ബിസിനസ്സ് ചെയ്യാം, ഭൂമി എവിടെ സര്‍ക്കാരേ?; ചോദ്യം ഉന്നയിച്ച് വ്യവസായികള്‍

ഭൂമിപ്രശ്‌നമാണ് രാജ്യത്തെ വ്യവസായ മേഖല നേരിടുന്ന വലിയ വെല്ലുവിളിയെന്ന് ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് ചെയര്‍മാന്‍ സഞ്ജീവ് ഗോയങ്ക ചൂണ്ടികാണിക്കുന്നു 
ബിസിനസ്സ് ചെയ്യാം, ഭൂമി എവിടെ സര്‍ക്കാരേ?; ചോദ്യം ഉന്നയിച്ച് വ്യവസായികള്‍

മുംബൈ: ബിസിനസ്സ് എളുപ്പം ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അടുത്തിടെ ഇന്ത്യ നില മെച്ചപ്പെടുത്തിയിരുന്നു. ബിസിനസ്സ് ആരംഭിക്കുന്നതിനുളള സങ്കീര്‍ണതകള്‍ ലഘൂകരിക്കപ്പെട്ടു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്ത്യയുടെ സ്ഥാനം ഉയര്‍ത്തിയത്. രാജ്യത്തിന്റെ ബിസിനസ്സ് സൗഹൃദാന്തരീക്ഷം മെച്ചപ്പെട്ടു എന്ന കാര്യത്തില്‍ രാജ്യത്തെ വ്യവസായികള്‍ക്കും ഒരു സംശയമില്ല. പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്ന കാര്യത്തില്‍ നടപടികള്‍ ത്വരിതഗതിയില്‍  നടക്കുന്നതായി വ്യവസായികള്‍ സമ്മതിക്കുന്നു. എന്നാല്‍ വലിയ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് ആവശ്യമായ സ്ഥലം എവിടെ എന്ന ചോദ്യവും ഇവര്‍ ഉന്നയിക്കുന്നു. ഇന്ത്യ ടുഡേയുടെ വ്യവസായികളുടെ സംഗമത്തിലാണ് കേന്ദ്രസര്‍ക്കാരിന് നേരെ ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നത്.

ഭൂമിപ്രശ്‌നമാണ് രാജ്യത്തെ വ്യവസായ മേഖല നേരിടുന്ന വലിയ വെല്ലുവിളിയെന്ന് ആര്‍പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ് ചെയര്‍മാന്‍ സഞ്ജീവ് ഗോയങ്ക ചൂണ്ടികാണിക്കുന്നു. അതേസമയം തൊഴിലില്ലായ്മയും സമാനമായ നിലയില്‍ നേരിടുന്ന വെല്ലുവിളിയാണെന്ന് ഐടിസി സിഇഒ സഞ്ജീവ് പുരി വിശദീകരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികളുടെ ഫലമായി പദ്ധതികള്‍ക്ക് അനുമതി ലഭിക്കുന്നത് വേഗത്തിലായിയെന്ന് സമ്മതിച്ചു കൊണ്ടാണ് രാജ്യം നേരിടുന്ന വെല്ലുവിളികള്‍ ഇരുവരും അക്കമിട്ട് നിരത്തിയത്.

വലിയ പ്രോജക്ടുകള്‍ക്ക് ഭൂമി ഏറ്റെടുക്കാന്‍ വലിയ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. അന്തിമഘട്ടമെന്ന നിലയില്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ മാത്രമാണ് ഇതിന് പരിഹാരം കാണാന്‍ സാധിക്കുന്നതെന്ന് സഞ്ജീവ് ഗോയങ്ക ചൂണ്ടിക്കാട്ടി. ഫുഡ് പ്രോസസ്സിംഗ് മേഖലയില്‍ സ്ഥിതി വ്യത്യസ്തമാണ്. തൊഴിലില്ലായ്മ സൃഷ്ടിച്ച വെല്ലുവിളികളാണ് ഇവിടെ പ്രകടമാകുന്നത് എന്ന് സഞ്ജീവ് പുരി വ്യക്തമാക്കി. തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗം സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചാല്‍ മേഖലയുടെ അന്തരീക്ഷത്തില്‍ അനുകൂല മാറ്റങ്ങള്‍ ദൃശ്യമാകുമെന്നും സഞ്ജീവ് പുരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com