ഓണ്‍ലൈനായി വാങ്ങുമ്പോള്‍ കിട്ടുന്നത് മൂന്നിലൊന്നും വ്യാജന്‍!

മാര്‍ക്കറ്റ് റിസേര്‍ച്ച് സ്ഥാപനങ്ങളായ ലോക്കല്‍സര്‍ക്കിള്‍സ്, വെലോസിറ്റി എംആര്‍ എന്നിവര്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്
ഓണ്‍ലൈനായി വാങ്ങുമ്പോള്‍ കിട്ടുന്നത് മൂന്നിലൊന്നും വ്യാജന്‍!

ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വ്യാജ ഉത്പന്നങ്ങള്‍ ലഭിക്കുന്നത് ഓണ്‍ലൈന്‍ ആയി ഷോപ്പ് ചെയ്യുന്ന മിക്കവരും നേരിടുന്ന പ്രശ്‌നമാണ്. ഓണ്‍ലൈന്‍ സൈറ്റുകളിലൂടെ സാധനങ്ങള്‍ വാങ്ങുന്ന മൂന്നിലൊന്ന് ആളുകളും ഈ പ്രശ്‌നം നേരിടുന്നതായി അടുത്തിടെ നടത്തിയ രണ്ട് സര്‍വേകളില്‍ വ്യക്തമായി.

മാര്‍ക്കറ്റ് റിസേര്‍ച്ച് സ്ഥാപനങ്ങളായ ലോക്കല്‍സര്‍ക്കിള്‍സ്, വെലോസിറ്റി എംആര്‍ എന്നിവര്‍ നടത്തിയ സര്‍വെയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. 6923പേരില്‍ ലോക്കല്‍സര്‍ക്കിള്‍സ് നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 38ശതമാനം പേരും തങ്ങള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗില്‍ ലഭിച്ചത് വ്യാജ ഉത്പന്നങ്ങളാണെന്ന് സമ്മതിച്ചു. സ്‌നാപ്ഡീലില്‍ ഷോപ്പിംഗ് നടത്തിയ 12ശതമാനം പേരും തങ്ങള്‍ക്ക് ലഭിച്ചത് വ്യാജ ഉത്പന്നങ്ങളായിരുന്നെന്ന് വെളിപ്പെടുത്തിയപ്പോള്‍ ആമസോണിന്റെ 11ശതമാനം ഉപഭോക്താക്കളും ഇക്കാര്യം ശരിവയ്ക്കുന്നു. ഫഌപ്കാര്‍ട്ടിന്റെ ഉപഭോക്താക്കളില്‍ ആറുശതമാനം പേരാണ് ഉത്പന്നങ്ങള്‍ വ്യാജമായിരുന്നെന്ന് പറഞ്ഞത്. 

വെലോസിറ്റി എംആര്‍ 3000പേരില്‍ നടത്തിയ സര്‍വെയിലും സമാനമായ കണ്ടെത്തലായിരുന്നു ലഭിച്ചത്. പെര്‍ഫ്യൂമുകളിലും സുഗന്ധദ്രവ്യങ്ങളുമാണ് ഇത്തരത്തില്‍ വ്യാജ ഉത്പന്നങ്ങള്‍ അധികവും എന്ന് കണ്ടെത്തിയ സര്‍വെ തുണിത്തരങ്ങളിലും ബാഗ് ഷൂ തുടങ്ങിയ ഫാഷന്‍ ഉത്പന്നങ്ങളിലും സ്‌പോര്‍ട്ട് ഉത്പന്നങ്ങളിലും വ്യാജന്മാരെ കാണാമെന്ന് കണ്ടെത്തി.

സ്‌കെച്ചേഴ്‌സ് എന്ന യുഎസ് ലൈഫ്‌സ്റ്റൈല്‍ ഉത്പന്നങ്ങളുടെ നിര്‍മാതാക്കള്‍ ഫഌപ്കാര്‍ട്ടിനെതിരെ അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു. തങ്ങളുടെ ബ്രാന്‍ഡ് നെയിം ഉപയോഗിച്ച് വ്യാജ ഉത്പന്നങ്ങള്‍ വില്‍ക്കുന്നെന്ന് ചൂണ്ടികാട്ടിയായിരുന്നു പരാതി. മറ്റൊരു ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫോപ്ക്ലൂസിനെതിരെ ലാ ഓറെ എന്ന കോസ്‌മെറ്റിക് കമ്പനിയും കോടതിയില്‍ പരാതി നല്‍കിയിരുന്നു. 

തങ്ങള്‍ ഓര്‍ഡര്‍ ചെയ്ത ഉത്പന്നങ്ങളുമായി താരതമ്യം ചെയ്യുന്നതിലൂടെയും ഉത്പന്നങ്ങളുടെ നിറം പാക്കിംഗ് തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെയുമാണ് ഉപഭോക്താക്കള്‍ വ്യാജ ഉത്പന്നങ്ങള്‍ തിരിച്ചറിയുക. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള ഉത്പന്നങ്ങള്‍ തിരിച്ചറിയാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കാറില്ലെന്നും അല്ലാത്തപക്ഷം തിരിച്ചയക്കപ്പെടുന്ന ഉത്പന്നങ്ങളുടെ എണ്ണം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനേക്കാള്‍ അധികമായേനെയെന്നും വിദഗ്ധര്‍ ചൂണ്ടികാട്ടുന്നു. 

മാര്‍ക്കറ്റ് റിസേര്‍ച്ച് സ്ഥാപനമായ റെഡ്സ്റ്റാര്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് ഉപഭോക്താക്കള്‍ ഉത്പന്നങ്ങള്‍ തിരിച്ചയച്ചതുമൂലം 2017ല്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ക്ക് 34കോടി ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. ഇത്തരത്തില്‍ വ്യാജ ഉത്പന്നങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്താതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും വ്യാജ വില്‍പനക്കാരെ ഡിലിസ്റ്റ് ചെയ്യുന്നതുവഴിയും പാക്കിംഗിന് കൂടുതല്‍ നിലവാരം നല്‍കിയുമൊക്കെ ഈ പ്രശ്‌നത്തെ ഇല്ലാതാക്കാനാണ് ഇ-കൊമേഴ്‌സ് കമ്പനികളുടെ നീക്കം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com