'അസംഘടിത മേഖല നിലനിന്നത് ശുദ്ധ നികുതിവെട്ടിപ്പിന്റെ മുകളില്‍'

ഒരു ക്വാര്‍ട്ടറില്‍ ജിഡിപി കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാന്ദ്യം സംഭവിച്ചു എന്ന് പറയുന്നത് നിരുത്തരവാദപരമാണ്
'അസംഘടിത മേഖല നിലനിന്നത് ശുദ്ധ നികുതിവെട്ടിപ്പിന്റെ മുകളില്‍'

നോട്ട് അസാധുവാക്കലിനെ ഒറ്റപ്പെട്ട ഒരു നയമായി കാണരുതെന്നും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിക്കാനും സുതാര്യമാക്കാനുമുള്ള അഞ്ച് ഇനിഷിയേറ്റീവുകളുടെ ഭാഗമാണ് ഡിമോണറ്റൈസേഷനെന്നും സാമ്പത്തികവിദഗ്ധന്‍ ഡോ. വി കെ വിജയകുമാര്‍. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനം ഒരു വര്‍ഷം പിന്നിട്ട സാഹചര്യത്തില്‍ കേന്ദ്ര നടപടിയെ വിലയിരുത്തി സമകാലിക മലയാളത്തോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ജിഎസ്ടി, ഡയറക്ട് ബനഫിറ്റ്ട്രാന്‍സ്ഫര്‍ ആധാറുമായി ബന്ധിപ്പിക്കുക, ഭൂമി ഇടപാടുകള്‍ ആധാര്‍ ലിങ്ക്ഡ് ആകുക എന്നിങ്ങനെ വലിയ പരണിതഫലം ഉണ്ടാക്കുന്ന പരിഷ്‌കാരങ്ങളുടെ ഒരു സീരീസാണ് മുന്നിലുള്ളത്. അതില്‍ ഒന്ന് മാത്രമാണ് നോട്ട് അസാധുവാക്കല്‍. ഇതുവഴി കൂടുതല്‍ സുതാര്യമായ സമ്പദ്‌വ്യവസ്ഥയാണ് ലക്ഷ്യമിടുന്നത്- വിജയകുമാര്‍ പറഞ്ഞു.

'നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത് പ്രധാനമായും മൂന്ന് ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ്. കള്ളപ്പണം പുറത്തുകൊണ്ടുവരുക, കള്ള നോട്ടുകള്‍ ഇല്ലായ്മ ചെയ്യുക, ക്യാഷ്‌ലെസ് ഇക്കണോമി അല്ലെങ്കില്‍ ഡിജിറ്റല്‍ ഇക്കണോമി ആയി രാജ്യത്തെ മാറ്റുക. നോട്ട് അസാധുവാക്കുന്നതുവഴി 45 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ തിരിച്ചുവരില്ല എന്നതായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടല്‍. എന്നാല്‍ ആ ഉദ്ദേശ്യം സാധ്യമാക്കാന്‍ കഴിഞ്ഞില്ല. 99 ശതമാനം നോട്ടുകളും തിരിച്ചുവരികയാണുണ്ടായത്. പക്ഷെ നോട്ടുകള്‍ തിരിച്ചെത്തിയതുകൊണ്ടുമാത്രം എല്ലാം പണവും വൈറ്റ് മണിയാണെന്ന് പറയാന്‍ കഴിയില്ല. 19 ലക്ഷം അക്കൗണ്ടുകളില്‍ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്ന പണവും ഡിപ്പോസിറ്റ് ചെയ്തിരിക്കുന്ന ആളുടെ വരുമാനവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്'- വിജയകുമാര്‍ പറഞ്ഞു.

കഴിഞ്ഞ എട്ട് വര്‍ഷമായി 10 ശതമാനം നികുതി അടച്ചിരുന്ന ചെന്നൈയിലെ ഒരു ഡോക്ടറുടെ അക്കൗണ്ടില്‍ ഡെപ്പോസിറ്റ് ചെയ്യപ്പെട്ടത് 1000 കോടി രൂപയാണെന്ന കണ്ടെത്തല്‍ ഇതിന് ഉദ്ദാഹരണമാണെന്ന് വിജയകുമാര്‍ ചൂണ്ടികാട്ടുന്നു. ഇത് പോലെയുള്ള സംഭവങ്ങളെ പിന്തുടരുന്നതിലൂടെ സര്‍ക്കാരിന് വരുമാനം ലഭിക്കാനുള്ള വലിയ സാധ്യതയുണ്ട് പക്ഷെ അതിന് വേണ്ട നടപടിക്രമങ്ങള്‍ സമയമെടുക്കുന്നതാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കള്ളനോട്ടുകള്‍ കണ്ടെത്തുക എന്ന ലക്ഷ്യം ഫലം കണ്ടില്ല. എന്നാല്‍ ഏറ്റവും പുതിയ ഡാറ്റാകള്‍ പരിശോധിക്കുമ്പോള്‍ ഡിജിറ്റല്‍വല്‍കരണം എന്നുള്ളത് വിജയകരമായിരുന്നു. ഡിജിറ്റല്‍ ഇടപാടുകള്‍ ഇരട്ടിയായിട്ടുള്ളതായി കാണാന്‍ കഴിയും. 2016 ഒക്ടോബര്‍ മുതല്‍ 2017 ഒക്ടോബര്‍ വരെയുള്ള ഇടപാടുകള്‍ എടുക്കുമ്പോള്‍ 100 ശതമാനം ഉയര്‍ച്ച തന്നെയാണ് കാണാന്‍ സാധിക്കുക- അദ്ദേഹം പറഞ്ഞു.

നോട്ട് അസാധുവാക്കലിനെതുടര്‍ന്ന് ജിഡിപി മന്ദഗതിയിലായതായിരുന്നു സര്‍ക്കാര്‍ നേരിട്ട പ്രധാന ആക്ഷേപം. എന്നാല്‍ ഇത് ഒരു പാദത്തിലെ കാര്യമാണ്. ഈ വര്‍ഷം അവസാനം നോക്കിയാല്‍ ഇന്ത്യയ്ക്ക് 6.7 ശതമാനം വളര്‍ച്ചയുണ്ടാവുമെന്ന് ഡോ. വിജയകുമാര്‍ പറഞ്ഞു. ലോകത്തിലെതന്നെ ഏറ്റവും മികച്ച രണ്ടാമത്തെ വളര്‍ച്ചാനിരക്കായായിരിക്കും ഇത്. ഒരു ക്വാര്‍ട്ടറില്‍ ജിഡിപി കുറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാന്ദ്യം സംഭവിച്ചു എന്ന് പറയുന്നത് നിരുത്തരവാദപരമാണ്. നോട്ട് അസാധുവാക്കലും ജിഎസ്ടിയും നടപ്പിലാക്കിയത് സാമ്പത്തിക പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. പക്ഷെ അത് താത്കാലികമായ ഒന്ന് മാത്രമാണ്.

ദുര്‍ബല വിഭാഗം ആളുകളെയും ബിസിനസ്സുകാരെയുമാണ് നോട്ട് അസാധുവാക്കലും ജിഎസ്ടിയുമൊക്കെ ഏറ്റവുമധികം ബാധിച്ചത് എന്നതു ശരിയാണെന്ന് അദ്ദേഹം പറയുന്നു. അണ്‍ഓര്‍ഗനൈസ്ഡ് സെക്ടറിലുള്ളവരാണ് കൂടുതല്‍ ബുദ്ധിമുട്ടിയത്. എന്നാല്‍ എന്തുകൊണ്ടാണ് ഈ വിഭാഗത്തെ ഈ പ്രശ്‌നം കൂടുതല്‍ ബാധിക്കുന്നു എന്നത് ആരും ചര്‍ച്ചചെയ്യുന്നില്ല. ഈ വിഭാഗം ശുദ്ധ നികുതിവെട്ടിപ്പിന്റെ മുകളിലായിരുന്നു നിലനിന്നിരുന്നത് എന്നതാണ് സത്യം. നികുതി വെട്ടിച്ച് ആരും നിലനില്‍ക്കാന്‍ പാടില്ല. ചെറുകിടക്കാര്‍ക്ക് നികുതി വെട്ടിക്കാം എന്നില്ലല്ലോ. അവര്‍ ഓര്‍ഗനൈസ്ഡ് വിഭാഗത്തിലേക്ക് വരണം'- അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com