ബഹുദൂരം സാറ്റലൈറ്റുകള്‍, അതിവേഗം ഇന്റര്‍നെറ്റ്

ബഹുദൂരം സാറ്റലൈറ്റുകള്‍, അതിവേഗം ഇന്റര്‍നെറ്റ്

ന്യൂഡെല്‍ഹി: ഐഎസ്ആര്‍ഒ വിക്ഷേപിച്ച കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹമായ ജിസാറ്റ് 19ഉം ഈ വര്‍ഷം അവസാനം വിക്ഷേപിക്കാനൊരുങ്ങുന്ന ജിസാറ്റ് 11ഉം അടുത്ത വര്‍ഷം വിക്ഷേപിക്കാനൊരുങ്ങുന്ന ജിസാറ്റ് 20ഉം 
രാജ്യത്തെ ആശയ വിനിമയ രംഗത്ത് വമ്പന്‍ മാറ്റങ്ങളുണ്ടാക്കുമെന്ന് വിലയിരുത്തലുകള്‍.

കേന്ദ്ര സര്‍ക്കാരിന്റ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് പിന്തുണ നല്‍കുന്ന ഈ ഉപഗ്രഹങ്ങള്‍ ആശയവിനിമയ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ നിരീക്ഷണം. നേരത്തെ വിക്ഷേപിച്ച ജിസാറ്റ് ഉപഗ്രങ്ങളുടെ ഡേറ്റ റേറ്റ് സെക്കന്‍ഡില്‍ ഒരു ജിഗാബൈറ്റ് ആണെങ്കില്‍ ഇന്ന് വിക്ഷേപിച്ച ജിസാറ്റ് 19 ഉപയോഗിച്ച് ഒരു സെക്കന്‍ഡില്‍ നാല് ജിഗാബൈറ്റ് ഡാറ്റാ ട്രാന്‍സ്ഫര്‍ സാധ്യമാകും. അതായത് നാല് ഉപഗ്രഹത്തിന്റെ ഫലം ഇതിലൂടെ ലഭ്യമാകും. ജിസാറ്റ് 11ന് സെക്കന്‍ഡില്‍ 13 ജിഗാബൈറ്റ് കൈമാറ്റ ശേഷിയും ജിസാറ്റ് 20ന് 70 ജിഗാബൈറ്റ് ഡേറ്റ കൈമാറ്റ ശേഷിയുമാണുള്ളത്.

രാജ്യത്തെ ശരാശരി ഇന്റര്‍നെറ്റ് വേഗത ഒരു സെക്കന്‍ഡില്‍ 4 എംബി എന്ന രീതിയിലാണ്. ഇന്റര്‍നെറ്റ് വേഗതയുടെ കാര്യത്തില്‍ 105മതുള്ള ഇന്ത്യ ഇന്റര്‍നെറ്റ് ഉപഭോഗത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണ്. പുതിയ സാറ്റലൈറ്റുകള്‍ പ്രവര്‍ത്തന യോഗ്യമാകുന്നതോടെ ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ മുന്നോട്ട് കുതിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

നിലവില്‍ ഭ്രമണപഥത്തിലുള്ള 41 ഇന്ത്യന്‍ ഉപഗ്രഹങ്ങളില്‍ 13 എണ്ണം വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളാണ്.  ജിഎസാറ്റ് 19ന്റെ വിക്ഷേപണം ഒരു പരീക്ഷണം മാത്രമായാണ് ഐഎസ്ആര്‍ഒ കരുതുന്നത്. യഥാര്‍ത്ഥ വിക്ഷേപണം ജിസാറ്റ്11 ഉപഗ്രഹത്തിന്റേതാണെന്നും അടുത്ത ഏതാനും മാസത്തിനുള്ളില്‍ ജിസാറ്റ്11 ബഹിരാകാശത്തേക്ക് കുതിക്കുമെന്നും ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 

5.8 ടണ്‍ ഭാരമുള്ള ജിസാറ്റ്11 വിക്ഷേപിക്കാന്‍ ശേഷിയുള്ള സ്‌പേസ് ട്രക് ഇന്ത്യയിലില്ലാത്തതിനാല്‍ ദക്ഷിണ അമേരിക്കയിലെ കൗറോയില്‍ നിന്നുള്ള ഏരിയന്‍ 5 റോക്കറ്റ് ഉപയോഗിച്ചായിരിക്കും ഇത് ഭ്രമണപഥത്തിലെത്തിക്കുക. ആശയവിനമയത്തിനായി ഒരു പുതിയ ഉപഗ്രഹ തലമുറ സൃഷ്ടിക്കുമെന്നും ഇതിന്റെ തുടക്കമായിരിക്കും ജിസാറ്റ് 19 എന്ന് ഐഎസ്ആര്‍ഒ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓഡിയോ, വീഡിയോ ഫയലുകള്‍ എളുപ്പത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വഴി ലഭ്യമാകുമെന്നും സാറ്റലൈറ്റ് വിക്ഷേപണത്തോടെ ടെലിവിഷന്‍ പോലെ തന്നെ ഇന്റര്‍നെറ്റ് വഴി എല്ലാം തടസങ്ങളില്ലാതെ കാണാനുള്ള സൗകര്യം ഉണ്ടാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com