ട്വിറ്ററില്‍ ഇനി ഇരട്ടിയെഴുതാം

കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായാണ് ഈ പുതിയ മാറ്റം
ട്വിറ്ററില്‍ ഇനി ഇരട്ടിയെഴുതാം

140ല്‍ നിന്ന് 280തായി ഉയര്‍ത്തികൊണ്ട് ട്വീറ്റുകളിലെ അക്ഷരപരിധി ഇരട്ടിയാക്കിയിരിക്കുകയാണ് ട്വിറ്റര്‍. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായാണ് ഈ പുതിയ മാറ്റം. അക്ഷരപരിമിധി ഉയര്‍ത്തുകയാണെന്നും എല്ലാവരുടെയും ആശയങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും അവിഷ്‌കരിക്കാനുളള സാഹചര്യമൊരുക്കുകയാണ് ഉദ്ദേശ്യമെന്നും ട്വിറ്റ് ചെയ്തുകൊണ്ടാണ് പുതിയ മാറ്റം ട്വിറ്റര്‍ പ്രഖ്യാപിച്ചത്.

സെപ്തംബര്‍ ആദ്യം മുതല്‍ അക്ഷരപരിധി വര്‍ദ്ധിപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ ട്വിറ്റര്‍ ആരംഭിച്ചിരുന്നു. 280 അക്ഷരങ്ങള്‍ എന്ന പുതിയ പരിഷ്‌കരണത്തിന്റെ ഉദ്ഘാടന ട്വീറ്റ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഏഷ്യാ സന്ദര്‍ശനത്തിനിടയില്‍ കുറിക്കുകയായിരുന്നു. 

അക്ഷരനിയന്ത്രണം പ്രശ്‌നമല്ലാത്ത ജപ്പാനീസ്, കൊറിയന്‍, ചൈനീസ് ഭാഷകളിലൊഴിച്ച് മറ്റെല്ലാ ഭാഷകളിലും പുതിയ മാറ്റം ലഭ്യമായിരിക്കുമെന്ന് ട്രിറ്റര്‍ വൃത്തങ്ങള്‍ അറിയിച്ചു. ട്വിറ്റര്‍ സ്ഥാപിതമായി 11 വര്‍ഷം പിന്നിടുമ്പോള്‍ ഇതാദ്യമായാണ് അക്ഷരങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള ഒരു പരിഷ്‌കരണം ഉണ്ടാകുന്നത്. 

ട്വിറ്ററിന്റെ പ്രധാന സവിശേഷതകളായ വേഗതയും സംക്ഷിപ്തതയും നിലനിര്‍ത്തികൊണ്ടുതന്നെ പുതിയ മാറ്റം അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ട്വിറ്ററിന്റെ പ്രൊഡക്ട് മാനേജര്‍ അലിസാ റോസെന്‍ പറഞ്ഞു. ആദ്യ ദിവസങ്ങളില്‍ ആളുകള്‍ 280 എന്ന ലിമിറ്റ് മുഴുവനായി ഉപയോഗപ്പെടുത്തുന്നുണ്ടായിരുന്നു. എന്നാല്‍ ഇതുവഴി പുതിയമാറ്റത്തെ ആസ്വദിക്കുകയായിരുന്നു ആളുകളെന്നും ട്വീറ്റുകളുടെ സ്വഭാവം പൂര്‍വ്വസ്ഥിതിയിലേക്ക് പിന്നീട് മാറുകയുണ്ടായെന്നും റോസെന്‍ പറഞ്ഞു. ട്വിറ്ററിന്റെ സംക്ഷിപ്തതയ്ക്ക് മാറ്റമുണ്ടായില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.എതിരാളികളായ മറ്റ് സാമൂഹിക മാധ്യമങ്ങളെ അപേക്ഷിച്ച് ഉപയോക്താക്കളുടെ എണ്ണം ഉയര്‍ത്തുന്നതിലും ലാഭസാധ്യതയിലേക്കെത്തുന്നതിലും പിന്നിലായിരുന്നു ട്വിറ്റര്‍. 

എന്നാല്‍ ഈ പുതിയ പരിഷ്‌കരണം മറ്റ് സമൂഹമാധ്യമങ്ങളില്‍ നിന്ന് വ്യത്യസ്തമായി ട്വിറ്ററിന് മാത്രമുണ്ടായിരുന്ന സവിശേഷതയെ ഇല്ലാതാക്കുമോ എന്ന ആശങ്ക ഉപയോക്താക്കള്‍ പങ്കുവയ്ക്കുന്നുണ്ട്. ഇത്തരം മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ഇത് അവസരമാകുമെന്നും ആശങ്കകളുയരുന്നുണ്ട്. സെലിബ്രിറ്റികളും മാധ്യമപ്രവര്‍ത്തകരം രാഷ്ട്രീയക്കാരും ഉള്‍പ്പെടുന്ന ഒരു വലിയ വിഭാഗത്തിന്റെ ഇഷ്ട തട്ടകമാണ് ട്വിറ്ററെങ്കിലും ഒരിക്കല്‍പോലും ലാഭം നേടാന്‍ ട്വിറ്ററിന് കഴിഞ്ഞിട്ടില്ല.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com