'ദി ട്രസ്റ്റ് പ്രൊജക്ട്', വ്യാജ വാര്‍ത്തയിക്കെതിരേയുള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍ ഫേസ്ബുക്കും ഗൂഗിളും 

പ്രധാന മാധ്യമ സ്ഥാപനങ്ങളെല്ലാം ഇതോടെ ട്രസ്റ്റ് ഐക്കണ്‍ ഡിസ്‌പ്ലെ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.
 'ദി ട്രസ്റ്റ് പ്രൊജക്ട്', വ്യാജ വാര്‍ത്തയിക്കെതിരേയുള്ള പോരാട്ടത്തില്‍ പങ്കുചേരാന്‍ ഫേസ്ബുക്കും ഗൂഗിളും 

ദി ട്രസ്റ്റ് പ്രൊജക്ടിലൂടെ വ്യാജ വാര്‍ത്തകള്‍ക്കെതിരെ പോരാടാനും വായനക്കാരെ വിശ്വാസയോഗ്യമായ വാര്‍ത്തകള്‍ കണ്ടെത്താന്‍ സഹായിക്കാനുമായി ഫേസ്ബുക്ക്, ഗൂഗിള്‍, ട്വിറ്റര്‍ എന്നീ സമൂഹ മാധ്യമങ്ങളും നിരവധി മാധ്യമ സ്ഥാപനങ്ങളും ഒന്നിക്കുന്നു. സാന്റാ ക്ലാരാ സര്‍വകലാശാലയിലെ അവാര്‍ഡ് ജേതാവായ ജേര്‍ണലിസ്റ്റ് സാലി ലെഹര്‍മാനാണ് പ്രൊജക്ട് നയിക്കുന്നത്.

ഫേസ്ബുക്കില്‍ ന്യൂസ് ഫീഡില്‍ വരുന്ന ആര്‍ട്ടിക്കിളുകളോടൊപ്പം ഒരു ഐകണ്‍ കാണാന്‍ സാധിക്കും. ഈ ഐകണില്‍ ക്ലിക് ചെയ്യുമ്പോള്‍ വാര്‍ത്തയെകുറിച്ചും വാര്‍ത്ത നല്‍കിയ സ്ഥാപനത്തെകുറിച്ചുമുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. സ്ഥാപനത്തിന്റെ ധാര്‍മിക നിലപാടുകളും വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകനെകുറിച്ചുള്ള വിവരങ്ങളും ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ടാകും. 

പ്രധാന മാധ്യമ സ്ഥാപനങ്ങളെല്ലാം ഇതോടെ ട്രസ്റ്റ് ഐക്കണ്‍ ഡിസ്‌പ്ലെ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. 75ഓളം മാധ്യമ സ്ഥാപനങ്ങളില്‍ നിന്നുള്ള നേതാക്കളാണ് ഈ ട്രസ്റ്റ് ഇന്‍ഡിക്കേറ്റേഴ്‌സ് തയ്യാറാക്കിയിരിക്കുന്നതെന്ന് സര്‍വകലാശാല ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. 'ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, ബിംഗ് തുടങ്ങിയ സാമൂഹ മാധ്യമങ്ങള്‍ ഈ സൂചകങ്ങള്‍ ഉപയോഗിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഗുണമേന്മയുള്ള മാധ്യമപ്രവര്‍ത്തനത്തിന് വഴിയൊരുക്കാന്‍ ഈ മാര്‍ഗ്ഗം പരമാവധി ഉപയോഗിക്കാനാണ് തീരുമാനം', സര്‍വകലാശാലയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 

വായിക്കുന്ന വാര്‍ത്തകള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ വശങ്ങളെകുറിച്ചറിയാന്‍ ഒരു വലിയ വിഭാഗം വായനക്കാര്‍ക്കും താല്‍പര്യമുണ്ടെന്നും ട്രസ്റ്റ് ഇന്‍ഡിക്കേറ്റേഴ്‌സ് വഴി വാര്‍ത്തകള്‍ ശരിയായ ശ്രോതസ്സുകളില്‍ നിന്നുള്ളവയാണെന്ന് ഉറപ്പുവരുത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും ലെഹര്‍മാന്‍ അഭിപ്രായപ്പെട്ടു. ജര്‍മന്‍ പ്രസ്സ് ഏജന്‍സി ഡിപിഎ, ദി ഇക്കണോമിസ്റ്റ്, ദി ഗ്ലോബ് ആന്‍ഡ് മെയില്‍, ദി ഇന്‍ഡിപെന്‍ഡന്റ് ജേര്‍ണല്‍ റിവ്യൂ, ട്രിനിറ്റി മിറര്‍, ദി വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ കമ്പനികളാണ് ഈ മാസം മുതല്‍ ട്രസ്റ്റ് ഇന്‍ഡിക്കേറ്ററുമായി തല്‍സമയം വാര്‍ത്ത നല്‍കാന്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com