കോംപാക്ട് എസ് യുവി വില്‍പന മേലോട്ടു തന്നെ; ചെറുകാറുകള്‍ ആര്‍ക്കും വേണ്ടേ? 

കോംപാക്ട് എസ് യുവിയുടെ വില്‍പന ഓരോ വര്‍ഷവും ഇരട്ടിയാകുന്നതായി കാണാം. അതേസമയം, ആദ്യമായി ഒരു ചെറുകാര്‍ വാങ്ങാന്‍ താത്പര്യപ്പെടുന്ന തുടക്കക്കാരുടെ എണ്ണം കാര്യമായി കൂടിയിട്ടുമില്ല
കോംപാക്ട് എസ് യുവി വില്‍പന മേലോട്ടു തന്നെ; ചെറുകാറുകള്‍ ആര്‍ക്കും വേണ്ടേ? 

രാജ്യത്തെ വാഹനവിപണിയിലെ പുതിയ ട്രെന്‍ഡായ കോംപാക്ട് എസ് യുവികളുടെ വില്‍പന കുതിക്കുന്നതോടൊപ്പം ചെറുകാറുകളുടെ വില്‍പന ഇടിയുന്നതായി റിപ്പോര്‍ട്ട്. 2017 ഏപ്രില്‍ മുതല്‍ 2018 ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രാദേശിക വിപണിയിലെ ചെറിയ കാറുകളുടെ സെഗ്മെന്റില്‍ 1.79 ദശലക്ഷം കാറുകളുടെ വില്‍പനയാണ് നടന്നിട്ടുള്ളത്. മുന്‍വര്‍ഷത്തെക്കാള്‍ 3.53ശതമാനം കുറവാണ് ചെറുകാറുകളുടെ വില്‍പനയില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍ കോംപാക്ട് എസ് യുവികളുടെ സെഗ്മെന്റില്‍ വില്‍പന 8.04ശതമാനം ഉയര്‍ന്നതായാണ് കണക്കുകള്‍. 2.98ദശലക്ഷം വണ്ടികളാണ് ഈ വിഭാഗത്തില്‍ നിന്ന് ഉപഭോക്താക്കള്‍ സ്വന്തമാക്കിയിട്ടുള്ളത്. 

ആളോഹരി വരുമാനത്തില്‍ ഈ ദശാബ്ദത്തിന്റെ തുടക്കം മുതലുണ്ടായ വന്‍ വര്‍ധനവാണ് വലിയ കാറുകള്‍ സ്വന്തമാക്കാനുള്ള ആഗ്രഹത്തിന് ശക്തി പകര്‍ന്ന പ്രധാന കാരണം. പൊട്ടിപ്പൊളിഞ്ഞതും ഇടുങ്ങിയതുമായ റോഡുകളിലൂടെ സഞ്ചരിക്കാന്‍  ഉയരമുള്ള കാര്‍ വേണമെന്ന ആവശ്യവും ഈ മാറ്റത്തിന് കാരണമായി. 

2012-13 സാമ്പത്തിക വര്‍ഷത്തിന് ശേഷം കോംപാക്ട് എസ് യുവിയുടെ വില്‍പന ഓരോ വര്‍ഷവും ഇരട്ടിയാകുന്നതായി കാണാം. അതേസമയം, ആദ്യമായി ഒരു ചെറുകാര്‍ വാങ്ങാന്‍ താത്പര്യപ്പെടുന്ന തുടക്കക്കാരുടെ എണ്ണം കാര്യമായി കൂടിയിട്ടുമില്ല. ഉയര്‍ന്ന പ്രായോഗികതയും മികച്ച റോഡ് പ്രസന്‍സുമുള്ള കോംപാക്ട് എസ് യുവികളുടെ നാളുകളാണ് മുന്നോട്ടുള്ളതെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. 

ആളുകളുടെ വരുമാനം വര്‍ദ്ധിച്ചത് ബെലേനോ സ്വിഫ്റ്റ് പോലുള്ള മോഡലുകള്‍ തിരഞ്ഞെടുക്കുന്നതിന് കാരണമാണെന്നും ഇഎംഐ പോലുള്ള സൗകര്യങ്ങള്‍ തങ്ങളുടെ വാഹനസ്വപ്‌നം അടുത്ത തലത്തിലേക്ക് ഉയര്‍ത്താന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നതാണെന്നും വിദഗ്ദ്ധര്‍ പറയുന്നു.

ആഗോളവിപണികളിലേതുപോലെ മലിനീകരണം, ക്രാഷ് ടെസ്റ്റുകള്‍ തുടങ്ങിയ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതോടെ ചെറുകാറുകളുടെ വില ഉയരുകയും കോംപാക്ട് എസ് യുവി വില്‍പനയിലെ കുതിപ്പ് തുടരുകയും ചെയ്യുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com