ഫെയ്‌സ്ബുക്ക് നോക്കി നോക്കി സമയം പോയോ? ; ഇനി ഇതറിയാന്‍ മാര്‍ഗമുണ്ട്

എത്ര സമയം ആപ്പില്‍ ചെലവഴിച്ചു എന്ന് അറിയാനുളള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്
ഫെയ്‌സ്ബുക്ക് നോക്കി നോക്കി സമയം പോയോ? ; ഇനി ഇതറിയാന്‍ മാര്‍ഗമുണ്ട്

സമൂഹമാധ്യമങ്ങളില്‍ വെറുതേ സമയം കളയുന്നു എന്ന് ചിന്തിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുകയാണ്. സമൂഹമാധ്യമങ്ങളില്‍ സമയം ചെലവഴിക്കുന്നത് നാളെ മുതല്‍ കുറയ്ക്കുമെന്ന് ഉറച്ചനിലപാട് എടുത്ത് ഉറങ്ങാന്‍ പോകുന്നവരും നിരവധിയാണ്. എന്നാല്‍ സമയം ചെലവഴിക്കുന്നത് കൃത്യമായി അറിയാതെ ഇതിന്റെ മോഹവലയത്തില്‍ കുടുങ്ങിപോകുന്നവരാണ് നല്ലൊരു ശതമാനം ആളുകളും.

ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പുതിയ സാങ്കേതികവിദ്യയുമായി രംഗത്തുവന്നിരിക്കുകയാണ് പ്രമുഖ സമൂഹമാധ്യമങ്ങളായ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും. അവരുടെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്കാണ് പുതിയ സേവനം ലഭിക്കുക. എത്ര സമയം ആപ്പില്‍ ചെലവഴിച്ചു എന്ന് അറിയാനുളള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 'ആക്ടിവിറ്റി ഡാഷ്‌ബോര്‍ഡ്' എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന റിമൈന്‍ഡര്‍ ഫീച്ചറിന് പുറമേയാണിത്. നിരന്തമായി വരുന്ന നോട്ടിഫിക്കേഷനുകള്‍ നിയന്ത്രിക്കാനും സഹായകരമായ രീതിയിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്.

ആപ്പിന്റെ ശരാശരി ഉപയോഗത്തിന്റെ സമയകണക്കുകള്‍ ഡാഷ്‌ബോര്‍ഡ് നിങ്ങള്‍ക്ക് ലഭ്യമാക്കും. ഒരു ദിവസം നിങ്ങള്‍ എത്രസമയം ആപ്പ് ഉപയോഗിച്ചുവെന്നും ഇതുവഴി അറിയാന്‍ സാധിക്കും. ഇതിന് പുറമേ റിമൈന്‍ഡര്‍ സെറ്റ് ചെയ്യാനുളള ക്രമീകരണവുമുണ്ട്. ഇത് വഴി കൂടുതല്‍ സമയം ഫെയ്‌സ്ബുക്കോ, ഇന്‍സ്റ്റാഗ്രാമോ ഉപയോഗിച്ചാല്‍ മുന്നറിയിപ്പും ലഭിക്കും. 

ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും സെറ്റിങ്‌സ് പേജില്‍ ഈ ഫീച്ചറുകള്‍ ലഭ്യമാണ്. ഫെയ്‌സ്ബുക്കില്‍ 'യുവര്‍ ടൈം ഓണ്‍ ഫെയ്‌സ്ബുക്ക'്, ഇന്‍സ്റ്റാഗ്രാമില്‍ 'യുവര്‍ ആക്ടിവിറ്റി' എന്നി വിഭാഗങ്ങളില്‍ പ്രവേശിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ലഭ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com