ഓരോ ഇടപാടിനും അഞ്ചു രൂപ, എസ്ബിഐ നീങ്ങുന്നത് ഡിജിറ്റല്‍ ഇടപാടുകളുടെ എതിര്‍ ദിശയില്‍

ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ക്ക് കുറഞ്ഞ പരിധിയില്ലാതെ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നാണ് എസ്ബിഐയുടെ പുതിയ ഉത്തരവില്‍ പറയുന്നത്.
ഓരോ ഇടപാടിനും അഞ്ചു രൂപ, എസ്ബിഐ നീങ്ങുന്നത് ഡിജിറ്റല്‍ ഇടപാടുകളുടെ എതിര്‍ ദിശയില്‍


കൊച്ചി: ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുപിടിച്ച പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐ പോകുന്നത് എതിര്‍ദിശയില്‍. ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ക്ക് കുറഞ്ഞ പരിധിയില്ലാതെ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നാണ് എസ്ബിഐയുടെ പുതിയ ഉത്തരവില്‍ പറയുന്നത്.

മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് എളുപ്പം പണം കൈമാറാവുന്ന യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസ് ഉള്‍പ്പെടെയുള്ള ഇമ്മിഡിയറ്റ് പെയ്‌മെന്റ് സര്‍വീസുകള്‍ക്കു (ഐഎംപിഎസ്) കുറഞ്ഞ പരിധിയില്ലാതെ സര്‍വീസ് ചാര്‍ജും നികുതിയും ഈടാക്കും. നേരത്ത ആയിരം രൂപ വരെയുള്ള ഐഎംപിഎസ് സേവനത്തെ ചാര്‍ജ് ഈടാക്കുന്നതില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഒരു ലക്ഷം രൂപ ഐഎംപിഎസ് വരെയുള്ള ഇടപാടുകള്‍ക്ക് അഞ്ചു രൂപ ചാര്‍ജും സേവന നികുതിയും ഈടാക്കുമെന്നാണ് പുതിയ ഉത്തവിലുള്ളത്. ഏപ്രില്‍ ഒന്നിനു നിലവില്‍ വന്ന ഉത്തരവിന്റെ ഭേദഗതിയാണ് ഇതെന്നതിനാല്‍ അന്നത്ത ഉത്തരവില്‍ പറയുന്ന, ഡിജിറ്റല്‍ ട്രാന്‍സാക്ഷനുള്ള കുറഞ്ഞ പരിധി ഇല്ലാതായി. ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 15 രൂപയും സര്‍വീസ് ടാക്‌സുമാണ് നിരക്ക. അഞ്ചു ലക്ഷം വരെ ഇരുപത്തിയഞ്ചു രൂപ.

എടിഎം സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ 25 രൂപ നിരക്കിനെ അപേക്ഷിച്ച് കുറഞ്ഞ സര്‍വീസ് ചാര്‍ജാണ് ഡിജിറ്റല്‍ ട്രാന്‍സാക്ഷന് ഈടാക്കുന്നത് എങ്കിലും ഇത് ഉപഭോക്താക്കളെ സംബന്ധിച്ച് വന്‍ തിരിച്ചടിയാവും. ഡിജിറ്റല്‍ പണമിട ശീലമാക്കിയവര്‍ സാധാരണഗതിയില്‍ എടിഎം വഴി പണം പിന്‍വലിക്കുന്നതിനേക്കാള്‍ പല മടങ്ങു തവണയാണ് ഐഎംപിഎസ് വഴി പണം കൈമാറുന്നത്. ഓരോ ചെറിയ പര്‍ച്ചേസിനും ഐഎംപിഎസ് ഇടപാടു നടത്തുമ്പോള്‍ ഇനി മുതല്‍ അഞ്ചു രൂപയും സേവന നികുതിയും നല്‍കേണ്ടി വരും.

കോര്‍ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, ഇന്റര്‍നെറ്റ് ബാങ്കിങ് തുടങ്ങിയവ വഴി ഫണ്ട് ട്രാന്‍സ്ഫര്‍ നടത്തുന്നതിന് ആയിരം രൂപ വരെ, ആയിരം മുതല്‍ പതിനായിരം വരെ, പതിനായിരം മുതല്‍ ഒരു ലക്ഷം വരെ, ഒരു ലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ എന്നിങ്ങനെയാണ് എസ്ബിഐ നേരത്തെ സ്ലാബ് നിശ്ചയിച്ചിരുന്നത്. പുതിയ ഉത്തരവില്‍ ഒരു ലക്ഷം വരെ, രണ്ടു ലക്ഷം വരെ, അഞ്ചു ലക്ഷം വരെ എന്നിങ്ങനെയാണ് സ്ലാബ്. കുറഞ്ഞ തുകയ്ക്ക് ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ നടത്തുന്നവരെയാണ് ഈ മാറ്റം പ്രതികൂലമായി ബാധിക്കുക. 

വാലറ്റ് ടു വാലറ്റ് ഫണ്ട് ട്രാന്‍സ്ഫറിന് രണ്ടു ശതമാനം ചാര്‍ജും നികുതിയുമാണ് ഏപ്രലില്‍ നിലവില്‍ വന്ന ഉത്തരവു മുതല്‍ എസ്ബിഐ ഈടാക്കുന്നത്. വാലറ്റില്‍നിന്ന് എസ്ബിഐ അക്കൗണ്ടിലേക്കു പണം കൈമാറാന്‍ രണ്ടര ശതമാനം ചാര്‍ജും നികുതിയും നല്‍കണം. കുറഞ്ഞ ചാര്‍ജ് പത്തു രൂപയും നികുതിയുമായും ഇത് നിശ്ചയിട്ടുണ്ട്. വാലറ്റില്‍നിന്ന് മറ്റു ബാങ്കുകളിലേക്കു പണം കൈമാറാന്‍ മൂന്നു ശതമാനമാണ് ചാര്‍ജ്, ബില്‍ പെയ്‌മെന്റുകള്‍ക്ക് ഒരു ശതമാനവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com