ഓണത്തിന് ഒരു മുറം പച്ചക്കറി വെള്ളത്തിലായി, മറുനാടന് പൊള്ളും വില

അവശ്യസാധനങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതി ആവിഷ്‌കരിച്ചത്
ഓണത്തിന് ഒരു മുറം പച്ചക്കറി വെള്ളത്തിലായി, മറുനാടന് പൊള്ളും വില

 തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി വെള്ളത്തില്‍ മുങ്ങിയതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്കെത്തുന്ന പച്ചക്കറികള്‍ക്ക് പൊന്നും വില. പ്രളയക്കെടുതിയില്‍ നശിച്ച പച്ചക്കറിയുടെ കണക്ക് ഇതുവരെ വ്യക്തമായിട്ടില്ല. 

അവശ്യസാധനങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതി ആവിഷ്‌കരിച്ചത്. കെടുതിയില്‍ നശിച്ച പച്ചക്കറിയുടെ കണക്ക് എടുക്കാന്‍ കൃഷി മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം  ആവിഷ്‌കരിച്ച ഈ പദ്ധതി കൂടുതല്‍ വിപുലമാക്കുന്നതിന് വേണ്ടി 8.60 ലക്ഷം പച്ചക്കറി വിത്തുകളാണ് സൗജന്യമായി വിതരണം ചെയ്തത്. സ്‌കൂള്‍ തുറന്നപ്പോള്‍ വിദ്യാര്‍ഥികള്‍ക്കായി രണ്ട് കോടി പച്ചക്കറി വിത്തുകളും നല്‍കി. എന്നാല്‍ ഇടവപ്പാതി തകര്‍ത്തു പെയ്തതോടെ ചെടികള്‍ നശിച്ചു. 

കെടുതിയെ അതിജീവിച്ച് നിന്നവയില്‍ നിന്നും എത്രമാത്രം ഫലം ലഭിക്കുമെന്ന് വ്യക്തമല്ല. ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കൊല്ലം, കോട്ടയം എന്നീ ജില്ലകളിലാണ് കൃഷി നാശം കൂടുതലായുണ്ടായത്. കൃഷി നശിച്ചതിന്റെ കണക്ക് ലഭിച്ചതിന് ശേഷം വില നിയന്ത്രണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് കൃഷി മന്ത്രി വ്യക്തമാക്കി. 

എന്നാല്‍ ഓണത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പച്ചക്കറി വില സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. തക്കാളി, വെണ്ട, പടവലങ്ങ, പാവയ്ക്ക, ബീന്‍സ്, മുഴക്, കാരറ്റ് എന്നിവയുടെ എല്ലാം വിലയില്‍ വന്‍ വര്‍ധനവാണ് കാണുന്നത്. 

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ പച്ചക്കറിയുടെ ബുധനാഴ്ചത്തെ വില

തക്കാളി 40-50
വെണ്ട 50-60 
മുളക് 70-80
പയറ് 90
ബീന്‍സ് 60-70
സവാള 24-30
ഉരുളക്കിഴങ്ങ് 35-40
പാവയ്ക്ക 90
ഇഞ്ചി 100-110
ഏത്തയ്ക്ക 65-70
കാരറ്റ് 70-80
വെളുത്തുള്ളി 50-60
ചേന 40
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com