ആപ്പിള്‍ ചരിത്ര നേട്ടത്തില്‍; വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളറിലെത്തുന്ന ലോകത്തിലെ ആദ്യ കമ്പനി

ആപ്പിള്‍ ചരിത്ര നേട്ടത്തില്‍; വിപണി മൂല്യം ഒരു ലക്ഷം കോടി ഡോളറിലെത്തുന്ന ലോകത്തിലെ ആദ്യ കമ്പനി

ന്യൂയോര്‍ക്ക്: ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന് ചരിത്ര നേട്ടം. ഒരു ലക്ഷം കോടി ഡോളര്‍ (68.64 ലക്ഷം കോടി ഇന്ത്യന്‍ രൂപ) വിപണി മൂല്യം കൈവരിക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന നേട്ടമാണ്  അവര്‍ സ്വന്തമാക്കിയത്. ന്യൂയോര്‍ക്ക് സ്‌റ്റോക് എക്‌സ്‌ചേഞ്ചില്‍ മൂന്നു ദിവസത്തിനിടെ ആപ്പിളിന്റെ ഓഹരി വില ഒന്‍പതു ശതമാനം വര്‍ധിച്ചു. ഓഹരിക്ക് 207.05 ഡോളര്‍ കടന്നതോടെയാണ് കമ്പനിയുടെ മൂല്യം ലക്ഷം കോടി കടന്നത്.

മൂന്നാം പാദത്തിലെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ മൂന്നു ശതമാനം നേട്ടത്തിലായിരുന്നു ആപ്പിള്‍. ശക്തരായ എതിരാളികളായ ആമസോണ്‍, മൈക്രോസോഫ്റ്റ് കമ്പനികളെ പിന്തള്ളിയാണ് ചരിത്ര നേട്ടം ഐ ഫോണ്‍ നിര്‍മാതാക്കള്‍ സ്വന്തമാക്കിയത്. 

ആപ്പിള്‍ ടു എന്ന ആദ്യത്തെ പഴ്‌സനല്‍ കംപ്യൂട്ടറിലൂടെ എഴുപതുകളില്‍ സാങ്കേതിക വിദ്യാരംഗത്തു വിപ്ലവത്തിനു തുടക്കം കുറിച്ച സ്റ്റീവ് ജോബ്‌സ് സുഹൃത്ത് സ്റ്റീവ് വൊസ്‌നിയാക്കിനൊപ്പം 1976ല്‍ ആണ് ആപ്പിള്‍ കംപ്യൂട്ടറിനു തുടക്കമിട്ടത്. കമ്പനിയിലെ ഉള്‍പ്പോരിനെ തുടര്‍ന്ന് 1985ല്‍ പുറത്തുപോയ സ്റ്റീവ് ജോബ്‌സ് 1997ലെ രണ്ടാം വരവിലാണ് സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകളെ പൊളിച്ചെഴുതി ലോകത്തെ അമ്പരപ്പിച്ചത്. ഐപോഡെന്ന പാട്ട് കേള്‍ക്കാനുള്ള കുഞ്ഞു ഉത്പന്നത്തിലൂടെ ആപ്പിള്‍ പുതുചരിത്രമെഴുതി. 2001ല്‍ ഐപോഡ്, 2007ല്‍ ഐഫോണ്‍, 2010ല്‍ ഐപാഡ്. പിന്നീട് ഉയരങ്ങള്‍ കീഴടക്കിയുള്ള മുന്നേറ്റത്തിലൂടെ ആശയവിനിമയ, വിവരശേഖരണ, വിനോദ സാധ്യതകളെ ആപ്പിളെന്ന കമ്പനി അടിമുടി മാറ്റിപ്പണിതു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com