിരക്ക് കൂട്ടുന്നത് തോന്ന്യാസമാണെന്നും തോമസ് ഐസക്
കോഴി വില 87 രൂപ മതി, സിനിമാ ടിക്കറ്റ് നിരക്ക്‌ കൂട്ടുന്നത് തോന്ന്യാസമെന്ന് ധനമന്ത്രി

തിരുവനന്തപുരം: കോഴി ഇറച്ചി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. തിങ്കളാഴ്ച മുതല്‍ കിലോയ്ക്ക് 87 രൂപ നിരക്കിലേ കോഴി ഇറച്ചി വില്‍ക്കാന്‍ അനുവദിക്കൂ എന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അധിക വില ഈടാക്കുന്നപക്ഷം ജനങ്ങള്‍ ഇടപെടുകയും സര്‍ക്കാരിനെ അറിയിക്കുകയും ചെയ്യണമെന്ന് ധനമന്ത്രി പറഞ്ഞു. ജിഎസ്ടിയുടെ മറവില്‍ സിനിമാ ടിക്കറ്റ് നിരക്ക് കൂട്ടുന്നത് തോന്ന്യാസമാണെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.

ജിഎസ്ടിയുടെ മറവില്‍ കൊള്ളലാഭം ഈടാക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് തോമസ് ഐസക് ആവര്‍ത്തിച്ചു. ജിഎസ്ടി നിലവില്‍ വന്നതോടെ കോഴി ഇറച്ചി നികുതി വിമുക്തമായിരിക്കുകയാണ്. എന്നിട്ടും വില വര്‍ധിപ്പിക്കുകയാണ് കച്ചവടക്കാര്‍ ഇത് അനുവദിക്കാനാവില്ലെന്് മന്ത്രി ആവര്‍ത്തിച്ചു. 

ജിഎസ്ടി നിലവില്‍ വന്നിട്ടും കോഴി ഇറച്ചി വില കുറയാത്തതില്‍ വിമര്‍ശനം ശക്തമായതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെപ്‌കോ ചിക്കന്‍ വില കുറച്ചിരുന്നു. കേരള പൗള്‍ട്രി ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചിക്കന്‍ വിലയില്‍ ഗണ്യമായ കുറവാണ് വരുത്തിയത്. ചിക്കന് കേരളത്തില്‍ നിലവിലുണ്ടായിരുന്ന 14.5 നികുതി ഇല്ലാതായതിനെത്തുടര്‍ന്നാണ് കെപ്‌കോ ചിക്കന്റെ വിലയില്‍ കുറവു വരുത്തിയത്. 

ജിഎസ്ടി വന്നതിന്റെ പേരില്‍ സിനിമാ ടിക്കറ്റ് നിരക്ക് ഉയര്‍ത്തുന്നത് ശരിയല്ല. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കിക്കൊണ്ടിരുന്ന വിനോദനികുതി 25 ശതമാനമാണ്. ഈ വിനോദനികുതിക്കു പുറമേ 100 രൂപ വരെയുള്ള ടിക്കറ്റുകള്‍ക്ക് 18 ശതമാനവും അതിനു മുകളിലുള്ള നിരക്കിന് 28 ശതമാനവും ജി.എസ്.ടി ബാധകമാണ്. മറ്റെല്ലാ സംസ്ഥാനങ്ങളും ഇവ രണ്ടും ഒരുമിച്ച് ഈടാക്കുകയാണ് ചെയ്യുന്നത്. കേരളം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കിക്കൊണ്ടിരുന്ന വിനോദനികുതി വേണ്ടെന്നു വയ്ക്കുകയാണ് ചെയ്തത്. അതുകൊണ്ട് നിരക്ക് ഉയര്‍ത്തുന്നതിന് ന്യായീകരണമെന്നില്ലെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com