150 കോടി രൂപ ആവശ്യപ്പെട്ട് അമ്രപാലി ബ്രാന്‍ഡിനെതിരെ ധോണി കോടതിയിലേക്ക്  

ധോണി ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളുടെ മാര്‍ക്കറ്റിംഗ് കമ്പനിയായ റിതി സ്‌പോര്‍ട്ട്‌സും അമ്രപാലിക്കെതിരെ ഡെല്‍ഹി ഹൈകോടതിയില്‍ ഹര്‍ജ്ജി നല്‍കി
 150 കോടി രൂപ ആവശ്യപ്പെട്ട് അമ്രപാലി ബ്രാന്‍ഡിനെതിരെ ധോണി കോടതിയിലേക്ക്  

റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ അമ്രപാലി ബ്രാന്‍ഡില്‍ നിന്നും തനിക്ക് ലഭിക്കാനുള്ള 150 കോടി രൂപ ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും അമ്രപാലിയുടെ ബ്രാന്‍ഡ് അംബാസിഡറുമായിരുന്ന മഹേന്ദര്‍ സിംഗ് ധോണി കേസ് നല്‍കി. ബ്രാന്‍ഡ് അംബാസിഡറായിരുന്ന സമയത്ത് താനുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരമുള്ള പ്രതിഫലം കമ്പനി നല്‍കിയിരുന്നില്ലെന്നും ഈ കാലയളവില്‍തന്നെ കമ്പനി ഏറ്റെടുത്തിരുന്ന പല ഹൗസിംഗ് പ്രൊജക്ടുളും പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് സാധിച്ചിട്ടില്ലെന്നും ധോണി നല്‍കിയ പരാതിയില്‍ പറയുന്നു. 

ധോണി ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളുടെ മാര്‍ക്കറ്റിംഗ് കമ്പനിയായ റിതി സ്‌പോര്‍ട്ട്‌സും അമ്രപാലിക്കെതിരെ ഡെല്‍ഹി ഹൈകോടതിയില്‍ ഹര്‍ജ്ജി നല്‍കി. തങ്ങള്‍ ചെയ്തുനല്‍കിയ ബ്രാന്‍ഡിംഗ് മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ക്ക് കമ്പനി പണം നല്‍കിയിട്ടില്ലെന്ന് റിതി സ്‌പോര്‍ട്ട്‌സ് എം ഡി അരുണ്‍ പാണ്ടേ പറയുന്നു. ഏകദേശം 200 കോടി രൂപയ്ക്കടുത്താണ് ഇവര്‍ക്ക് ലഭിക്കാനുള്ള തുക. 

അമ്രപാലി ബ്രാന്‍ഡിന്‍ന്റെ അംബാസിഡറായി 6-7വര്‍ഷം പ്രവര്‍ത്തിച്ചശേഷം ഏപ്രില്‍ 2016ലാണ് ധോണി ബ്രാന്‍ഡുമായുള്ള കരാര്‍ അവസാനിപ്പിച്ചത്. അപ്പാര്‍ട്ട്‌മെന്റിന്റെ പണി പൂര്‍ത്തിയാകാത്തതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നോയിഡയില്‍ അമ്രപാലിയുടെ അപ്പാര്‍ട്ട്‌മെന്റില്‍ താമസമാക്കിയിട്ടുള്ള ഒരു സംഘം ആളുകള്‍ ധോണിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാക്കിയതിനെതുടര്‍ന്നായിരുന്നു താരം കരാറില്‍ നിന്നും പിന്‍വാങ്ങിയത്. 

2011 വേള്‍ഡ് കപ്പ് വിജയത്തിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ക്കെല്ലാവര്‍ക്കും 9കോടി രൂപ മൂല്യം വരുന്ന നൊയിഡയിലെ അമ്രപാലി ഡ്രീം വാലി പ്രൊജക്ടില്‍ സ്വന്തമായി വില്ലകള്‍ ഡിസൈന്‍ ചെയ്തു നല്‍കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിരുന്നു. ധോണിക്ക് ഒരു കോടി രൂപ മൂല്യമുള്ള വില്ലയും മറ്റ് ടീം അംഗങ്ങള്‍ക്ക് 55ലക്ഷം രൂപയുടെ വില്ലയുമായിരുന്നു കമ്പനി സമ്മാനിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ക്രിക്കറ്റ് താരങ്ങള്‍ക്കൊന്നും പറഞ്ഞ പ്രകാരം വില്ലകള്‍ സമ്മാനിക്കുകയോ അവ പണിയുകയോ പോലും ചെയ്തിട്ടില്ലെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com