ആധാര്‍ അതോറിറ്റിക്കെതിരെ ബാങ്കേഴ്‌സ് അസോസിയേഷന്‍ സുപ്രീം കോടതിയിലേക്ക്  

ആധാര്‍ കാര്‍ഡിലെ സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സെക്യൂരിറ്റി ഫീച്ചേഴ്‌സിന്റെ ന്യൂനതയും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ടെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍
ആധാര്‍ അതോറിറ്റിക്കെതിരെ ബാങ്കേഴ്‌സ് അസോസിയേഷന്‍ സുപ്രീം കോടതിയിലേക്ക്  

യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)യുടെ നിര്‍ദ്ദേശപ്രകാരമുള്ള ആധാര്‍ അനുബന്ധ സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ഉപാധികള്‍ പത്ത് ശതമാനം ബ്രാഞ്ചുകളിലും ഇല്ലെന്ന് ചൂണ്ടികാട്ടി ബാങ്ക് ജീവനക്കാര്‍ സുപ്രീം കോടതിയില്‍ പരാതി നല്‍കി. ആധാര്‍ കാര്‍ഡിലെ സ്വകാര്യതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും സെക്യൂരിറ്റി ഫീച്ചേഴ്‌സിന്റെ ന്യൂനതയും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ടെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി തോമസ് ഫ്രാന്‍കോ പറഞ്ഞു. പത്ത് ശതമാനം ബാങ്ക് ബ്രാഞ്ചുകളിലും ആധാര്‍ കേന്ദ്രങ്ങള്‍ തുടങ്ങണമെന്ന യുഐഡിഎഐ ഉത്തരവിനെ മുമ്പും ബാങ്കേഴ്‌സ് അസോസിയേഷന്‍ എതിര്‍ത്തിരുന്നു.

'ആരെങ്കിലും ക്രമകേട് കാണിച്ചാല്‍ ബാങ്ക് ഉദ്യോഗസ്ഥനായിരിക്കും ഉത്തരവാദിയെന്നാണ് നിയമം. എന്നാല്‍ വ്യാജ കാര്‍ഡുകള്‍ തിരിച്ചറിയാന്‍ ബാങ്ക് ഉദ്ദ്യോഗസ്ഥര്‍ക്ക് കഴിയില്ല. ആധാറിനായുള്ള വിവരങ്ങള്‍ ശേഖരിക്കുന്ന 49,000 എണ്‍റോള്‍മെന്റ് കേന്ദ്രങ്ങള്‍ ബ്ലാക്‌ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കെ എങ്ങനെയാണ് ഇത്തരമൊരു ക്രമകേടിന് ബാങ്ക് ഉദ്ദ്യോഗസ്ഥര്‍ ഉത്തരവാദികളാകുന്നത്', ഫ്രാന്‍കോ ചോദിക്കുന്നു. 

ഒരു ലക്ഷത്തിലധികം ഉദ്യോഗസ്ഥരാണ് ആധാറുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ആവശ്യമായിവരുകയെന്നും ഫ്രാങ്കോ ചൂണ്ടികാട്ടുന്നു. ജന്‍ ധന്‍ യോജന അക്കൗണ്ടുകള്‍ തുറക്കുന്നതിനും, നോട്ട് അസാധുവാക്കല്‍, അടല്‍ പെന്‍ഷന്‍ യോജന പോലെയുള്ളവയ്ക്കും മറ്റ് സര്‍ക്കാര്‍ പദ്ധതികള്‍ക്കും ബങ്ക് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അധിക പ്രയത്‌നങ്ങള്‍ക്ക് യാതൊരു പ്രതിഫലവും ലഭിച്ചിട്ടില്ലെന്നും ഫ്രാങ്കോ പറഞ്ഞു. 

ബാങ്കുകള്‍ സന്ദേശങ്ങള്‍ അയക്കുന്നത് അവസാനിപ്പിച്ച് ഉപഭോക്താക്കളെ നേരിട്ട് വിളിച്ച് ആധാര്‍ നടപടികള്‍ വിശദീകരിക്കണമെന്ന് സര്‍ക്കാര്‍ വക്താവ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 80 കോടിയോളം വരുന്ന ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടാന്‍ ബാങ്കുകള്‍ക്കാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com