ഫെരാരിക്കു ശേഷം ഇതാ സച്ചിന്‍ ജിടിആറും വിറ്റിരിക്കുന്നു!

ഫെരാരിക്കു ശേഷം ഇതാ സച്ചിന്‍ ജിടിആറും വിറ്റിരിക്കുന്നു!

മുംബൈ: കളി മതിയാക്കിയപ്പോ സച്ചിന്‍ കാര്‍ കമ്പം തീര്‍ന്നോ?  ലോകത്തുള്ള പ്രമുഖ കാറുകളുടെ കളക്ഷന്‍ ഗ്യാരേജില്‍ സൂക്ഷിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ കാര്‍ പ്രേമത്തെ കുറിച്ച് കൂടുതല്‍ പറയേണ്ട കാര്യമില്ല. ജര്‍മന്‍ കമ്പനി ബിഎംഡബ്ല്യുവിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറായ സച്ചിന് കാറുകളോടുള്ള കമ്പം കുറഞ്ഞോ എന്നാണ് ഇപ്പോള്‍ സംശയം. 

ബിഎംഡബ്ല്യു ഐ8, ഫെരാരി, മെഴ്‌സിഡസ് തുടങ്ങി വാഹന വിപണിയിലെ രാജകന്മാരെ ഗ്യാരേജിലെത്തിച്ചിരുന്ന സച്ചിന്‍ ഇപ്പോള്‍ വില്‍പ്പന മൂഡിലാണ്. 29 ടെസ്റ്റ് സെഞ്ച്വറികളുമായി ഡോണ്‍ ബ്രാഡ്മന്റെ റെക്കോഡിനൊപ്പം എത്തിയപ്പോള്‍ എഫ്1 ഇതിഹാസം മൈക്കല്‍ ഷൂമാക്കര്‍ സമ്മാനിച്ച ഫെറാരി 360 മോഡേണയാണ്
സച്ചിന്‍ ആദ്യം വില്‍പ്പന നടത്തിയത്. 2011 ല്‍ സൂറത്തിലെ ഒരു ബിസിനസ്മാന് ഫെറാരി വിറ്റശേഷം പിന്നെ ഗ്യാരേജില്‍ നിന്ന് ആരും പോയിട്ടില്ലായിരുന്നു.

ഇപ്പോഴിതാ പുതിയൊരാളും  സച്ചിന്റെ കാര്‍ കളക്ഷനില്‍ നിന്ന് വിട ചൊല്ലിയിരിക്കുന്നു. സാക്ഷാല്‍ നിസാന്‍ ജിടിആര്‍. അതെ, ലോകസ്‌പോര്‍ട്‌സ് കാറുകളില്‍ ഏറ്റവും വില്‍പ്പന നടക്കുന്ന ജിടി ആര്‍ തന്നെ. സാധാരണ ജിടി ആര്‍ അല്ല ഇത്. ഇത് ഈഗോയിസ്റ്റാണ്. ലിമിറ്റഡ് എഡിഷന്‍. അതായത് പ്രത്യേകം പറഞ്ഞുനിര്‍മിച്ചത്. പറഞ്ഞിട്ടു കാര്യമില്ല, വെറുതെ ഗ്യാരേജില്‍ ഇടുന്നതിനേക്കാള്‍ നല്ലത് വില്‍പ്പന നടത്തുന്നതാണെന്ന് സച്ചിന് തോന്നിയേക്കാം. 

പിന്നെ ഒന്നും നോക്കിയില്ല. വിറ്റു. ജപ്പാനീസ് ടൂണര്‍ കമ്പനി വാള്‍ഡിന്റെ ആഫ്റ്റര്‍ മാര്‍ക്കറ്റ് ബോഡി കിറ്റുകൂടി ഉണ്ടായിരുന്ന നിസ്സാന്‍ ജിടിആര്‍ മുംബൈയിലുള്ള ഒരു കാര്‍ പ്രേമിക്കാണ് വിറ്റത്.
 
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ 1.99 കോടി രൂപ പ്രൈസ് ടാഗിലാണ് ജിടിആര്‍ ഔദ്യോഗികമായി ഇന്ത്യയിലെത്തുന്നത്. ട്വിന്‍ ടര്‍ബോ വി6 3.8 ലിറ്റര്‍ എന്‍ജിനാണ് നിസ്സാന്‍ ജിടിആറിന് കരുത്ത് പകരുന്നത്. ഈ എന്‍ജിന്‍ 562 ബിഎച്ച്പി കരുത്തും 637 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കും. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന് 3 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 320 കിലോമീറ്ററാണ് പരമാവധി വേഗം.

ജോണ്‍ എബ്രഹാം, എഫ്1 ഡ്രൈവര്‍ നരെയ്ന്‍ കാര്‍ത്തികേയന്‍ തുടങ്ങിയ പ്രമുഖരാണ് ജിടി ആര്‍ സ്വന്തമായുള്ള പ്രമുഖര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com