തൊഴില്‍ സുരക്ഷ കുറയുന്നു, രാജ്യത്ത് കൃത്യമായി ശമ്പളം കിട്ടുന്നത് 16 ശതമാനത്തിനു മാത്രം

തൊഴില്‍ സുരക്ഷ കുറയുന്നു, രാജ്യത്ത് കൃത്യമായി ശമ്പളം കിട്ടുന്നത് 16 ശതമാനത്തിനു മാത്രം

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കില്‍ വര്‍ധനയുണ്ടാവുമ്പോഴും തൊഴില്‍ സുരക്ഷ കുറയുന്നതായി കണക്കുകള്‍. തൊഴിലെടുക്കുന്നവരില്‍ പതിനാറു ശതമാനത്തിനു മാത്രമാണ് കൃത്യമായി വേതനം ലഭിക്കുന്നതെന്ന് ഇതു സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. 

1999-2000 മുതല്‍ 2009-2010 വരെയുള്ള ദശാബ്ദതതില്‍ 7.52 ശതമാനത്തിലായിരുന്നു ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെങ്കില്‍, തൊഴിലവസരങ്ങളുടെ കാര്യത്തില്‍ 1.5 ശതമാനം വര്‍ധന മാത്രമാണ് ഉണ്ടായത്. 1972-73 മുതല്‍ നാല് ദശകത്തോളം നിലനിന്ന 2 ശതമാനം തൊഴില്‍ വര്‍ധനവില്‍ നിന്നും ഇന്ത്യ പിന്നോട്ടു പോവുകയായിരുന്നുവെന്ന് എംപ്ലോയ്‌മെന്റ് ആന്‍ഡ് അണ്‍ എംപ്ലോയ്‌മെന്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

രാജ്യത്തെ 16.5 ശതമാനത്തില്‍ താഴെവരുന്ന ജോലിക്കാര്‍ക്ക് മാത്രമാണ് സ്ഥിരമായ വേതനം ലഭിക്കുന്നത്. നാലില്‍ മൂന്ന് കുടുംബങ്ങളിലെ ഒരു വ്യക്തിക്ക് പോലും തൊഴില്‍ സുരക്ഷയോടൊപ്പം സ്ഥിരമായി വേതനം ലഭിക്കുന്നില്ല. കരാര്‍ അടിസ്ഥാനത്തിലും ദിവസവേതനത്തിലും ജോലിക്കാരെ നിയമിക്കുന്നത് വര്‍ധിച്ചതാണ് ഇതിന് കാരണം. സ്ഥിരമായ ജോലി ലഭിക്കാത്തതിലൂടെ രാജ്യത്തെ തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാകുന്നു. 

1999 മുതല്‍ 2010  വരെ ഒരു ദശകത്തിനിടെ സംഘടിത മേഖലയിലെ കരാര്‍ ജോലിക്കാരുടെ എണ്ണം 10.5 ശതമാനത്തില്‍ നിന്നും 25.6 ശതമാനമായാണ് വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ ഇതേ കാലയളവില്‍ ജോലി സ്ഥിരതയുള്ളവരുടെ എണ്ണം 68.3 ശതമാനത്തില്‍ നിന്നും 52.4 ശതമാനമായി കുറഞ്ഞു. 

രാജ്യത്തെ 47 കോടി തൊഴിലാളികളില്‍ 40 കോടിയും പേരിന് മാത്രമുള്ള തൊഴില്‍ സുരക്ഷിതത്വത്തിന് കീഴില്‍ ഉള്‍പ്പെടുന്നവരാണ്. കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 68.4 ശതമാനവും നിയമപരമായി എഴുതിയ കരാറിന്റെ അടിസ്ഥാനത്തിലല്ല ജോലിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നത്. 

കരാറടിസ്ഥാനത്തിലാണെന്നതിന്റെ പേരില്‍ യാതൊരു തൊഴില്‍ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കുന്നില്ല. രാജ്യത്തെ പട്ടികജാതി പട്ടിക വര്‍ഗ വിഭാഗക്കാരെയും മുസ്ലീം സമുദായത്തില്‍ ഉള്‍പ്പെട്ടവരേയുമാണ് തൊഴില്‍ സുരക്ഷിതത്വമില്ലായ്മ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com