ഇനി ഇന്ത്യ അതിവേഗം കുതിക്കുന്ന സമ്പദ് വ്യവസ്ഥയല്ല; ജിഡിപി വളര്‍ച്ചയെ പിന്നോട്ടടിച്ച് നോട്ട് അസാധുവാക്കല്‍

ലോക സാമ്പദ് വ്യവസ്ഥയില്‍ അതിവേഗം മുന്നേറുന്ന സമ്പദ് വ്യവസ്ഥയെന്ന പദവി ഇന്ത്യയ്ക്ക് നഷ്ടമായി.  2015ല്‍ ആയിരുന്നു ഡിജിപി വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കിയത്
ഇനി ഇന്ത്യ അതിവേഗം കുതിക്കുന്ന സമ്പദ് വ്യവസ്ഥയല്ല; ജിഡിപി വളര്‍ച്ചയെ പിന്നോട്ടടിച്ച് നോട്ട് അസാധുവാക്കല്‍

ന്യൂഡല്‍ഹി: കള്ളപ്പണത്തിനെതിരായി യുദ്ധം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ച നിരക്ക് കുറച്ചു. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന്റെ പ്രത്യാഘാതമായി 7.1 ശതമാനമായിട്ടാണ് ജിഡിപി വളര്‍ച്ചാ നിരക്ക് കുറഞ്ഞിരിക്കുന്നത്. 

2016-17 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 6.1 ശതമാനമാണ് ഇന്ത്യയുടെ ജിഡിപി നിരക്ക്.  ഇതേ കാലയളവില്‍ ചൈനയുടേതാകട്ടെ 6.9 ശതമാനവും. ഇതോടെ ലോക സാമ്പദ് വ്യവസ്ഥയില്‍ അതിവേഗം മുന്നേറുന്ന സമ്പദ് വ്യവസ്ഥയെന്ന പദവി ഇന്ത്യയ്ക്ക് നഷ്ടമായി.  2015ല്‍ ആയിരുന്നു ഡിജിപി വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കിയത്. 

എട്ട് ശതമാനമായിരുന്നു 2015-16 സാമ്പത്തിക വര്‍ഷത്തെ ജിഡിപി വളര്‍ച്ചാ നിരക്ക്. എന്നാല്‍ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചാ നിരക്കാണ് 2016-17 സാമ്പത്തിക വര്‍ഷം ഉണ്ടായിരിക്കുന്നത്.

നിര്‍മാണ മേഖലയിലേയും, സര്‍വീസ് മേഖലയിലേയും മോശം പ്രകടനമാണ് സാമ്പത്തിക വളര്‍ച്ച നിരക്ക് കുറച്ചത്. കാര്‍ഷിക മേഖലയില്‍ മാത്രമാണ് മുന്നേറ്റമുണ്ടാക്കാനായത്. കാലവര്‍ഷം അനുകൂലമായതിനെ തുടര്‍ന്ന് കാര്‍ഷിക മേഖലയില്‍ 4.9 ശതമാനത്തിന്റെ അധിക വളര്‍ച്ചയുണ്ടായി. 

2016 നവംബര്‍ 9നായിരുന്നു വിപണിയില്‍ നിന്നും 1000, 500 രൂപ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ ജിഡിപി നിരക്കില്‍ വര്‍ധനവ് ഉണ്ടായിരുന്നു എങ്കിലും നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് മൂന്ന്, നാല് പാദങ്ങളില്‍ വളര്‍ച്ച കുറഞ്ഞതായി ഇവൈ ഇന്ത്യയുടെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവ് ടി.കെ.ശ്രീവാസ്തവ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com