ഖത്തര്‍ പ്രതിസന്ധി: 2022 ലോകക്കപ്പിനെ ബാധിച്ചേക്കും

ഖത്തര്‍ പ്രതിസന്ധി: 2022 ലോകക്കപ്പിനെ ബാധിച്ചേക്കും

ദോഹ:  സൗദി അറേബ്യ, ബഹറൈന്‍, ഈജിപ്ത്, യുഎഇ, യെമന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധങ്ങള്‍ വിഛേദിച്ചതോടെ 2022ല്‍ നടക്കുന്ന ലോകക്കപ്പിനെ ബാധിച്ചേക്കുമെന്ന് വിദഗ്ധര്‍. ഭീകരരെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് നയതന്ത്ര ബന്ധം ഉപേക്ഷിച്ചത്.

ഗള്‍ഫ് മേഖലയിലെ സുപ്രധാന രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിഛേദിച്ചതോടെ ഖത്തര്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ് നേരിട്ടു. ഒറ്റ ദിവസം കൊണ്ട് 7.65 ശതമാനം ഇടിവുണ്ടായതോടെ ഖത്തറിന്റ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. ലോകക്കപ്പിനുള്ള അടിസ്ഥാന സൗകര്യത്തിനായിമാത്രം ഓരോ ആഴ്ചയും ഏകദേശം ഏഴ് കോടി രൂപയോളമാണ് ഖത്തര്‍ ചെലവഴിക്കുന്നത്.

സാമ്പത്തികമായി തിരിച്ചടി നേരിടുന്നതോടെ ലോകക്കപ്പ് പോലുള്ള ഒരു മെഗാ ഇവന്റിനുള്ള പണം കണ്ടത്തുന്നത് ഖത്തറിനെ അപേക്ഷിച്ച് ബുദ്ധിമുട്ടാകും. 2010ല്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച് ലോകക്കപ്പിന് ആതിഥ്യം വഹിക്കാനുള്ള അനുമതി ലഭിച്ച ഖത്തറിന് ലോകക്കപ്പ് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് ഖത്തറിലെ ഫുട്‌ബോള്‍ പ്രേമികള്‍.

അതേസമയം, ഖത്തറുമായുള്ള ബന്ധം സാധാരണ നിലയില്‍ തുടരുമെന്നാണ് ഫിഫ വ്യക്തമാക്കിയിരിക്കുന്നത്. 2022ല്‍ ലോകക്കപ്പിന് വേദിയാകാനുള്ള അവസരം അമേരിക്കയെ പിന്തള്ളിയാണ് ഖത്തറിന് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ഈയടുത്ത് സൗദി അറേബ്യ സന്ദര്‍ശിക്കുകയും തീവ്രവാദത്തിനെതിരേ അറബ് രാജ്യങ്ങള്‍ ഐക്യപ്പെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

തീവ്രവാദം പോലുള്ള ആഗോള ഭീഷണിയെ പിന്തുണയ്ക്കുന്നുവെന്ന ഗുരുതര ആരോപണം കഴുകിക്കളയലാകും ഖത്തറിന് മുന്നിലുള്ള വലിയ വെല്ലുവിളി. ഈ മേഖലയിലെ ഏറ്റവും സമാധാന പരമായ രാജ്യം എന്ന നിലയ്ക്ക് ലോക്കപ്പിന് വേദിയൊരുക്കാനുള്ള അവസരം ലഭിച്ച ഖത്തറിന് ലോകക്കപ്പിനുള്ള ഏറ്റവും വെല്ലുവിളിയും ഇതുതന്നെയാണ്. 

നയതന്ത്ര ബന്ധം വിഛേദിച്ചതിന് തൊട്ടുപിറകെ സൗദി ഫുട്‌ബോള്‍ ക്ലബ്ബ് അല്‍-അഹ്ലി ഖത്തര്‍ എയര്‍വെയ്‌സുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് ബന്ധം ഉപേക്ഷിച്ചുവെന്ന് ട്വിറ്ററില്‍ വ്യക്തമാക്കിയതും ഖത്തറിന് ആശങ്കയുണ്ടാക്കും. ഡിസംബറില്‍ ദോഹയില്‍ നടക്കാനിരിക്കുന്ന ഗള്‍ഫ് കപ്പ് ഓഫ് നാഷന്‍സ് ടൂര്‍ണമെന്റും ഇതോടെ 
ഖത്തറിന് നഷ്ടമായേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com