ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോളൂ, പൊലീസിനെ ഡ്രൈവിങ് ലൈസന്‍സ് ഇനി മൊബൈലില്‍ കാണിക്കാം

ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍, ഇന്‍ഷുറന്‍സ്, എന്നിവയെല്ലാം ഡിജിലോക്കറില്‍ സൂക്ഷിക്കാനാകും
ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌തോളൂ, പൊലീസിനെ ഡ്രൈവിങ് ലൈസന്‍സ് ഇനി മൊബൈലില്‍ കാണിക്കാം

ന്യൂഡല്‍ഹി; ഡ്രൈവിങ് ലൈസന്‍സ് കൈയില്‍ കൊണ്ടുനടന്ന് നഷ്ടപ്പെടുത്തുന്നവര്‍ നിരവധിയാണ്. പിന്നെ പുതിയ ലൈസന്‍സിന് അപേക്ഷിച്ച് കാത്തിരിക്കേണ്ടിവരും. എന്നാല്‍ ഇനി ഇത്തരം ബുദ്ധിമുട്ടുകളില്‍ പോയി ചാടേണ്ടിവരില്ല. പരിശോധനയ്ക്ക് എത്തുന്ന പൊലീസിനെ കാണിക്കാന്‍ മൊബൈലില്‍ ഡിജിറ്റല്‍ ഫോര്‍മാറ്റിലാക്കി കൊണ്ടുനടക്കുന്ന ഡ്രൈവിങ് ലൈസന്‍സുകളുടെ പകര്‍പ്പുകള്‍ മതി. ഡിജിലോക്കര്‍ എന്ന മൊബൈല്‍ ആപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്. 

ഡിജിലോക്കറിലെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ സ്വീകാര്യമാണെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിട്ടു. ഡിജിലോക്കറില്‍ സൂക്ഷിക്കുന്ന ഡിജിറ്റല്‍ പകര്‍പ്പുകള്‍ യഥാര്‍ത്ഥ രേഖകളായി പരിഗണിക്കണമെന്ന് ഐടി നിയമത്തില്‍ പറയുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും നിയമം ബാധകമായിരുന്നെങ്കിലും ഇത് ആദ്യഘട്ടത്തില്‍ അംഗീകരിച്ചത് ബിഹാറും മധ്യപ്രദേശും കര്‍ണാടകയും മാത്രമാണ്. ഇപ്പോള്‍ ഇത് അംഗീകരിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരിക്കുകയാണ്. 

ഡ്രൈവിങ് ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍ രേഖകള്‍, ഇന്‍ഷുറന്‍സ്, എന്നിവയെല്ലാം ഡിജിലോക്കറില്‍ സൂക്ഷിക്കാനാകും. ഇതിനായി ആദ്യം എംപരിവാഹന്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം. പിന്നീട് രേഖകള്‍ ആപ്പിലേക്ക് സേവ് ചെയ്യാം. പരിശോധനയ്ക്കായി പൊലീസോ മറ്റോ ചോദിച്ചാല്‍ അവരെ ആപ്പിന്റെ ക്യുആര്‍ കോഡ് കാട്ടിയാല്‍ മതി. ഇതില്‍ നിന്ന് വിവരങ്ങള്‍ എടുക്കാന്‍ പൊലീസിനാകും. ജനങ്ങള്‍ക്ക് എന്നപോലെ ഉദ്യോഗസ്ഥര്‍ക്കും ഇത് ഉപകാരപ്രദമാണ്. ഉടമകളെ വിളിച്ച് വരുത്താതെ തന്നെ വാഹനങ്ങളുടെ രേഖകള്‍ റദ്ദാക്കാന്‍ അധികൃതര്‍ക്ക് കഴിയും. സാരഥി ഡാറ്റാബേസില്‍ നിന്ന് ചെല്ലാനിലൂടെ ഇത് ചെയ്യാനാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com