കൂപ്പര്‍ ഒക്കെ എന്ത് , ഇതാണ് മോനേ കാര്‍

14 വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം റോയല്‍ ടച്ചോടെ ഒരു കാര്‍ 
കൂപ്പര്‍ ഒക്കെ എന്ത് , ഇതാണ് മോനേ കാര്‍

മുംബൈ:  റോള്‍സ് റോയസ് , ഈ പേര് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ഓടിയെത്തുക ഒരു രാജകീയ വാഹനം. ഇതിന് അന്വര്‍ത്ഥമാക്കുന്ന സുഖ സൗകര്യങ്ങളാണ് റോള്‍സ് റോയ്‌സിനെ മറ്റു കാറുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കാറുകളുടെ രാജാവ് എന്ന് കൂടി വിശേഷണമുളള ഈ ബ്രീട്ടിഷ് മോഡല്‍ കാര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. മറ്റു കാര്‍നിര്‍മ്മാതാക്കളെ പോലെ എപ്പോഴും പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്ന രീതിയല്ല റോള്‍സ് റോയ്‌സിന്റെത്. അതുകൊണ്ട് തന്നെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു പുതിയ മോഡല്‍ അവതരിപ്പിക്കുമ്പോള്‍ വിസ്മയങ്ങളും അത് ബാക്കിവെയ്ക്കും. രാജകീയ പ്രൗഢിയില്‍ അണുവിട വീട്ടുവീഴ്ചയ്ക്ക് റോള്‍സ് റോയ്‌സ് തയ്യാറല്ല. 14 വര്‍ഷങ്ങള്‍ക്ക് ശേഷം റോള്‍സ് റോയ്‌സ് അവതരിപ്പിച്ച ഫാന്റത്തിന്റെ വരവും റോയല്‍ ടെച്ചോടുകൂടിയാണ്. കാറുകളുടെ രാജാവ് എന്ന പദവി വീണ്ടും നിലനിര്‍ത്തിയെന്ന അവകാശവാദവുമായാണ് റോള്‍സ് റോയ്‌സ് ഫാന്റത്തെ അവതരിപ്പിച്ചിരിക്കുന്നത്.  എട്ടാം തലമുറയില്‍പ്പെട്ട ഫാന്റം ലക്ഷ്വറി സൗകര്യങ്ങളുടെ കാര്യത്തില്‍ ഏത് ആഡംബരകാറുകളെക്കാളും ഒരു പിടി മുന്‍പിലാണ്. ഇങ്ങനെ വിശേഷണങ്ങള്‍ പങ്കുവെയ്ക്കുമ്പോഴും റോള്‍സ് റോയ്‌സിനെ അറിയാവുന്നവര്‍ക്ക് വില കേട്ടാല്‍ ഞെട്ടില്ല. ഓണ്‍ ദി റോഡ് എട്ടുകോടി രൂപയാണ് കമ്പനിയിട്ടിരിക്കുന്ന വില.  1925 ല്‍ ബ്രിട്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം നാളിതുവരെ ആഡംബരകാറുകളുടെ നിരയില്‍ രാജകീയ പദവിഅലങ്കരിച്ച് അജയ്യനായി നിലകൊളളുകയാണ്


പതിവുപോലെ മാറിയ കാലഘട്ടത്തിന് അനുസരിച്ചുളള രൂപകല്പന അതേപ്പടി ഒപ്പിയെടുക്കുന്ന നിലയിലാണ് ഫാന്റത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഡിസൈന്‍ കണ്ടാല്‍ ആരും കുറ്റം പറയരുത് എന്ന കടുംപിടിത്തം കാറില്‍ ദൃശ്യമാണ്. 


ഏത് സാഹചര്യത്തിലാണെങ്കിലും റോള്‍സ് റോയ്‌സ് എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന കാറിന്റെ മുന്‍വശത്തെ പാര്‍ത്തിനോണ്‍ ഗ്രില്ലിനെ കൂടുതല്‍ മോടി പിടിപ്പിച്ചാണ് ഫാന്റത്തെ അവതരിപ്പിച്ചിരിക്കുന്നത്. കാറിന്റെ ബോഡിക്ക് കൂടുതല്‍ ആകര്‍ഷണീയത നല്‍കിയ രൂപകല്പനയാണ് മുന്‍വശത്ത് ഒരുക്കിയിരിക്കുന്നത്. 


ആഡംബര കാറുകളുടെ ഭാഷയില്‍ പറഞ്ഞാല്‍ square jawed look ആണ് കാറിനുളളത്. ചെളി തെറിക്കാതിരിക്കാന്‍ ടയറുകള്‍ക്ക് സംരക്ഷണം നല്‍കുന്ന fender പുറത്തേയ്ക്ക് തളളി നില്‍ക്കുന്ന നിലയിലാണ് . ഇത് കാറിന് കൂടുതല്‍ മിഴിവേകുന്നു


കാറിന്റെ മുന്‍പിലെ വൈഡ് ഹെഡ് ലൈറ്റിന് ചുറ്റുമുളള എല്‍ഇഡി സ്ട്രിപ്പും കാറിന് റോയല്‍ ടച്ചാണ് നല്‍കുന്നത്. കുഴിഞ്ഞ ബോഡിവര്‍ക്കാണ് ഇതിന്റെ മറ്റൊരു സവിശേഷത. റോള്‍സ് റോയ്‌സിനെ മറ്റു ആഡംബരകാറുകളില്‍ നിന്നും വ്യത്യസ്തമാകുന്ന സിഗ്നേച്ചര്‍ റിയര്‍ ഡോറുകള്‍, എളുപ്പം യാത്രക്കാരന് അകത്ത് പ്രവേശിക്കാന്‍ പാകത്തിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതും രാജകീയ ചന്തമാണ് കാറിന് പകരുന്നത്. ലതറില്‍ തീര്‍ത്ത സീറ്റുകളില്‍ വുഡന്‍ ടച്ചും മറ്റ് ആഡംബര സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.  സുഖനിദ്ര പ്രദാനം ചെയ്യുന്ന നിലയില്‍ നീണ്ടുനിവര്‍ന്ന സീറ്റുകളാണ് മുന്‍പിലും പിന്‍പിലും ഒരുക്കിയിരിക്കുന്നത്


വൈ ആകൃതിയിലുളള സ്റ്റീയറിംഗാണ് മറ്റൊരു പ്രത്യേകത.  ഡ്രൈവ് ചെയ്യുന്നതിന് ഒപ്പം മറ്റു സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് ബട്ടണുകളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. 


6.75 ലിറ്റര്‍ വി 12 എന്‍ജിനിന്റെ 555 കുതിരശക്തി കാറിനെ കൂടുതല്‍ കരുത്തുളളതാകുന്നു. ടോര്‍ക്യൂ ലെവലായ കോളോസല്‍ 900 എന്‍എമ്മിലേക്ക് ബൂസ്റ്റ് ചെയ്യാന്‍ സഹായിക്കുന്ന ട്വിന്‍ ടര്‍ബോ ചാര്‍ജേഴ്‌സ് മറ്റൊരു പ്രത്യേകതയാണ്.  ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ഇലക്ട്രിക്കലായി അടയുന്ന തരത്തിലാണ് മുന്‍വശത്തെ ഡോറുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇത് ആദ്യമായിട്ടാണ് റോള്‍സ് റോയ്‌സ് കാറുകളില്‍. പിന്‍സീറ്റുകളിലെ കുഷ്വനുകളില്‍ നിറച്ചിരിക്കുന്ന വായുവും യാത്രക്കാര്‍ക്ക് മികച്ച യാത്ര സമ്മാനിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com