സാമ്പത്തിക സ്ഥിതി വഷളായെന്ന് ആര്‍ബിഐ സര്‍വേ, തൊഴില്‍ വിപണി തളരുന്നു

കഴിഞ്ഞയാഴ്ച വായ്പാ നയ അവലോകനത്തില്‍ നടപ്പു വര്‍ഷത്തെ വളര്‍ച്ചാ അനുമാന നിരക്ക് ആര്‍ബിഐ വെട്ടിക്കുറച്ചിരുന്നു. ഇത് ശരിവയ്ക്കും വിധത്തിലുള്ള പ്രതികരണമാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ പ്രകടിപ്പിച്ചത്
സാമ്പത്തിക സ്ഥിതി വഷളായെന്ന് ആര്‍ബിഐ സര്‍വേ, തൊഴില്‍ വിപണി തളരുന്നു


ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണെന്ന ബോധ്യമാണ് ജനങ്ങളില്‍ ഭൂരിഭാഗത്തിനുമെന്ന് റിസര്‍വ് ബാങ്ക് നടത്തിയ സര്‍വെ കണ്ടെത്തി. ഉപഭോക്താക്കളുടെ വിശ്വാസം ഇടിയുകയാണെന്നും ഉത്പാദന മേഖല തളര്‍ച്ചയിലാണെന്നും സര്‍വെയില്‍ പങ്കെടുത്ത ഭൂരിപക്ഷവും അഭിപ്രായപ്പെട്ടതായി ആര്‍ബിഐ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച വായ്പാ നയ അവലോകനത്തില്‍ നടപ്പു വര്‍ഷത്തെ വളര്‍ച്ചാ അനുമാന നിരക്ക് ആര്‍ബിഐ വെട്ടിക്കുറച്ചിരുന്നു. ഇത് ശരിവയ്ക്കും വിധത്തിലുള്ള പ്രതികരണമാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ പ്രകടിപ്പിച്ചത്. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലുള്ളവരെ പങ്കെടുപ്പിച്ചാണ് ആര്‍ബിഐ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സര്‍വെ നടത്തിയത്. 

രാജ്യത്തെ പൊതു സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു എന്ന് കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് സര്‍വെയില്‍ അഭിപ്രായപ്പെട്ടത് 34.6 ശതമാനം പേര്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സര്‍വേയില്‍ 44.6 ശതമാനം പേരാണ് ഈ അഭിപ്രായം മുന്നോട്ടുവച്ചത്. സാമ്പത്തിക സ്ഥിതി വഷളാവുകയാണെന്ന് 25.3 ശതമാനം പേര്‍ മാത്രം കഴിഞ്ഞ വര്‍ഷം അഭിപ്രായപ്പെട്ടപ്പോള്‍ ഇ്ത്തവണ അത് 40.7 ശതമാനമായി ഉയര്‍ന്നു. ഒരു വര്‍ഷത്തിനകം സ്ഥിതി് മെച്ചപ്പെടും എന്ന് അഭിപ്രായമുള്ളവരുടെ എണ്ണത്തിലും കുറവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 66.3 ശതമാനം പേര്‍ ഈ അഭിപ്രായം പ്രകടിപ്പിച്ചപ്പോള്‍ ഇത്തവണ 50.8 ശതമാനമായി ഇടിഞ്ഞു.

രാജ്യത്തെ തൊഴില്‍ വിപണി അതീവ മോശമായ അവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് ആര്‍ബിഐ സര്‍വെ ചൂണ്ടിക്കാട്ടുന്നത്. തൊഴില്‍ കിട്ടാനുള്ള സാഹചര്യം ഇല്ലാതായിരിക്കൊണ്ടിരിക്കുകയാണെന്ന ആശങ്കയാണ് 43.7 ശതമാനം പേരും സര്‍വേയില്‍ മുന്നോട്ടുവച്ചത്. കഴിഞ്ഞ വര്‍ഷം 31.4 ശതമാനം പേര്‍ മാത്രമാണ് ഇത്തരമൊരു ആശങ്ക ഉയര്‍ത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com