സാമ്പത്തിക പ്രതിസന്ധി; ടാറ്റ ടെലി സര്‍വീസ് അടച്ചുപൂട്ടുന്നു, 5000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

21 വര്‍ഷത്തെ സര്‍വീസാണ് ഇതോടെ നിലയ്ക്കുന്നത്.
സാമ്പത്തിക പ്രതിസന്ധി; ടാറ്റ ടെലി സര്‍വീസ് അടച്ചുപൂട്ടുന്നു, 5000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകും

മുംബൈ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ടാറ്റാടെലിസര്‍വീസ് അടച്ചുപൂട്ടുന്നു. ടാറ്റ സണ്‍സിന്റെ സഹോദര സ്ഥാപനമാണ് ടെലി സര്‍വീസസ്. 21 വര്‍ഷത്തെ ഫോണ്‍ സര്‍വീസാണ് ഇതോടെ നിലയ്ക്കുന്നത്. ഇതോടെ ഏകദേശം അയ്യായിരത്തോളം തൊഴിലാളികളുടെ ജോലിയാണ് നഷ്ടപ്പെടുന്നത്. 

ഈ അയ്യായിരം പേരും സ്ഥിരം ജോലിക്കാരുമായിരുന്നു. ഇവര്‍ക്കെല്ലാം ഒരുമിച്ച് ജോലി നഷ്ടമാകും. കുറഞ്ഞത് മൂന്ന് മാസത്തെ നോട്ടിസ് നല്‍കിയാവും പിരിച്ചുവിടലെന്നാണ് വിവരം. അതേസമയം നിലവിലുള്ള ഉപഭോക്താക്കളെ ഏത് രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 

മുതിര്‍ന്ന ജീവനക്കാര്‍ക്ക് ആറുമാസം വരെയുള്ള നോട്ടീസ് പീരിയഡ് നല്‍കും. ഇവര്‍ക്ക് വിആര്‍എസും നല്‍കാനും തീരുമാനമുണ്ട്. എന്നാല്‍ കുറച്ചധികം ആളുകളെ ടാറ്റ സണ്‍സിന്റെ മറ്റ് സ്ഥാപനങ്ങളില്‍ നിയമിക്കുമെന്ന് സൂചനയുണ്ട്. ഈ സാമ്പത്തികവര്‍ഷത്തിലെ അവസാന ദിവസം വരെ കമ്പനി പ്രവര്‍ത്തിക്കും. അതായത് അടുത്തവര്‍ഷം മാര്‍ച്ച് 31 ആകും സര്‍ക്കിള്‍ മേധാവികള്‍ക്കുള്‍പ്പെടെ കമ്പനി വിടേണ്ട അവസാന തീയതി. എപ്പോള്‍ ജോലി അവസാനിപ്പിച്ചാലും ഈ സാമ്പത്തിക വര്‍ഷം നല്‍കാനുള്ള എല്ലാ മാസത്തേയും ശമ്പളവും നല്‍കും.

അടച്ചുപൂട്ടാന്‍ തീരുമാനമെടുക്കുന്നതിന് അവസാനനിമിഷം വരെ പുതിയ നിക്ഷേപകരെ കണ്ടെത്താനും ഏറ്റെടുക്കാന്‍ പ്രാപ്തിയുള്ളവരേയും കമ്പനി തെരഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ 30,000 കോടി രൂപയോളം വരുന്ന കടബാധ്യത ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വന്നില്ല. ഇതോടെ കമ്പനിയുടെ പ്രവര്‍ത്തന സാധ്യതകളും അവസാനിച്ചു.

ഒന്‍പത് വര്‍ഷം മുമ്പ് ജപ്പാനിലെ എന്‍ഐടി ഡോകോമോ 1400 കോടി രൂപ ടാറ്റ ടെലിസര്‍വീസസില്‍ നിക്ഷേപിക്കുകയും ടാറ്റയുടെ ടെലി സര്‍വീസുകള്‍ക്ക് പുത്തനുണര്‍വ് പകരുകയും ചെയ്തിരുന്നു. ഡോകോമോ വിപണിയിലെത്തി സൃഷ്ടിച്ച വിപ്ലവമായിരുന്നു സെക്കന്റ് പള്‍സ് എന്ന പുതിയ സംവിധാനം. അതുവരെ മിനുട്ടിന് പണം വാങ്ങി ഉപഭോക്താക്കളുടെ പോക്കറ്റ് കാലിയാക്കിക്കൊണ്ടിരുന്ന ടെലികോം കമ്പനികള്‍ക്ക് ഒരു അടിയായി മാറി ഡോകോമോയുടെ രംഗപ്രവേശം. ഈ മേഖലയില്‍ ജിയോ ഇന്ന് സൃഷ്ടിച്ച വിപ്ലവം ഒന്‍പത് കൊല്ലം മുന്‍പ് സൃഷ്ടിച്ച കമ്പനിയാണ് ടാറ്റാ ഡോകോമോ.

ടാറ്റയുടെ ഒന്നരനൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്ര വലിയ ഒരു കമ്പനി അടച്ചുപൂട്ടുന്നത്. ഏകദേശം ഇതേ അവസ്ഥയില്‍ നില്‍ക്കുന്ന റിലയന്‍സ് കമ്മ്യൂണിക്കേഷനാണ് കടം കയറി മുടിഞ്ഞുനില്‍ക്കുന്ന മറ്റൊരു ടെലിക്കോം കമ്പനി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com