കളളപ്പണത്തിന് മൂക്കുകയറിടല്‍: വസ്തു ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍

കളളപ്പണത്തിന് മൂക്കുകയറിടല്‍: വസ്തു ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി മോദി സര്‍ക്കാര്‍

ഭൂരിപക്ഷം കളളപ്പണവും വസ്തു ഇടപാടുകളിലും മറ്റുമായാണ് സൂക്ഷിച്ചു വരുന്നത്. ഇതിന് തടയിടാനാണ് മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ന്യൂഡല്‍ഹി: കളളപ്പണം ഫലപ്രദമായി തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ വസ്തു ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കളളപ്പണം തടയുന്നതിന് അപ്രതീക്ഷിതമായി നോട്ടുകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നോട്ടുകളില്‍ കളളപ്പണമായി സൂക്ഷിക്കുന്നത് അഞ്ചുശതമാനം തുക മാത്രമാണ് എന്ന നിലയിലായിരുന്നു വിമര്‍ശനം. ഭൂരിപക്ഷം കളളപ്പണം വസ്തു ഇടപാടുകളിലും മറ്റുമാണ് എന്നായിരുന്നു ആക്ഷേപം. അതുകൊണ്ട് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയത് ഫലപ്രദമായില്ല എന്ന് വിവിധ കോണുകളില്‍ നിന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് വസ്തു ഇടപാടുകളിലെ കളളപ്പണം തടയുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

ഭാവിയില്‍ വസ്തു ഇടപാടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കുമെന്ന് കേന്ദ്രഭവന മന്ത്രി ഹര്‍ദീപ് പുരി സൂചന നല്‍കി. ആദ്യമായാണ് സര്‍ക്കാര്‍ ഇക്കാര്യം തുറന്നുപറയുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഈ നടപടിയിലുടെ ബിനാമി ഇടപാടുകള്‍ തടയാന്‍ കഴിയുമെന്ന് ഹര്‍ദീപ് പുരി പ്രത്യാശ പ്രകടിപ്പിച്ചു. ഇതിനായി ചില നടപടികള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത് മേഖലയില്‍ കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കളളപ്പണം നിയന്ത്രിക്കുന്നതിന്റെ അടുത്ത പടിയായി ബിനാമി ഇടപാടുകള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സൂചന നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിക്രമങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്രമന്ത്രി തന്നെ രംഗത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com