കണ്ടാല്‍ ആരും ഒന്നും കൊതിച്ചുപോകും, ഈ ഇരട്ട ചങ്കനെ...

യുവതയുടെ സ്വപ്‌നങ്ങള്‍ക്ക് ഹരം പകരുന്ന ഒന്നാണോ ഇത് ?  നിങ്ങള്‍ തീരുമാനിക്കൂ... 
കണ്ടാല്‍ ആരും ഒന്നും കൊതിച്ചുപോകും, ഈ ഇരട്ട ചങ്കനെ...

യുവതയുടെ ഹരമാണ് ഇന്ന് ബുളളറ്റ്. ഒരു ബുളളറ്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത ഒരു യുവാവും ഉണ്ടാകില്ല നാട്ടില്‍.  ആരോക്കെ എന്തൊക്കേ പറഞ്ഞാലും ശബ്ദം തന്നെയാണ് ബുളളറ്റ് എന്ന പേരിലേക്ക് യുവാക്കളെ ചേര്‍ത്തുവെയ്ക്കുന്ന മുഖ്യഘടകം. യുവതയുടെ സ്വപ്‌നങ്ങള്‍ക്ക് നിറച്ചാര്‍ത്ത് നല്‍കുന്ന മോഡലുകള്‍ അവതരിപ്പിച്ച് ഇവരെ കൈയില്‍ എടുക്കാന്‍ എപ്പോഴും റോയല്‍ എന്‍ഫീല്‍ഡ് ശ്രമിക്കാറുണ്ട്. ഇപ്പോള്‍ ഇതാ പുത്തന്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇരട്ട എന്‍ജിന്‍ ഘടിപ്പിച്ച ബുളളറ്റ് അവതരിപ്പിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്.  റോയല്‍ എന്‍ഫീല്‍ഡിന്റെ മാത്യരാജ്യമായ ഇംഗ്ലണ്ടിലാണ് പുതിയ മോഡല്‍ പുറത്തിറക്കിയത്. 

650 സിസി കരുത്തുളള പുതിയ മോഡലില്‍ എയര്‍ കൂള്‍ഡ് പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് ഘടിപ്പിച്ചിരിക്കുന്നത്. ആഗോള തലത്തില്‍ കൂടുതല്‍ സ്വീകാര്യത കൈവരിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് എന്‍ജിന്‍ ശേഷി ഉയര്‍ത്തിയത്. ഇതിന് പുറമേ റോയല്‍ എന്‍ഫീല്‍ഡിന് ഒരു ആധുനിക പരിവേഷം നല്‍കുക എന്ന ഉദേശവും ഇതിന് പിന്നിലുണ്ട്. തുടര്‍ച്ചയായി ഗിയര്‍ മാറുന്നത് യാത്രയെ എപ്പോഴും അലോസരപ്പെടുത്താറുണ്ട്. ഇതിന് താല്ക്കാലിക പരിഹാരമെന്നോണം ടോര്‍ക്യൂ ലെവലില്‍ വിപുലമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുന്നത്. സുഗമമായ യാത്ര ഇതുവഴി സാധ്യമാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

റോയല്‍ എന്‍ഫീല്‍ഡ് യുകെ ടെക്‌നോളജി സെന്ററും, ഇതിന്റെ ചെന്നൈ ടീമും സംയുക്തമായാണ് 650 സിസി വരുന്ന പുത്തന്‍ എന്‍ജിന്‍ വികസിപ്പിച്ചത്.  പുതിയ എന്‍ജിന് 47 ബിഎച്ച്പി ശേഷിയുണ്ട്. 52 എന്‍എം ടോര്‍ക്യൂ ലെവലാണ് മറ്റൊരു പ്രത്യേകത. ഇരട്ടക്കുഴല്‍ സൈലന്‍സര്‍ പൈപ്പുകള്‍ ഘടിപ്പിച്ച പുതിയ മോഡല്‍ സൗന്ദര്യ ആരാധകരുടെ വരെ പ്രശംസ പിടിച്ചുപറ്റും. റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റു മോഡലുകളില്‍ നിന്നും വിഭിന്നമാക്കാന്‍ ശബ്ദത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇരട്ടക്കുഴല്‍ സൈലന്‍സര്‍ പൈപ്പുകള്‍ ശബ്ദം കൂടുതല്‍ ആകര്‍ഷണീയമാകാന്‍ സഹായിക്കും. ഇതനുസരിച്ചുളള സാങ്കേതികവിദ്യയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com