ചെക്കുബുക്കിനും നിരോധനം? , അടുത്ത 'സര്‍ജിക്കല്‍ സ്‌ട്രൈക്കിന് 'ഒരുങ്ങി കേന്ദ്രം

വ്യാപാര വാണിജ്യ മേഖല ഇതിനെ ശക്തമായി എതിര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
ചെക്കുബുക്കിനും നിരോധനം? , അടുത്ത 'സര്‍ജിക്കല്‍ സ്‌ട്രൈക്കിന് 'ഒരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാന്‍ മോദി സര്‍ക്കാര്‍ രാജ്യമൊട്ടാകെ ചെക്ക് ബുക്കുകളും നിരോധിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നോട്ടുഅസാധുവാക്കലിന് പിന്നാലെ സാമ്പത്തികഇടപാടുകള്‍ക്ക് മുഖ്യമായി ഉപയോഗിക്കുന്ന ചെക്കുബുക്കുകളും നിരോധിക്കാനുളള നീക്കം വീണ്ടും വിവാദം ക്ഷണിച്ചുവരുത്തിയേക്കും. വ്യാപാര വാണിജ്യ മേഖല ഇതിനെ ശക്തമായി എതിര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

നോട്ടുഅസാധുവാക്കലിനെ തുടര്‍ന്ന് ചെക്കുബുക്കുകള്‍ വഴിയുളള സാമ്പത്തിക ഇടപാടുകള്‍ പലമടങ്ങ് വര്‍ധിച്ചു.  ഇത് കറന്‍സിരഹിത സമ്പദ് വ്യവസ്ഥ എന്ന പ്രഖ്യാപിത ലക്ഷ്യത്തിന് വിഘാതം സൃഷ്ടിക്കുന്നതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ . ഇത് കണക്കിലെടുത്താണ് ചെക്കുബുക്കുകളും ഒരു സുപ്രഭാതത്തില്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഇത് വ്യാപാര വാണിജ്യരംഗങ്ങളെ സാരമായി ബാധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. നിലവില്‍ രാജ്യത്തെ വ്യാപാര വാണിജ്യ രംഗങ്ങള്‍ മുഖ്യമായി ആശ്രയിക്കുന്നത് നോട്ടിനെയും ചെക്കിനെയുമാണ്. 95 ശതമാനം ഇടപാടുകളും ഈ നിലയിലാണ് നടക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ നോട്ടുഅസാധുവാക്കല്‍ ഏറ്റവുമധികം ബാധിച്ചത് വ്യാപാര വാണിജ്യ മേഖലയെയാണ്. ഈ പശ്ചാത്തലത്തില്‍ ചെക്കുബുക്കുകള്‍ കൂടി നിരോധിക്കുന്നത് പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്നു മേഖലയിലുളളവര്‍ തന്നെ പറയുന്നു.

നോട്ടുകളുടെ അച്ചടിക്ക് കേന്ദ്രസര്‍ക്കാര്‍ വര്‍ഷാവര്‍ഷം 25000 കോടി രൂപയാണ് ചെലവഴിക്കുന്നത്. 6000 കോടി രൂപ ഈ നോട്ടുകളുടെ സുരക്ഷ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ക്കും ചെലവഴിക്കുന്നു. കറന്‍സിരഹിത സമ്പദ് വ്യവസ്ഥയിലേക്ക് പൂര്‍ണമായി നീങ്ങിയാല്‍ ഈ തുക സര്‍ക്കാരിന് ലാഭിക്കാനും ആകും. ഈ തുക ഡെബിറ്റ് , ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗത്തിന് ബാങ്കുകള്‍ക്ക് വരുന്ന ചെലവ് സബ്‌സിഡിയായി നല്‍കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇതിലുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് പോലുളള ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിന്റെ അടുത്തപടിയായി ചെക്കുബുക്കുകളുടെ നിരോധനം നടപ്പിലാക്കാനാണ് സര്‍ക്കാരില്‍ തിരക്കിട്ട് നീക്കങ്ങള്‍ നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com