വിക്‌സ് മിഠായി മിഠായിയാണോ? കിറ്റ്കാറ്റ് ബിസ്‌ക്കറ്റോ? 

വിക്‌സ് മിഠായി മിഠായിയാണോ? കിറ്റ്കാറ്റ് ബിസ്‌ക്കറ്റോ? 

ന്യൂഡല്‍ഹി: വിക്‌സ് മിഠായി എന്നാണ് പറയാറുള്ളതെങ്കിലും അതു മിഠായിയാണോ? കിറ്റ് കാറ്റ് ബിസ്‌ക്കറ്റ് ആണോ അതോ ചോക്കലേറ്റോ? പാരഷൂട്ട് ഭക്ഷ്യ എണ്ണയോ ഹെയര്‍ ഓയിലോ?  ചരക്കു സേവന നികുതി തയാറാക്കുന്നതിന് ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത് ഇത്തരം ചോദ്യങ്ങളാണ്.

ചരക്കു സേവന നികുതിയുടെ നിരക്കുകളില്‍ ഉന്നതതല സമിതി ഇതിനകം തന്നെ തീരുമാനത്തിലെത്തിയിട്ടുണ്ട്. പൂജ്യം, അഞ്ച് ശതമാനം, പന്ത്രണ്ട് ശതമാനം, പതിനെട്ട് ശതമാനം, ഇരുപത്തിയെട്ട് ശതമാനം എന്നിങ്ങനെയാണ് ചരക്കു സേവന നികുതി ഈടാക്കുന്ന സ്ലാബുകള്‍. ഇതിന് അനുസരിച്ച് ഉത്പന്നങ്ങളെ വേര്‍തിരിക്കുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഉദ്യോഗസ്ഥരെ കുഴക്കുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പൊന്തിവരുന്നത് ഇതിനിടയിലാണ്.

കഴിഞ്ഞ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനിടെ കേരള ധനമന്ത്രി ഡോ. തോമസ് ഐസക് ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം മുന്നോട്ടുവച്ചിരുന്നു. വെളിച്ചെണ്ണ ഭക്ഷ്യ എണ്ണയാണോ ഹെയര്‍ ഓയിലാണോ എന്നതായിരുന്നു ഐസക് മുന്നോട്ടുവച്ച ചോദ്യം. പാരഷൂട്ട് പായ്ക്ക് ചെയ്തുവരുന്ന വെളിച്ചെണ്ണയാണ്. സാധാരണ ഇതിനെ ഹെയര്‍ ഓയില്‍ ആയാണ് കണക്കാക്കുന്നത്. അതനുസരിച്ച് വെളിച്ചെണ്ണയെ ഹെയര്‍ ഓയില്‍ എന്ന കണക്കില്‍ പെടുത്തിയാല്‍ കേരളത്തെ സംബന്ധിച്ച് തിരിച്ചടിയാവും. കേരളീയ പാചകത്തില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഇനമാണ് വെളിച്ചെണ്ണയെന്നും അതിനെ ഭക്ഷ്യ എണ്ണയായിത്തന്നെ കാണണമെന്നും ഐസക് വിശദീകരിച്ചു.

ഉത്പന്നങ്ങളെ തരംതിരിക്കുന്നതുമായി ബന്ധപ്പെട്ട് നികുതി ഉദ്യോഗസ്ഥര്‍ മുന്‍പ് പലപ്പോഴും നിയമക്കുരുക്കില്‍ പെട്ടിട്ടുണ്ട്. ഒരു ഉത്പന്നത്തെ ഒരു പ്രത്യേക വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നികുതി നോട്ടിസ് നല്‍കുമ്പോള്‍ വിഭാഗം അതല്ലെന്നു ചൂണ്ടിക്കാട്ടി ഉത്പാദകര്‍ കോടതിയില്‍ എത്തും. ഇതില്‍ പല കേസുകളും ഇപ്പോഴും തുടരുകയുമാണ്. കിറ്റ്കാറ്റിന്റെ കാര്യത്തില്‍ ഉത്പാദകരായ നെസ്്‌ലെയുമായി നികുതി വകുപ്പിന് നിയമയുദ്ധം നടത്തേണ്ടിവന്നിട്ടുണ്ട്. ഒടുവില്‍ കോടതി വിധിച്ചു, കിറ്റ്കാറ്റ് ചോക്കളേറ്റ് അല്ല, ബിസ്‌കറ്റ് ആണ്. ചോക്കലേറ്റിന് ഉയര്‍ന്ന നിരക്കിലാണ് നികുതി നല്‍കേണ്ടത്. 

ഇത്തരം കേസുകള്‍ ഒഴിവാക്കാന്‍ ജാഗ്രതയോടെയാണ് ഉദ്യോഗസ്ഥര്‍ ഉത്പന്നങ്ങള്‍ വേര്‍തിരിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം ഉത്പന്നങ്ങള്‍ കുറഞ്ഞ നികുതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയുള്ള ചരടുവലികളും ശക്തമായി നടക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com