കാസര്‍കോടും കണ്ണൂരും മാഹിയിലും പാചകവാതകം നേരിട്ട് വീടുകളിലേക്ക്; മറ്റു മലബാര്‍ ജില്ലകളില്‍ അടുത്ത ഘട്ടത്തില്‍ 

വീടുകള്‍ കടകള്‍, വ്യവസായ ശാലകള്‍ തുടങ്ങിയവയ്ക്ക് കുറഞ്ഞ ചെലവില്‍ പ്രകൃതിവാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വടക്കന്‍ ജില്ലകളില്‍ ഉടന്‍ ആരംഭിക്കും
കാസര്‍കോടും കണ്ണൂരും മാഹിയിലും പാചകവാതകം നേരിട്ട് വീടുകളിലേക്ക്; മറ്റു മലബാര്‍ ജില്ലകളില്‍ അടുത്ത ഘട്ടത്തില്‍ 

കൊച്ചി: സംസ്ഥാനത്തെ വടക്കന്‍ ജില്ലകളിലുളളവര്‍ക്ക് സന്തോഷ വാര്‍ത്ത. വീടുകള്‍ കടകള്‍, വ്യവസായ ശാലകള്‍ തുടങ്ങിയവയ്ക്ക് കുറഞ്ഞ ചെലവില്‍ പ്രകൃതിവാതകം ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വടക്കന്‍ ജില്ലകളില്‍ ഉടന്‍ ആരംഭിക്കും.കൊച്ചിയില്‍ പ്രകൃതിവാതകം വിതരണം ചെയ്യുന്ന ഐഒസി-അദാനി ഗ്യാസ് കമ്പനിയ്ക്ക് വടക്കന്‍ ജില്ലകളിലേക്കുളള സിറ്റി ഗ്യാസ് പദ്ധതിയുടെ ടെന്‍ഡര്‍ ലഭിച്ചു. 


പെട്രോളിയം ആന്‍ഡ് നാച്ച്യൂറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡാണ് ഐഒസി-അദാനി ഗ്യാസ് കമ്പനിയ്ക്ക് പദ്ധതിയുടെ നിര്‍മ്മാണ ചുമതല നല്‍കിയത്. കാസര്‍കോഡ്, കണ്ണൂര്‍, മാഹി എന്നി ജില്ലകളില്‍ പ്രകൃതിവാതകം വിതരണം ചെയ്യുന്നതിനുളള ടെന്‍ഡര്‍ നടപടികളാണ് പൂര്‍ത്തിയായത്. വയനാട്, മലപ്പുറ, പാലക്കാട്, തൃശൂര്‍ എന്നി ജില്ലകളിലേക്കുളള സിറ്റി ഗ്യാസ് പദ്ധതിയുടെ നിര്‍വഹണ ചുമതലയും ഐഒസി-അദാനി ഗ്യാസ് കമ്പനിയ്ക്ക് തന്നെ നല്‍കിയതായാണ് വിവരം. ഇതുസംബന്ധിച്ചുളള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവാന്‍ ഒരു മാസം സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കാന്‍ ഒന്‍പതുമാസത്തെ സമയം ലഭിക്കുമെന്ന് ഐഒസി-അദാനി ഗ്യാസ് കമ്പനി പറയുന്നു. ഏപ്രിലിലാണ് പെട്രോളിയം ആന്‍ഡ് നാച്ച്യൂറല്‍ ഗ്യാസ് റെഗുലേറ്ററി ബോര്‍ഡ് ടെന്‍ഡര്‍ ക്ഷണിച്ചത്. നിലവില്‍ കൊച്ചി കേന്ദ്രീകരിച്ച് 1000ത്തോളം കണക്ഷനുകള്‍ കമ്പനി നല്‍കിയിട്ടുണ്ട്.  ജില്ലകളില്‍ സര്‍വേ നടത്തി ആവശ്യമായ കണക്ഷനുകള്‍ തിട്ടപ്പെടുത്തുമെന്നും കമ്പനി അറിയിച്ചു.

വടക്കന്‍ മേഖലകളില്‍ സിറ്റി ഗ്യാസ് പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്നാണ് സംസ്ഥാന സര്‍്ക്കാരിന്റെ ആവശ്യം. കൊച്ചി മംഗലൂരു ഗ്യാസ് പൈപ്പന്‍ ലൈന്‍ പദ്ധതി ഡിസംബറില്‍ പൂര്‍ത്തിയാവുമെന്നാണ് കണക്കുകൂട്ടല്‍. 438 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പിടുന്ന പ്രവൃത്തികള്‍ പ്രമുഖ പൊതുമേഖല സ്ഥാപനമായ ഗെയിലാണ് നിര്‍വഹിക്കുന്നത്. സമാനമായ കാലയളവില്‍ തന്നെ സിറ്റി ഗ്യാസ് പദ്ധതിയും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ സൗകര്യപ്രദവും ചെലവു ചുരുക്കാന്‍ സഹായകവുമാകുമെന്നാണ് കണക്കുകൂട്ടല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com