രാജ്യത്തെ കയറ്റുമതിയും ഇടിയുന്നു;  വെട്ടിലായി ബിജെപി സര്‍ക്കാര്‍

ഒക്ടോബറില്‍ കയറ്റുമതിയില്‍ 1.1 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്
രാജ്യത്തെ കയറ്റുമതിയും ഇടിയുന്നു;  വെട്ടിലായി ബിജെപി സര്‍ക്കാര്‍

ന്യൂഡല്‍ഹി : ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച താഴ്ന്നതിന് പിന്നാലെ കയറ്റുമതിയിലും ഇടിവ് നേരിട്ടത് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി. ജൂണ്‍ പാദത്തില്‍ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചാ നിരക്ക് 5.7 ശതമാനമായി താഴ്ന്നിരുന്നു. ഇത് അടുത്ത കാലത്തെ ഏറ്റവും താഴ്ന്ന നിരക്കാണ് എന്ന കാരണത്താല്‍ പ്രതിപക്ഷം ഒന്നടങ്കം ബിജെപി സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികളെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ കയറ്റുമതിയും ഇടിഞ്ഞത് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. 

ഒക്ടോബറില്‍ കയറ്റുമതിയില്‍ 1.1 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഇത് 2016 ആഗസ്റ്റിന് ശേഷമുളള ഏറ്റവും താഴ്ന്ന നിരക്കാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2310 കോടി ഡോളറാണ് ഒക്ടോബറിലെ കയറ്റുമതി. രത്‌നങ്ങള്‍, സ്വര്‍ണാഭരണങ്ങള്‍, വസ്‌ത്രോല്‍പ്പനങ്ങള്‍ എന്നിവയുടെ കയറ്റുമതിയില്‍ ഉണ്ടായ ഇടിവാണ് ഇതിന് കാരണം. ഇതിന് പുറമേ ചരക്കുസേവന നികുതിയുടെ അപാകതകളും കയറ്റുമതിയില്‍ പ്രതിഫലിച്ചു. കേന്ദ്രസര്‍ക്കാരില്‍ നിന്നുളള റീഫണ്ട് വൈകുന്നത് കയറ്റുമതിക്കാരുടെ പണലഭ്യതയെ സാരമായി ബാധിച്ചു. 

അതേസമയം വ്യാപാരകമ്മിയും 35 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തി നില്‍ക്കുകയാണ്. കയറ്റുമതി കുറയുകയും ഇറക്കുമതി ക്രമാതീതമായി വര്‍ധിച്ചതുമാണ് ഇതിന് കാരണം. ഒക്ടോബറില്‍ രാജ്യത്തിന്റെ വ്യാപാരകമ്മി 1400 കോടി ഡോളറാണ്. ഇറക്കുമതി 7.6 ശതമാനം ഉയര്‍ന്ന് 3710 കോടി ഡോളറായി ഉയര്‍ന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com