സോളാര്‍ റൂഫ് ടോപ്പ് പാളി, ചെറുകിട ജലവൈദ്യുത പദ്ധതികളിലൂടെ നഷ്ടം നികത്താന്‍ കേന്ദ്രം

2016 ഡിസംബറിലെ കണക്ക് അനുസരിച്ച് സോളാര്‍ റൂഫ് ടോപ്പില്‍നിന്ന് 1.3 ജിഗാവാട്ട് വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കാനായത്. ലക്ഷ്യമിട്ടിരുന്നതിന്റെ മൂന്നു ശതമാനം മാത്രമാണിത്. 
സോളാര്‍ റൂഫ് ടോപ്പ് പാളി, ചെറുകിട ജലവൈദ്യുത പദ്ധതികളിലൂടെ നഷ്ടം നികത്താന്‍ കേന്ദ്രം


ന്യൂഡല്‍ഹി: സോളാര്‍ ഉള്‍പ്പെടെയുള്ള പാരമ്പര്യേതര മാര്‍ഗങ്ങളില്‍ ഊര്‍ജോത്പാദനം ശക്തമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പാളുന്നു. സോളാര്‍ റൂഫ് ടോപ്പ് പദ്ധതിക്കു വേണ്ടത്ര സ്വീകാര്യത ലഭിക്കാത്തതാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ഇതോടെ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ ഉള്‍പ്പെടെയുള്ള ഊര്‍ജോത്പാദന മാര്‍ഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാണ് കേന്ദ്രനീക്കം.

2022ഓടെ പാരമ്പര്യേതര മാര്‍ഗങ്ങളില്‍നിന്ന് 175 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ 40 ജിഗാവാട്ട് ആണ് സോളാര്‍ റൂഫ് ടോപ്പ് പദ്ധതിയില്‍നിന്ന് ഉത്പാദിപ്പിക്കാന്‍ പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍ പദ്ധതി പ്രഖ്യാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നാമമാത്രമായ പുരോഗതിയാണ് ഈ മേഖലയില്‍ ഉണ്ടാക്കാനായത്. 2016 ഡിസംബറിലെ കണക്ക്് അനുസരിച്ച് സോളാര്‍ റൂഫ് ടോപ്പില്‍നിന്ന് 1.3 ജിഗാവാട്ട് വൈദ്യുതി മാത്രമാണ് ഉത്പാദിപ്പിക്കാനായത്. ലക്ഷ്യമിട്ടിരുന്നതിന്റെ മൂന്നു ശതമാനം മാത്രമാണിത്. 

സോളാര്‍ റൂഫ്‌ടോപ്പ് പദ്ധതിയുമായി മുന്നോട്ടുപോവുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ കാര്യമായ ഫലം ചെയ്യില്ലെന്നാണ് നവീന ഊര്‍ജ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഉയര്‍ന്ന നിക്ഷേപം തന്നെയാണ് പ്രധാനമായും ഇതിനു വിലങ്ങുതടിയാവുന്നത്. നിക്ഷേപത്തിന് അനുസരിച്ചുളള റിട്ടേണ്‍ ഇല്ലെന്നതിനാല്‍ വീടുകള്‍ക്കും മറ്റു കെട്ടിടങ്ങള്‍ക്കും മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ ആളുകള്‍ മടിക്കുകയാണ്. പാനലുകളുടെ വില സമീപവര്‍ഷങ്ങളില്‍ ഗണനീയമായ വിധം കുറഞ്ഞിട്ടുണ്ടെങ്കിലും വൈദ്യുതിയുടെ നിലവിലെ വില വച്ചുനോക്കുമ്പോള്‍ നിക്ഷേപതോത് കൂടുതലാണ്. സര്‍ക്കാര്‍ സബ്‌സിഡി ഉണ്ടെങ്കില്‍ പോലും ഉയര്‍ന്ന നിക്ഷേപം എന്ന ഘടകത്തെ മറികടക്കാന്‍ അതിന് ആയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയില്‍ പൊതുവേ കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും സോളാര്‍ റൂഫ്‌ടോപ്പ് പദ്ധതിക്കു തടസമാവുന്നുണ്ട്. തുണി ഉണക്കുന്നതിനു മുതല്‍ ചെറിയ പാര്‍ട്ടികള്‍ക്കു വരെ ടെറസിലെ സ്ഥലം ഉപയോഗിക്കുന്നതാണ് രാജ്യത്ത് നല്ലൊരു പങ്കിന്റെയും ശീലം. ഇത്തരം സൗകര്യങ്ങള്‍ ഒഴിവാക്കി അവിടെ സേളാര്‍ പാനല്‍ വയ്ക്കുന്നതിനോട് ആളുകള്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ല. ഈ രണ്ടു ഘടകങ്ങളാണ് റൂഫ്‌ടോപ്പ് സോളാര്‍ പദ്ധതിക്കു പ്രധാനമായും തടസമായി നില്‍ക്കുന്നത്.

സോളാര്‍ റൂഫ് ടോപ്പ് പദ്ധതി വേണ്ടത്ര മുന്നോട്ടുപോവാത്തതിനാല്‍ നേരത്തെ നിശ്ചയിച്ച ഊര്‍ജോത്പാദന ലക്ഷ്യത്തിലുണ്ടാവുന്ന കുറവ് ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ ഉള്‍പ്പെടെയുള്ളവയിലൂടെ നികത്താനാണ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ചെറുകിട ജലവൈദ്യുത പദ്ധതികള്‍, ബയോഗ്യാസ് പദ്ധതികള്‍ എന്നിവയാണ് മന്ത്രാലയത്തിന്റെ പരിഗണനയില്‍ ഉള്ളതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടന്നുവരികയാണ്. നേരത്തെ വേണ്ടെന്നുവച്ച, പരിസ്ഥിതി നാശം കുറഞ്ഞ ജലവൈദ്യുത പദ്ധതികള്‍ പരിഗണിക്കുക എന്ന നിര്‍ദേശമാണ് മന്ത്രാലയത്തിനു മുന്നിലുളളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com