രണ്ടുവര്‍ഷത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ സാറ്റലൈറ്റ് ഫോണ്‍ സാധാരണക്കാരിലേക്ക്

മൊബൈല്‍ ഫോണ്‍ രംഗത്ത് ന്യൂതന മുന്നേറ്റവുമായി ബിഎസ്എന്‍എല്‍.
രണ്ടുവര്‍ഷത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ സാറ്റലൈറ്റ് ഫോണ്‍ സാധാരണക്കാരിലേക്ക്

ന്യൂഡെല്‍ഹി: മൊബൈല്‍ ഫോണ്‍ രംഗത്ത് ന്യൂതന മുന്നേറ്റവുമായി ബിഎസ്എന്‍എല്‍. ആരോടെങ്കിലും വളരെ കാര്യമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും പെട്ടെന്ന് റേഞ്ച് കട്ടാവുന്നത്. അല്ലെങ്കില്‍ ഏതെങ്കിലും പ്രാന്തപ്രദേശങ്ങള്‍, മലമുകള്‍, മരുഭൂമി, കടല്‍ എന്നിവടങ്ങളിലാണെങ്കില്‍ ഫോണ്‍ ചെയ്യാനേ പറ്റില്ല. അതായത് ഒരു ടവറിന്റെ സഹായം ഇല്ലാതെ ഫോണ്‍ ചെയ്യാനാവില്ലെന്ന് സാരം. 

ബിഎസ്എന്‍എലിന്റെ സാറ്റലൈറ്റ് ഫോണ്‍ വരുന്നതോടുകൂടി ആ പ്രശ്‌നം പരിഹരിക്കപ്പെടും. മൊബൈല്‍ ടവറില്ലാത്ത സ്ഥലങ്ങളിലും ആശയവിനിമയം സുഗമമായി നടക്കും. ഏത് അവസ്ഥയിലും പ്രവര്‍ത്തിക്കും എന്നതാണ് സാറ്റലൈറ്റ് ഫോണുകളുടെ മേന്മ. മൊബൈല്‍ ടവറുകളില്‍ നിന്നുള്ള സിഗ്‌നല്‍ 25-30 കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രമാണ് ലഭ്യമാക്കുക. എന്നാല്‍ ഉപഗ്രഹങ്ങളില്‍ നിന്ന് നേരിട്ട് സിഗ്‌നലുകള്‍ സ്വീകരിക്കുന്നതിനാല്‍ സാറ്റലൈറ്റ് ഫോണുകള്‍ക്ക് ഇത്തരമൊരു പരിമിതിയില്ല. ഒരു സാറ്റലൈറ്റ് ഒരു സാറ്റലൈറ്റില്‍ നിന്ന് തന്നെ 35,700 കിലോമീറ്റര്‍ വിസ്തൃതിയില്‍ സിഗ്‌നലുകള്‍ അയക്കാനും സ്വീകരിക്കാനും സാധിക്കും. 

14 ഉപഗ്രഹങ്ങള്‍ സ്വന്തമായുള്ള ഇന്‍മര്‍സാറ്റ് എന്ന ആഗോള നെറ്റ് വര്‍ക്ക് കമ്പനിയുമായി സഹകരിച്ചാണ് ബിഎസ്എന്‍എല്‍ ഇന്ത്യയില്‍ സാറ്റലൈറ്റ് ഫോണ്‍ സര്‍വീസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ സൈന്യം, പോലീസ്, ദുരന്തനിവാരണസേന, റെയില്‍വേ, മറ്റു പ്രധാന സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവര്‍ക്ക് ഫോണുകള്‍ ലഭ്യമാക്കിയതിനു ശേഷമേ സാധാരണക്കാര്‍ക്കായി സാറ്റലൈറ്റ് ഫോണുകള്‍ ലഭ്യമാക്കുകയുള്ളു. 

40000 രൂപ വരെയാണ് സാറ്റലൈറ്റ് ഫോണുകളുടെ വില. ഇപ്പോള്‍ ഇന്ത്യയില്‍ ഇവയുടെ നിര്‍മ്മാണം നടക്കുന്നില്ലെങ്കിലും പൊതുജനങ്ങള്‍ക്കായി സാറ്റലൈറ്റ് ഫോണ്‍ സേവനം ലഭ്യമാക്കുന്നതോടെ വിദേശകമ്പനികള്‍ ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകള്‍ തുറക്കുമെന്നും അതോടെ സാറ്റലൈറ്റ് ഫോണുകളുടെ വില കുറയുമെന്നുമാണ് പ്രതീക്ഷ. 

ഔദ്യോഗിക കണക്കുപ്രകാരം 1532 സാറ്റലൈറ്റ് ഫോണ്‍ കണ്ക്ഷനുകള്‍ ഇന്ത്യയിലുണ്ട്. അതില്‍ ഭൂരിപക്ഷവും ഉപയോഗിക്കുന്നത് സൈന്യമാണ്. കപ്പല്‍ യാത്രകള്‍ക്കായി 4143 കണക്ഷനുകള്‍ ടാറ്റ ടെലിസര്‍വീസസും നല്‍കിയിട്ടുണ്ട്. മിനിറ്റിന് 30 മുതല്‍ 35 രൂപയാണ് സാറ്റലൈറ്റ് കോളിന് ഈടാക്കുന്നത്. എന്നാല്‍ സര്‍വീസ് എല്ലാവരിലുമെത്തുന്നതോടെ കോള്‍ ചാര്‍ജ്ജുകള്‍ ഒരു രൂപയായി കുറയുമെന്നാണ് ബിഎസ്എന്‍എല്‍ അധികൃതര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com