രൂപ വീണ്ടും കൂപ്പുകുത്തി; ഡോളറിന് 70.07, പ്രവാസികള്‍ക്ക് നേട്ടം 

ഞായറാഴ്ച രാവിലെ ഒരു ദിര്‍ഹത്തിന് 18.83 രൂപയായിരുന്നുവെങ്കില്‍ തിങ്കളാഴ്ച ആയപ്പോള്‍ ദിര്‍ഹം ഒന്നിന് 19.06 രൂപ എന്ന നിരക്കിലേക്ക്‌ മാറി
രൂപ വീണ്ടും കൂപ്പുകുത്തി; ഡോളറിന് 70.07, പ്രവാസികള്‍ക്ക് നേട്ടം 

മുംബൈ :  വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവിലേക്ക്. ഡോളറിന് 70.07 രൂപ എന്നാണ് നിലവിലെ നിരക്ക്. 2013 സെപ്തംബറിന് ശേഷം ഇതാദ്യമായാണ് രൂപയുടെ വില ഇത്രയും താഴുന്നത്. വരും ദിവസങ്ങളിലും രൂപയുടെ വിലയിടിവ് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

രൂപയുടെ മൂല്യം കൂപ്പുകുത്തിയതോടെ വിദേശത്ത് നിന്നും ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിലും വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.  യുഎഇയില്‍ നിന്നുമാണ് ഏറ്റവുമധികം പണം ഈ ദിവസങ്ങളില്‍ എത്തിയതെന്നാണ് കണക്ക്. ഞായറാഴ്ച രാവിലെ ഒരു ദിര്‍ഹത്തിന് 18.83 രൂപയായിരുന്നുവെങ്കില്‍ തിങ്കളാഴ്ച ആയപ്പോള്‍ ദിര്‍ഹം ഒന്നിന് 19.06 രൂപ എന്ന നിരക്കിലേക്ക്‌  മാറി. ഓണ്‍ലൈന്‍ വഴി ട്രാന്‍സ്ഫര്‍ ചെയ്യുന്ന പണത്തിന് സര്‍വ്വീസ് ചാര്‍ജ് ഇല്ലാത്തതും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണമയക്കുന്നവര്‍ക്ക് പ്രയോജനം ചെയ്തിട്ടുണ്ട്.  സമീപകാലത്തെങ്ങും പ്രവാസികള്‍ക്ക് ഇത്രയും മികച്ച വിനിമയ നിരക്ക് ലഭ്യമായിട്ടേയില്ല.

തുര്‍ക്കി-യുഎസ് ബന്ധം വഷളായത് വികസിച്ചുകൊണ്ടിരിക്കുന്ന എല്ലാ രാജ്യങ്ങളെയും ബാധിച്ചതു പോലെ ഇന്ത്യന്‍ സമ്പദ്ഘടനയിലും പ്രതിഫലിക്കുന്നു എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളും കറന്‍സിയായ ലിറയുടെ മൂല്യം കുത്തനെ ഇടിയുന്നതിന് കാരണമായിരുന്നു. കഴിഞ്ഞ പതിനേഴ് വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ ലിറയ്ക്കുള്ളത്. 

നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യയ്ക്കാവുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണം ചെയ്യുന്ന സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലം ലഭിച്ചു തുടങ്ങുമെന്നുമാണ് ബാങ്കിംഗ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. 

രൂപയുടെ മൂല്യം റെക്കോര്‍ഡ് വേഗത്തിലിടിയുന്നു.ഡോളറിന് 69.93 രൂപ എന്നതാണ് നിലവിലെ മൂല്യം.  തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധിയാണ് ഇന്ത്യന്‍ രൂപയുടെ വിലയിടിവിന് കാരണമെന്നാണ് കരുതുന്നത്.തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദഗോന്റെ സാമ്പത്തിക പരിഷ്‌കരണങ്ങളും യുഎസുമായുള്ള ഉരസലുമാണ് ലിറയുടെ വിലയിടിവിന് കാരണമായി കണക്കാക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com