നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററി ചാര്‍ജ് പെട്ടെന്ന് ഇറങ്ങിപ്പോകുന്നുണ്ടോ?; ഇതാ പരിഹാരം

മൊബൈലിന്റെ ഡിസ്പ്ലേ ഡിം ആക്കുക എന്നതാണ് ഇതില്‍ പ്രധാനം
നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററി ചാര്‍ജ് പെട്ടെന്ന് ഇറങ്ങിപ്പോകുന്നുണ്ടോ?; ഇതാ പരിഹാരം

മൊബൈല്‍ ഫോണ്‍ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. മൊബൈല്‍ ഫോണിലാതെയുളള ഒരു നിമിഷത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത സ്ഥിതിയായി എന്നു പറഞ്ഞാലും തെറ്റില്ല. ജോലി സംബന്ധമായ ആവശ്യങ്ങള്‍ മുതല്‍ വിനോദോപാധി എന്ന നിലയില്‍ വരെ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന കാലത്തിലുടെയാണ് കടന്നുപോകുന്നത്. മൊബൈല്‍ ഫോണിന്റെ ഉപയോഗം കൂടിയതോടെ ഒരു ദിവസം തന്നെ ഒന്നിലധികം തവണ ബാറ്ററി ചാര്‍ജ് ചെയ്യുന്നത് പതിവായി കഴിഞ്ഞു. അതുകൊണ്ട് തന്നെ കൂടുതല്‍ നേരം ചാര്‍ജ് നില്‍ക്കുന്ന മൊബൈല്‍ ഫോണുകള്‍ക്ക് ഡിമാന്‍ഡും വര്‍ധിച്ചു. അടുത്തിടെ പുറത്തിറങ്ങിയ ഒപ്പോയുടെ എ ത്രീ എസ് മോഡലിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത തന്നെ കൂടുതല്‍ നേരം ചാര്‍ജ് നില്‍ക്കുന്ന 4320എംഎഎച്ച് ബാറ്ററിയാണ്. എന്നാല്‍ ചാര്‍ജ് കൂടുതല്‍ നില്‍ക്കുന്ന മൊബൈല്‍ ഫോണ്‍ തേടി പോകുന്നതിനൊടൊപ്പം തന്നെ നമ്മുടെ കൈയിലുളള സ്മാര്‍ട്ട് ഫോണ്‍ വിവേകപൂര്‍വ്വം ഉപയോഗിച്ചാല്‍ ചാര്‍ജ് പെട്ടെന്ന് തീര്‍ന്നുപോകുന്ന അവസ്ഥ ഒഴിവാക്കാം. ഇതിനുളള പോംവഴികള്‍  ചുവടെ: 

1, മൊബൈലിന്റെ ഡിസ്പ്ലേ ഡിം ആക്കുക എന്നതാണ് ഇതില്‍ പ്രധാനം. പലപ്പോഴും ബ്രൈറ്റ്‌നസ് പരമാവധിയില്‍ നിലനിര്‍ത്തി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് നല്ലൊരു ശതമാനവും. പുറംവെളിച്ചത്തില്‍ ഇത്തരത്തില്‍ ബ്രൈറ്റ്‌നസ് പരമാവധി കൂട്ടിയിടുന്നതില്‍ തെറ്റില്ല. ഇത് ആവശ്യവുമാണ്. എന്നാല്‍ വീടിനകം ഉള്‍പ്പെടെ ഇന്‍ഡോര്‍ അന്തരീക്ഷത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ബ്രൈറ്റ്‌നസ് കുറച്ചുവെയ്ക്കുന്നത് ചാര്‍ജ് പെട്ടെന്ന് തീര്‍ന്നുപോകുന്ന അവസ്ഥ ഒഴിവാക്കാന്‍ സഹായകമാണ്. നിലവില്‍ നവീന സാങ്കേതിക വിദ്യയുളള ഫോണുകളുടെ വ്യാപക കടന്നുവരവോടെ, വെളിച്ചത്തിന്റെ തീവ്രത അനുസരിച്ച് സ്വമേധയാ ബ്രൈറ്റ്‌നസ് ക്രമീകരിക്കാനുളള സംവിധാനം സജ്ജമാണ്. adaptive brightnsse  എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍ ഫോണ്‍ തന്നെ ഇത് നിര്‍വഹിച്ചോളളുമെന്ന് സാരം. ഇതിന് പുറമേ, ഇരുണ്ട പശ്ചാത്തലം (dark background) തെരഞ്ഞെടുക്കുന്നതും മൊബൈല്‍ ഫോണിന്റെ ചാര്‍ജ് കൂടുതല്‍ സമയം നീണ്ടുനില്‍ക്കാന്‍ സഹായകമാകുമെന്നും വിദഗ്ധര്‍ പറയുന്നു.

2, സ്മാര്‍ട്ട് ഫോണുകളുടെ കാലത്ത് നിരവധി ആപ്പുകളുടെ മായാലോകമാണ് തുറന്നിട്ടിരിക്കുന്നത്. കൂടുതല്‍ ആപ്പുകള്‍ ഉപയോഗിക്കുന്നത് മൊബൈല്‍ ഫോണിന്റെ മെമ്മറി തീര്‍ന്നുപോകാന്‍ ഇടയാക്കും. ഇതിലുപരി ബാറ്ററി ചാര്‍ജ് പെട്ടെന്ന് കാലിയാകാനും ഇത് കാരണമാകും. അതുകൊണ്ട് അനാവശ്യമായ ആപ്പുകള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇതിന് പുറമേ ആപ്പുകള്‍ യഥാസമയം അപ്‌ഡേറ്റ് ചെയ്യുന്നതും ബാറ്ററി ചാര്‍ജ് കാര്യക്ഷമമായി ഉപയോഗിക്കാന്‍ സഹായകമാകും.

3, ഫോണിലെ ആവശ്യമില്ലാത്ത ഫീച്ചറുകള്‍ ഓഫ് ചെയ്ത് വെയ്ക്കുന്നതാണ് മറ്റൊരു പോംവഴി. ഉദാഹരണമെന്ന നിലയില്‍, ബ്ലൂ ടൂത്ത് സംവിധാനം ഉപയോഗിക്കുന്നത് വരെ ഇത് ഓഫ് ചെയ്ത് വെയ്ക്കുന്നതാണ് ഉത്തമം. ഇത് ഫോണിന്റെ ഡിസ്‌പ്ലേയില്‍ അനാവശ്യമായി ഫീച്ചറുകളുടെ സൂചകങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് ഒഴിവാക്കാന്‍ സഹായകമാകും. ഇത് കാഴ്ചയില്‍ അരോചകമുണ്ടാക്കുന്ന അവസ്ഥ മാറ്റിത്തരും.

4, ഡയല്‍ പാഡില്‍ അമര്‍ത്തുമ്പോള്‍ ശബ്ദം പുറത്തുവരുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നല്ലൊരുശതമാനം ആളുകളും. ഇത് ഫോണിന്റെ ബാറ്ററിയുടെ പവര്‍ വലിച്ചെടുക്കാന്‍ ഇടയാക്കുന്നു. ഓരോ സമയം ഡയല്‍ പാഡില്‍ അമര്‍ത്തുമ്പോഴും സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നതും , ലഘുവായ മോട്ടോര്‍ പ്രവര്‍ത്തിക്കുന്നതുമാണ് ഇതിന് കാരണം. അതിനാല്‍ ടച്ചിലെ വൈബ്രേഷനും ഡയല്‍പാഡ് ടോണും ഓഫ് ചെയ്തു വെയ്ക്കുന്നതാണ് ഉത്തമം.

5, തുടര്‍ച്ചയായി മെസേജുകളും നോട്ടിഫിക്കേഷനുകളും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതും ബാറ്ററി ഡൗണ്‍ ആകാന്‍ കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മെസേജുകളുടെ ഒപ്പം വരുന്ന വൈബ്രേഷനും എല്‍ഇഡി നോട്ടിഫിക്കേഷനും ബാറ്ററിയുടെ പവര്‍ വലിച്ചെടുക്കുമെന്നതാണ് വാസ്തവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com