വിവേചന രഹിതമായ ഇന്റര്‍നെറ്റ്; ട്രായ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചു

നെറ്റ് ന്യൂട്രാലിറ്റിയുടെ കാതലായ നിയമങ്ങള്‍ ഇന്റര്‍നെറ്റ് സേവനം നല്‍കിവരുന്ന എല്ലാ ടെലികോം സേവനദാതാക്കളും പാലിക്കണമെന്ന് ടെലികോം മന്ത്രാലയത്തോട് ട്രായ് 
വിവേചന രഹിതമായ ഇന്റര്‍നെറ്റ്; ട്രായ് ശുപാര്‍ശകള്‍ സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് സര്‍വീസുകളില്‍ വിവേചനം പാടില്ലെന്നു വ്യക്തമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നെറ്റ് ന്യൂട്രാലിറ്റി നയവുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ ടെലികോം മന്ത്രാലയത്തിനു സമര്‍പ്പിച്ചു. ഉള്ളടക്കത്തെ കൈകാര്യം ചെയ്യുന്നതില്‍ ഒരുവിധത്തിലുള്ള വിവേചനവും സര്‍വീസ് ദാതാക്കള്‍ പ്രകടിപ്പിക്കരുതെന്നതാണ് ശുപാര്‍ശകളുടെ കാതല്‍.

വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള ഒടിടി സര്‍വീസുകള്‍ക്കുള്ള പാക്കേജിന് അധിക ചാര്‍ജ് ഈടാക്കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കളുടെ നീക്കമാണ് രാജ്യത്ത് നെറ്റ് ന്യൂട്രാലിറ്റിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയത്. ഫെയ്‌സ്ബുക്കിന്റെ ഫ്രീബേസിക്‌സ് നെറ്റ് ന്യൂട്രാലിറ്റി ലംഘിക്കുന്നതായും ആക്ഷേപമുയര്‍ന്നു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം രൂപീകരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയത്. 

ഉള്ളടക്കം ലഭ്യമാക്കുന്നതു സംബന്ധിച്ചോ അതു കൈകാര്യം ചെയ്യുന്നതിന്റെ രീതി അനുസരിച്ചോ ഒരു വിവേചനവും കമ്പനികള്‍ കാണിക്കരുതെന്നാണ് ട്രായ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഏതെങ്കിലും സര്‍വിസുകള്‍ ബ്ലോക്ക് ചെയ്യാനോ അവയുടെ വേഗം നിയന്ത്രിക്കാനോ ഡിഗ്രേഡ് ചെയ്യാനോ കമ്പനികള്‍ക്ക് അവകാശമുണ്ടാവില്ല. ഇന്റര്‍നെറ്റ് ആക്‌സസ് സര്‍വീസ് എന്നു നിര്‍വചിക്കപ്പെട്ടിട്ടുള്ള സര്‍വീസുകള്‍ക്കു പുറത്ത് ഇതു ബാധകമാവില്ലെന്നും ട്രായ് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഉള്ളടക്കത്തിന്റെയും ഉപയോഗ രീതിയുടെയും അധിക ഗുണം (ഓപ്റ്റിമൈസേഷന്‍) ആവശ്യമുള്ള സ്‌പെഷ്യലൈസ്ഡ് സര്‍വീസുകളെയാണ് ഇതില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളത്.

ബന്ധപ്പെട്ട കക്ഷികളുമായി ഈ വര്‍ഷം ആദ്യം തുടങ്ങിയ ചര്‍ച്ചയുടെ ഫലമായാണ് ഇന്ത്യയില്‍ ഒരു നെറ്റ് ന്യൂട്രാലിറ്റി ചട്ടം ട്രായ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി വ്യത്യസ്ത വിഭാഗത്തില്‍ പെട്ട ടെലികോം സേവന ദാതാക്കളുടെയും ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെയും പ്രതിനിധികളടങ്ങിയ ഒരു സംഘത്തെ നിയോഗിക്കുമെന്ന് ട്രായ് അറിയിച്ചു.

വാട്ട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഡേറ്റാ പ്ലാനിനു പുറമേ അധിക പണം ഈടാക്കുമെന്ന ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ പ്രഖ്യാപനത്തോടെയാണ് ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com