വെള്ളത്തില്‍ മുങ്ങിപ്പോയ വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് കിട്ടണമെങ്കില്‍ ഇതൊന്നു ശ്രദ്ധിക്കൂ...

എഞ്ചിനില്‍ വെള്ളം കയറിയ വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ്  പരിരക്ഷ ലഭിക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണ് എന്നാണ് കമ്പനികളുടെ നിയമം.
വെള്ളത്തില്‍ മുങ്ങിപ്പോയ വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് കിട്ടണമെങ്കില്‍ ഇതൊന്നു ശ്രദ്ധിക്കൂ...

 വെള്ളപ്പൊക്കത്തില്‍ മുങ്ങിപ്പോയതിനാല്‍ ഉപയോഗിക്കാനാവാത്ത വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കണമെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ക്ലെയിം സമര്‍പ്പിക്കണമെന്ന് റിപ്പോര്‍ട്ട്. ചെന്നൈയില്‍ പ്രളയമുണ്ടായ സമയത്ത് ഇന്‍ഷൂറന്‍സ് ക്ലെയിം വൈകി സമര്‍പ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി പലര്‍ക്കും ക്ലെയിം നിഷേധിക്കപ്പെട്ടിരുന്നു. 

എഞ്ചിനില്‍ വെള്ളം കയറിയ വാഹനങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ്  പരിരക്ഷ ലഭിക്കുന്നതിനുള്ള സാധ്യതകള്‍ കുറവാണ് എന്നാണ് കമ്പനികളുടെ നിയമം. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇതില്‍ മാറ്റം വരുത്തുമോ എന്നത് സംബന്ധിച്ച് ഇതുവരേക്കും അറിയിപ്പുകള്‍ വന്നിട്ടില്ല. അതേസമയം മണ്ണിടിഞ്ഞും, മരം മറിഞ്ഞു വീണും വാഹനങ്ങള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോള്‍ ഇത്തരത്തില്‍ അപകടം സംഭവിച്ചാലും ഇന്‍ഷൂറന്‍സ് ക്ലെയിം ചെയ്യാന്‍ സാധിക്കും.

ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പാക്കേണ്ടത് ഇങ്ങനെ..

 ഇന്റിമേഷന്‍ ലെറ്റര്‍ ഇന്‍ഷൂറന്‍സ് ഓഫീസുകളില്‍ ലഭ്യമാണ്. അവിടെ നിന്നും വാങ്ങി പൂരിപ്പിച്ച് നല്‍കുക. അപ്പോള്‍ ലഭിക്കുന്ന ക്ലെയിം ഫോം,  ആര്‍സി ബുക്കിന്റെ പകര്‍പ്പിനൊപ്പം ഇന്‍ഷൂറന്‍സ് കോപ്പിയും ചേര്‍ന്ന് വാഹനം അംഗീകൃത സര്‍വ്വീസ് സെന്ററില്‍ എത്തിക്കണം.

ക്ലെയിം ഫോമില്‍ വാഹനം പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ആവശ്യമായി വരുന്ന തുക സര്‍വ്വീസ് സെന്റര്‍ കണക്കുകൂട്ടി ഫോം ഇന്‍ഷൂറന്‍സ് ഓഫീസില്‍ നല്‍കുന്നതാണ്. ഇതിന് ശേഷം മാത്രമേ ഇന്‍ഷൂറന്‍സ് ഓഫീസില്‍ നിന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ എത്തി വാഹനപരിശോധന നടത്തുകയുള്ളൂ.

പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ വിലയിരുത്തലിന് ശേഷം നിര്‍ദ്ദേശിക്കുന്ന തുകയാണ് ഇതിനായി അനുവദിക്കുക.


വെള്ളക്കെട്ടില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് പ്രവര്‍ത്തിക്കാതെ ഇരിക്കുന്ന വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കരുതെന്നും വര്‍ക് ഷോപ്പിലെത്തിക്കുകയാണ് അടിയന്തരമായി ചെയ്യേണ്ടതെന്നും ഓട്ടോ മൊബൈല്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com