മലയാള സിനിമയ്ക്ക് ജിഎസ്ടി വില്ലനാകും; സിനിമാ ടിക്കറ്റ് നിരക്കും വര്‍ധിക്കും

ജിഎസ്ടി കേരളത്തിന്റെ സിനിമാ മേഖലെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍
മലയാള സിനിമയ്ക്ക് ജിഎസ്ടി വില്ലനാകും; സിനിമാ ടിക്കറ്റ് നിരക്കും വര്‍ധിക്കും

തിരുവനന്തപുരം: പാര്‍ലമെന്റില്‍ പ്രതിപക്ഷം ഉയര്‍ത്തിയ വെല്ലുവിളികളെ സമവായത്തിലൂടെ അതിജീവിച്ച് കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കേന്ദ്ര ചരക്ക് സേവന നികുതി ബില്‍ നടപ്പില്‍ വരുമ്പോള്‍ വിപണിയേയും വ്യാപാരത്തേയും എങ്ങിനെ പ്രതിഫലിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ജിഎസ്ടി കേരളത്തിന്റെ സിനിമാ മേഖലെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍ ഉയരുന്നത്.

പ്രതിവര്‍ഷം 500 കോടി രൂപയ്ക്കടുത്ത് വരുമാനമുള്ള മലയാള സിനിമാ മേഖല 50000 പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. ജിഎസ്ടി ബില്ലിലെ വ്യവസ്ഥ അനുസരിച്ച് കേരളത്തിന്റെ സിനിമാ മേഖലയില്‍ 18 ശതമാനം സേവന നികുതി വരും. ഇത് ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നതിന് കാരണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നതോടെ തീയറ്ററിലേക്കെത്തുന്ന പ്രേക്ഷകരുടെ എണ്ണത്തിലും കുറവുണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പ്രതിവര്‍ഷം 130നടുത്ത് മലയാള സിനിമകളാണ് റിലീസ് ചെയ്യുന്നത്. ഒരു മലയാള സിനിമയുടെ ശരാശരി ബജറ്റ് നാല് കോടി രൂപയാണ്. 

നിലവില്‍ 100 രൂപ നിരക്കിലുള്ള സിനിമാ ടിക്കറ്റിന് 25 ശതമാനം എന്റര്‍ടെയ്ന്‍മെന്റ് നികുതിയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കേരള സ്റ്റേറ്റ് ആര്‍ട്ടിസ്റ്റ് ആന്‍ഡ് കള്‍ച്ചറല്‍ വര്‍ക്കേഴ്‌സിന് സാമ്പത്തിക സഹായം നല്‍കുന്നതിനായി സര്‍ക്കാര്‍ മൂന്ന് രൂപ സെസ്സായി ഈടാക്കുന്നു.

സര്‍വീസ് ടാക്‌സ് സര്‍ക്കാര്‍ 18 ശതമാനമായി ഉയര്‍ത്തുന്നതോടെ ഒരു ടിക്കറ്റിനുള്ള നികുതി 43 ശതമാനം വര്‍ധിക്കും. ഈ നികുതി ഭാരം പ്രേക്ഷകരിലേക്കെത്തുന്നതോടെ സിനിമാ മേഖലയെ ഇത് പ്രതികൂലമായി ബാധിക്കും. 

550 തീയറ്ററുകളുള്ള കേരളത്തില്‍ 2 ലക്ഷത്തിനടുത്ത് പ്രേക്ഷകരാണ് ഒരു ദിവസം സിനിമ കാണുന്നതിനായെത്തുന്നത്. സിനിമകളുടെ വ്യാജ വിഡിയോ ഇറങ്ങുന്നതും, ബാഹുബലി ഉള്‍പ്പെടെയുള്ള അന്യഭാഷ സിനിമകളുടെ വിജയവും മലയാള സിനിമ മേഖലയ്ക്ക് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് സിനിമാ മേഖലയിലുള്ളവരുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com