മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ സ്വപ്‌നത്തിന് തിരിച്ചടി; ഡിജിറ്റല്‍ ഇടപാടുകള്‍ കുറയുന്നു

മോദിയുടെ ഡിജിറ്റല്‍ ഇന്ത്യ സ്വപ്‌നത്തിന് തിരിച്ചടി; ഡിജിറ്റല്‍ ഇടപാടുകള്‍ കുറയുന്നു

പണമിടപാടുകള്‍ ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ മാത്രമാക്കി സുതാര്യതയും കള്ളപ്പണവും തടയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്‌നത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) റിപ്പോര്‍ട്ട്. ഇ പെയ്‌മെന്റുമായി ബന്ധപ്പെട്ട് ആര്‍ബിഐ പുറത്തിറക്കിയ റിപ്പോര്‍ട്ടനുസരിച്ച് ഇക്കഴിഞ്ഞ മാസം രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ മൂല്യം 96.2 ലക്ഷം കോടിയാണ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇത് 94 ലക്ഷം കോടി രൂപയായിരുന്നു. ഇക്കാലയളവിനുള്ളില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഒന്നര ശതമാനം മൂല്യമിടിവാണ് നേരിട്ടിട്ടുള്ളതെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ടില്‍ പറയുന്നത്.

നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബറില്‍ 672 മില്ല്യണായിരുന്ന ഡിജിറ്റല്‍ ഇടപാടുകള്‍ 42 ശതമാനം വര്‍ധിച്ച് ഡിസംബറില്‍ 958 മില്ല്യണായി ഉയര്‍ന്നു. എന്നാല്‍ പിന്നീടുള്ള രണ്ട് മാസങ്ങളില്‍ രാജ്യത്തെ ഡിജിറ്റല്‍ ഇടാപാടുകള്‍ക്ക് താല്‍പ്പര്യം കുറഞ്ഞതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഇക്കാലയളവില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ 20 ശതമാനം ഇടിയുകയും കൈമാറ്റം നടത്തിയത് 763 മില്ല്യണുമാണ്. 

അതേസമയം, 2017-18 വര്‍ഷങ്ങളില്‍ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ 25 ബില്ല്യനിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഈ ലക്ഷ്യം പൂര്‍ത്തീകരിക്കണമെങ്കില്‍ ചുരുങ്ങിയത് ഒരു മാസം രണ്ട് ബില്ല്യണ്‍  ഇടപാടുകളെങ്കിലും ഒരു മാസം നടക്കേണ്ടതുണ്ട്. ഫെബ്രുവരിയില്‍ നടന്ന 763 മില്ല്യണ്‍ ഇടപാടുകള്‍ ലക്ഷ്യത്തേക്കാള്‍ 60 ശതമാനത്തോളം കുറവാണെന്നത് ഡിജിറ്റല്‍ ഇന്ത്യ സ്വപ്‌നത്തിന് വെല്ലുവിളിയാണ്.

നോട്ട് നിരോധനത്തിന് ശേഷം യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (യുപിഐ), ആധാര്‍ എനേബിള്‍ഡ് പെയ്‌മെന്റ് സിസ്റ്റം (എഇപിഎസ്) എന്നിവയ്ക്ക് മാത്രമാണ് ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും നേട്ടമുണ്ടാക്കാനായത്. ഇതില്‍ തന്നെ യുപിഐ മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധപ്പെടുത്തി വ്യക്തിയുടെ ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ബന്ധപ്പെടുത്തിയുള്ളതാണ്. സര്‍ക്കാരിന്റെ വിവിധ സ്‌കീമുകളിലുള്ള പണകൈമാറ്റങ്ങള്‍ക്കാണ് ആധാറുമായി ബന്ധപ്പെടുത്തിയ എഇപിഎസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com