നോട്ടുഅസാധുവാക്കലിന് പിന്നാലെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ കമ്പനികള്‍ അക്കൗണ്ടിലിട്ടത് 17000 കോടി രൂപ 

രജിസ്‌ട്രേഷന്‍ റദ്ദാക്കിയ 35000 കമ്പനികളുടെ 58000 ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍
നോട്ടുഅസാധുവാക്കലിന് പിന്നാലെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ കമ്പനികള്‍ അക്കൗണ്ടിലിട്ടത് 17000 കോടി രൂപ 

ന്യൂഡല്‍ഹി : നോട്ടുഅസാധുവാക്കലിന് ശേഷം രജിസ്‌ട്രേഷന്‍ റദ്ദാക്കിയ കമ്പനികള്‍ 17000 കോടി രൂപ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്തതായി കേന്ദ്രസര്‍ക്കാര്‍. രജിസ്‌ട്രേഷന്‍ റദ്ദാക്കിയ 35000 കമ്പനികളുടെ 58000 ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.  നോട്ടു അസാധുവാക്കല്‍ പ്രഖ്യാപിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത്.  ഇതിന് പുറമേ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ഇത്തരം കമ്പനികളുടെ 3.09 ലക്ഷം ഡയറക്ടര്‍മാരെ അയോഗ്യരാക്കിയതായും സര്‍ക്കാര്‍ അറിയിച്ചു. 

നോട്ടുഅസാധുവാക്കലിന് ശേഷം രണ്ട് വര്‍ഷമോ അതിലധികമോ കാലം നിഷ്‌ക്രിയാവസ്ഥയിലായിരുന്ന 2.24ലക്ഷം കമ്പനികളുടെ രജിസ്‌ട്രേഷന്‍ രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റദ്ദാക്കിയിരുന്നു. ഇതിലെ 35000 കമ്പനികളുടെ സംശയാസ്പദമായ നിക്ഷേപങ്ങളെയും പിന്‍വലിക്കലുകളെയും കുറിച്ചുളള വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.   ഇതില്‍ ഒരു അക്കൗണ്ട്  നോട്ടുഅസാധുവാക്കലിന് തൊട്ടുമുന്‍പ് വരെ നെഗറ്റീവ്് ബാലന്‍സ് ആയിരുന്നു. നോട്ടുഅസാധുവാക്കലിന് പിന്നാലെ 2484 കോടി രൂപ നിക്ഷേപിക്കുകയും അത്രയും തന്നെ തുക ഈ അക്കൗണ്ടില്‍ നിന്നും പിന്‍വലിച്ചതായും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

രജിസ്‌ട്രേഷന്‍ റദ്ദാക്കിയ കമ്പനികളുടെ പ്രവര്‍ത്തനം പുന:സ്ഥാപിക്കുന്നതുവരെ സ്ഥാവര ജംഗമ വസ്തുക്കളുടെ കൈമാറ്റം തടയുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഇത്തരം കമ്പനികളുടെ ബാങ്ക് അക്കൗണ്ടിന്മേല്‍ നടപടി എടുക്കുന്നതിന് പുറമേയാണിത്.  ഇത്തരം കടലാസുകമ്പനികള്‍ക്ക് എതിരെ എടുക്കുന്ന നടപടികള്‍ വിലയിരുത്താന്‍ പ്രത്യേക ദൗത്യ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം റവന്യൂ സെക്രട്ടറിയും, കമ്പനികാര്യ സെക്രട്ടറിയും സംയുക്ത അധ്യക്ഷന്‍മാരായുളള ദൗത്യസംഘമാണ് പരിശോധന നടത്തിവരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com