പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍; എസ്ബിഐ ഇടപാടില്‍ കീശ കീറും

ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ച എടിഎം സര്‍വീസ് ചാര്‍ജ് വര്‍ധന ഒഴികെ, പ്രഖ്യാപിച്ച മറ്റു നിരക്കുകളെല്ലാം വ്യാഴാഴ്ച മുതല്‍ ഈടാക്കിത്തുടങ്ങി
പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍; എസ്ബിഐ ഇടപാടില്‍ കീശ കീറും


ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറെ വിവാദമുണ്ടാക്കിയ ഇടപാടു നിരക്കു വര്‍ധന പ്രാബല്യത്തില്‍ വന്നു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ച എടിഎം സര്‍വീസ് ചാര്‍ജ് വര്‍ധന ഒഴികെ, പ്രഖ്യാപിച്ച മറ്റു നിരക്കുകളെല്ലാം വ്യാഴാഴ്ച മുതല്‍ ഈടാക്കിത്തുടങ്ങി. എടിഎം ഉപയോഗത്തിന് ഓരോ തവണയും ഇരുപത്തിയഞ്ചു രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും എന്നായിരുന്നു എസ്ബിഐയുടെ പ്രഖ്യാപനം. പ്രാബല്യത്തില്‍ വന്നവയില്‍ അത് ഒഴിവാക്കിയിട്ടുണ്ട്.


എസ്ബിഐയുടെ പുതിയ ഇടപാടു നിരക്കുകള്‍:

പണം പിന്‍വലിക്കല്‍: സ്റ്റേറ്റ് ബാങ്ക് ബഡ്ഡി മൊബൈല്‍ വാലറ്റ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ തവണയും ഇങ്ങനെ പണം പിന്‍വലിക്കുന്നതിന് ഇരുപത്തിയഞ്ചു രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. 

ബേസിക് സേവിങ്‌സ് അക്കൗണ്ടുകളില്‍നിന്ന് ഒരു മാസം നാല് തവണയാണ് ഇനി മുതല്‍ സൗജന്യമായി പണം പിന്‍വലിക്കാനാവുക. ശാഖകളില്‍നിന്നു നേരിട്ടും എടിഎം വഴിയും പിന്‍വലിക്കുന്നത് ഉള്‍പ്പെടെയാണിത്. നാലു തവണയില്‍ കൂടുതല്‍ ആയാല്‍ ഓരോ പിന്‍വലിക്കലിനും അന്‍പതു രൂപയും സര്‍വീസ് ചാര്‍ജും ഈടാക്കും. എംടിഎം വഴിയാണെങ്കില്‍ എസ്ബിഐ എടിഎമ്മുകളില്‍ പത്തു രൂപയും മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍ ഇരുപതു രൂപയുമാണ് സര്‍വീസ് ചാര്‍ജ്. 

സാധാരണ എസ്ബി അക്കൗണ്ടുകള്‍ക്കുള്ള സൗജന്യ എടിഎം ഉപയോഗ പരിധി മാറ്റമില്ലാതെ തുടരും. മെട്രൊ നഗരങ്ങളില്‍ എട്ടു തവണയും നോണ്‍ മെട്രോകളില്‍ പത്തു തവണയുമാണ് സൗജന്യമായി എടിഎം ഉപയോഗിക്കാനാവുക.

ഓണ്‍ലൈന്‍ ഇടപാട്: ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയും മൊബൈല്‍ വഴിയുമുള്ള ഇമ്മിഡിയറ്റ് പെയ്‌മെന്റിന് ഒരു ലക്ഷം രൂപ വരെ അഞ്ചു രൂപയും നികുതിയുമാണ് ഈടാക്കുന്നത്. ഈയിനത്തില്‍ നേരത്തെയുണ്ടായിരുന്ന കുറഞ്ഞ സ്ലാബുകള്‍ എടുത്തുകളഞ്ഞു എന്നതാണ് പ്രധാന മാറ്റം. ചെറിയ പര്‍ച്ചേസുകള്‍ക്ക് ഇത്തരം പെയമെന്റ് ഉപയോഗിക്കുന്നവര്‍ ഓരോ തവണയും അഞ്ചു രൂപ വീതം നല്‍കണം. ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ പതിനഞ്ചു രൂപയാണ് സര്‍വീസ് ചാര്‍ജ്. അഞ്ചു ലക്ഷം രൂപ വരെ ഇരുപത്തിയഞ്ചും.

ബാങ്കിങ് കറസ്‌പോണ്ടന്‍സ്:  ബാങ്കിങ് കറസ്‌പോണ്ടന്‍സുകള്‍ വഴിയുള്ള നിക്ഷേപത്തിന് പതിനായിരം രൂപ വരെ 0.25 ശതമാനമാണ് ചാര്‍ജ്. കുറഞ്ഞ ചാര്‍ജ് രണ്ടു രൂപയും കൂടിയത് എട്ടു രൂപയും. പിന്‍വലിക്കലിന് രണ്ടായിരം രൂപ വരെ നല്‍കേണ്ടത് രണ്ടര ശതമാനം സര്‍വീസ് ചാര്‍ജ്. 

ചെക് ബുക്ക്: പത്തു ലീഫ് ഉള്ള ചെക്ക് ബുക്കിന് മുപ്പതു രൂപയും സേവന നികുതിയും നല്‍കണം. 25 ലീഫുള്ള ചെക് ബുക്കിന് എഴുപത്തിയഞ്ച് രൂപയാണ് നികുതി. അന്‍പതു ലീഫ് ഉള്ളതിന് 150 രൂപ.

കാര്‍ഡുകള്‍: റുപേ ക്ലാസിക് കാര്‍ഡ് മാത്രമാണ് ബാങ്ക് സൗജന്യമായി നല്‍കുക.

പഴയ നോട്ട് മാറ്റല്‍: 5000 രൂപ വരെയുള്ള ഇരുപതു നോട്ടുകള്‍ മാറ്റുന്നതിന് സര്‍വീസ് ചാര്‍ജ് ഈടാക്കില്ല. ഇരുപതിനു മുകളില്‍ ഓരോ നോട്ടിനും രണ്ടു രൂപ ചാര്‍ജ് നല്‍കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com